മാനത്ത് നോക്കുമ്പോൾ

വതരണം കാണാം

ആമുഖ അവതരണം കേൾക്കാം

പ്രിയമുള്ളവരെ 

ലൂക്ക നടത്തുന്ന ജ്യോതിശാസ്ത്ര കോഴ്സിന്റെ ഒന്നാമത്തെ കൂടിച്ചേരലാണ് ഇപ്പോൾ നമ്മൾ നടത്തുന്നത്. ആകാശം അതിമനോഹരമായ ഒരു കാഴ്ചയാണ് എന്ന് നമുക്ക് അറിയാം. പ്രാചീന കാലം മുതൽ മനുഷ്യർ ആകാശം നോക്കിയിരുന്നു. അത് എന്തിനായിരുന്നു എന്ന് അറിയുക, അതിന്റെ ചരിത്രം മനസ്സിലാക്കുക, ഇന്ന് ജ്യോതിശാസ്ത്രം എത്തിച്ചേർന്നിരിക്കുന്ന സ്ഥിതി തിരിച്ചറിയുക ഇതൊക്കെയാണ് നമ്മുടെ കോഴ്സിന്റെ ഉദ്ദേശ്യം. 

ഏതാണ്ട് 5000 വർഷം പഴക്കമുള്ള ഒരു ശാസ്ത്രമാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജ്യോതിശാസ്ത്രം. ഇന്ത്യ, ബാബിലോണിയ, ചൈന പോലെയുള്ള രാജ്യങ്ങൾ ആയിരുന്നു അതിന്റെ മുൻപന്തിയിൽ. ഇന്നിപ്പോൾ ജ്യോതിശാസ്ത്രം നമുക്ക് നിത്യജീവിതത്തിൽ ആവശ്യമുള്ള ഒരു കാര്യമല്ലെങ്കിലും പ്രാചീനകാലത്ത് എല്ലാ സമൂഹങ്ങൾക്കും ജീവിതത്തിൽ ജ്യോതിശാസ്ത്രം വളരെ പ്രധാനമായിരുന്നു. 

അതിൽ ഏറ്റവും ലളിതമായ ഒരു ഉപയോഗം സമയം അറിയുക എന്നുള്ളതാണ്. രാത്രിയിലെ സമയം അറിയണമെങ്കിൽ പണ്ട് കാലത്ത് നക്ഷത്രം വേണ്ടിയിരുന്നു. കാരണം, അന്ന് ക്ലോക്ക് ഒന്നുമില്ല. ഒരു നക്ഷത്രം ഉദിച്ചാൽ നാല് ഡിഗ്രി വെച്ച് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങി പോകും എന്ന് ഇന്ന് നമുക്ക് അറിയാം. പണ്ടേ അത് മനസ്സിലാക്കിയിരുന്നു. നമുക്ക് രാത്രി മുഴുവൻ സമയമറിയാൻ സന്ധ്യയ്ക്ക് കിഴക്ക് ഉദിക്കുന്ന ഒരു നക്ഷത്രം മതി. അത് 12 മണിക്കൂർ കഴിയുമ്പോൾ പടിഞ്ഞാറ് പോയി അസ്തമിക്കും. പണ്ടുകാലത്ത് പുരോഹിതന്മാർക്കായിരുന്നു ഇങ്ങനെ സമയം അറിയാനുള്ളതിന്റെ ആവശ്യം. കാരണം, പൂജകളും മറ്റു കർമ്മങ്ങളും നടത്താൻ സമയം അറിയേണ്ടിയിരുന്നു. 

ഇത് കൂടാതെ വ്യാപാരി സമൂഹത്തിനും നക്ഷത്രം ആവശ്യമായി വന്നു. മനുഷ്യ സമൂഹം ഉത്പാദനത്തിൽ ഒക്കെ വികാസം പ്രാപിച്ചപ്പോൾ പല സമൂഹങ്ങൾ തമ്മിലുള്ള കൊള്ളക്കൊടുക്കലുകൾ ആവശ്യമായി വന്നു. അതിന് സഞ്ചരിക്കണം. റോഡ് ഇല്ലാത്ത കാലത്ത് ദൂരദേശത്തേക്ക് സഞ്ചരിക്കണമെങ്കിൽ ഭൂമിയിൽ അടയാളങ്ങൾ ഒന്നുമില്ല, ആകാശത്താണ് അടയാളങ്ങൾ കാണുക. ധ്രുവനക്ഷത്രത്തെ കണ്ടാൽ വടക്ക് എവിടെയാണെന്ന് കിട്ടും. അപ്പോൾ ഏതു ദിക്കിലേക്കാണ് നമുക്ക് പോകേണ്ടത് ആ ദിക്കിലേക്ക് യാത്ര തിരിക്കാൻ പറ്റും. തെക്ക് ഭാഗത്താണെങ്കിൽ തെക്കൻ കുരിശ് എന്നറിയപ്പെടുന്ന, നമ്മൾ ത്രിശങ്കു എന്ന് വിളിക്കുന്ന നക്ഷത്രഗണമുണ്ട് അതിനെ നോക്കിയാലും ദിക്കു കിട്ടും. 

ഇങ്ങനെ സമയം അറിയാനും ദിക്കറിയാനും വേണ്ടി തുടങ്ങിയ ശാസ്ത്രമാണ് ജ്യോതിശ്ശാസ്ത്രം. പിന്നീട് അതിന് വേറെയും പല ഉപയോഗങ്ങളും കണ്ടെത്തുകയുണ്ടായി. ദീർഘകാല ഗണനയ്ക്കുള്ള കലണ്ടർ സിസ്റ്റം അതിൽ നിന്നും വികസിപ്പിച്ചെടുക്കുകയുണ്ടായി. അതേപോലെതന്നെ കാലാവസ്ഥ മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ, ഞാറ്റുവേല പോലെയുള്ള ആശയങ്ങളും അതിൽ നിന്ന് വന്നു. അതൊക്കെ നമ്മൾ പിന്നീട് ചർച്ച ചെയ്യും. 

നമുക്ക് ഈ നവംബർ മുതൽ അടുത്ത അഞ്ചുമാസം വാനനിരീക്ഷണത്തിന് പറ്റിയ കാലമാണ്. ആകാശം തെളിഞ്ഞു കിട്ടും. താല്പര്യമുള്ളവർക്ക് നക്ഷത്ര നിരീക്ഷണം നടത്താൻ പറ്റിയ കാലമാണ് ഇത്. എങ്ങനെയുള്ള സ്ഥലത്തുനിന്നാണ് വാനനിരീക്ഷണം നടത്താൻ പറ്റുക. സ്വാഭാവികമായിട്ടും നല്ല ഇരുട്ടുള്ള സ്ഥലമായിരിക്കണം. അല്പം ഉയരത്തിലുള്ള സ്ഥലമാണെങ്കിൽ നമുക്ക് ആകാശം മുഴുവൻ കാണാൻ പറ്റും. അതായത് ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ ഒരു കുന്ന് തെരഞ്ഞെടുത്താൽ നമുക്ക് വാനനിരീക്ഷണം വളരെ എളുപ്പമാകും. ചുറ്റുപാടും വെളിച്ചമില്ലാത്ത ഏത് പ്രദേശത്തു നിന്നും നമുക്ക് വാണിനിരീക്ഷണം നടത്താം. എന്തൊക്കെയാണ് നമ്മൾ ആകാശത്ത് കാണുക? ഏത് സമയമാണ് നമുക്ക് വാന നിരീക്ഷണത്തിന് പറ്റിയത് ? എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കണം. എപ്പോഴാണ് നക്ഷത്രങ്ങളെ നോക്കുക എന്ന് ചോദിച്ചാൽ സ്വാഭാവികമായിട്ടും നമ്മുടെ മനസ്സിൽ വരുന്നത് സൂര്യൻ അസ്തമിച്ച ശേഷം എന്നാവും. പക്ഷേ സൂര്യൻ അസ്തമിച്ച ശേഷം കുറേ  സമയം ആകാശത്ത് വെളിച്ചം ഉണ്ടാകും. സൂര്യൻറെ പ്രകാശം വായുവിൽ തട്ടി ചിതറി നമ്മുടെ കണ്ണുകളിൽ എത്തും. സൂര്യൻ ചക്രവാളത്തിൽ നിന്നും  6 ഡിഗ്രി താഴാനെടുക്കുന്ന 24 മിനിറ്റ് സമയം – അതിനെയാണ് നമ്മൾ Civil Twilight അല്ലെങ്കിൽ സമൂഹസന്ധ്യ എന്ന്  വിളിക്കുന്നത്. ഒരു നക്ഷത്രത്തെയും നമ്മൾ അപ്പോൾ കാണില്ല. അതുകഴിഞ്ഞ് വീണ്ടും ഒരു 24 മിനിറ്റ് – 6 ഡിഗ്രി കൂടി സൂര്യൻ താഴുന്നത് വരെ ഉള്ള സന്ധ്യാ സമയത്ത് ഏറ്റവും ശോഭയുള്ള നക്ഷത്രങ്ങൾ മാത്രമേ തെളിഞ്ഞു വരികയുള്ളൂ. അതിനെ സാധാരണ Nautical Twilight എന്നാണ് പറയുക. കപ്പിത്താൻമാരുടെ സന്ധ്യ എന്ന് വിളിക്കാം. വീണ്ടും ഒരു 6 ഡിഗ്രി താഴുന്ന സമയമാണ് Astronomical Twilight അല്ലെങ്കിൽ ജ്യോതിശ്ശാസ്ത്ര സന്ധ്യ. ആ സമയത്ത് നക്ഷത്രങ്ങൾ തെളിഞ്ഞുവരും പക്ഷേ ഏറ്റവും മങ്ങിയ നക്ഷത്രങ്ങൾ തെളിയണമെങ്കിൽ അതുകൂടി കഴിയണം. അതായത് മൂന്ന് സന്ധ്യകൾ – ഏതാണ്ട് 72 മിനിറ്റ് കഴിഞ്ഞാൽ മാത്രമേ ആകാശം മങ്ങിയ നക്ഷത്രങ്ങൾ കൂടി കാണാൻ പാകത്തിൽ തെളിഞ്ഞു വരുകയുള്ളൂ. ഇതിന് അർത്ഥം സൂര്യന്റെ ഒരുവശത്ത് സൂര്യൻ അസ്തമിച്ചതിനു ശേഷം ഏകദേശം 18 ഡിഗ്രിയോളം ആകാശഭാഗം നമുക്ക് ദൃശ്യമാകില്ല എന്നാണ്. പ്രഭാതത്തിലും സൂര്യൻ ചക്രവാളത്തിന്റെ ഏതാണ്ട് 18 ഡിഗ്രി താഴെ എത്തുമ്പോഴേക്കും കുറച്ച് വെളിച്ചം വീശി തുടങ്ങും. മങ്ങിയ നക്ഷത്രങ്ങൾ ഒക്കെ കൂടുതൽ മങ്ങും ,കാണാതാവും. വീണ്ടും 6 ഡിഗ്രി ഉയർന്നു കഴിയുമ്പോഴേക്കും വളരെ തെളിച്ചമുള്ള നക്ഷത്രങ്ങൾ മാത്രം കാണാൻ പറ്റും. ഈ 18 ഡിഗ്രി ഉയർന്ന് സൂര്യൻ ചക്രവാളത്തിൽ എത്തുന്നത് വരെയുള്ള സമയവും നമുക്ക് നക്ഷത്രങ്ങളെ കാണാൻ പറ്റിയ സമയമല്ല.  

ചുരുക്കത്തിൽ സൂര്യൻറെ ഇരുവശത്തും 18 ഡിഗ്രിയോളം ആകാശഭാഗം നമുക്ക് ദൃശ്യമാകില്ല. അതിനർത്ഥം അവ ഒരിക്കലും ദൃശ്യമാകില്ല എന്നല്ല; നമുക്ക് അറിയാം, സൂര്യൻ സ്ഥാനം മാറിക്കൊണ്ടിരിക്കും, ഭൂമി സൂര്യനെ ചുറ്റുന്നത് കൊണ്ട് സൂര്യനെ നമ്മൾ കാണുന്ന ആകാശ ഭാഗം എപ്പോഴും മാറിക്കൊണ്ടിരിക്കും. ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി വെച്ച്. അതുകൊണ്ട് ഒരു മാസം കഴിയുമ്പോൾ , ഇപ്പോൾ നമുക്ക് അദൃശ്യമായിട്ടുള്ള നക്ഷത്രങ്ങൾ നമുക്ക് ദൃശ്യമാകും. അപ്പോൾ പുതിയ നക്ഷത്രങ്ങൾ അദൃശ്യമാകും. ഒരു മാസം രാത്രി മുഴുവൻ ഇരുന്നാൽ  ആകാശത്തുള്ള വെറും കണ്ണുകൊണ്ട് കാണാൻ കഴിയുന്ന മുഴുവൻ നക്ഷത്രങ്ങളെയും നമുക്ക് കാണാൻ കഴിയും.ടെലിസ്കോപ്പ് ഉണ്ടെങ്കിൽ നക്ഷത്രങ്ങളെ കൂടാതെ പല വസ്തുക്കളെയും നമുക്ക് കാണാം.

ഇപ്പോൾ നമ്മൾ സന്ധ്യയൊക്കെ കഴിഞ്ഞ് പൂർണ്ണമായും ഇരുട്ടിൽ നക്ഷത്ര നിരീക്ഷണം നടത്തുകയാണ്. എന്തൊക്കെ നമുക്ക് ആകാശത്ത് കാണാൻ കഴിയും ? ഒരു സമയത്ത് ഒരു 3000 മുതൽ 3500 വരെ നക്ഷത്രങ്ങളെ കാണാൻ കഴിയും എന്നാണ് കണക്കാക്കുന്നത്. എല്ലാകാലത്തും ഒരുപോലെയാവില്ല , വ്യത്യാസമുണ്ടാകും. രാത്രി മുഴുവൻ നോക്കി ഇരുന്നാൽ പടിഞ്ഞാറ് നക്ഷത്രങ്ങൾ അസ്തമിച്ചു കൊണ്ടിരിക്കും,  കിഴക്ക് പുതിയത് ഉദിച്ചുകൊണ്ടിരിക്കും. എല്ലാം ചേർന്ന് 7000 നക്ഷത്രങ്ങളെ വരെ കാണാൻ കഴിയും എന്നാണ് പ്രതീക്ഷ. ഇങ്ങനെ കാണുന്ന നക്ഷത്രങ്ങൾ പല നിറമുള്ളവയാവും ,പല ശോഭയുള്ളവയാകും. കടുത്ത നീല നിറമുള്ള റീഗൽ പോലുള്ള നക്ഷത്രങ്ങൾ ഉണ്ട്. അതുപോലെ തന്നെ വെള്ള നിറമുള്ള സിറിയസ് പോലുള്ള നക്ഷത്രങ്ങളുണ്ട്. സൂര്യനെ പോലെയുള്ള മഞ്ഞ നക്ഷത്രങ്ങൾ ഉണ്ട്. അതുപോലെ തന്നെ തിരുവാതിര, തൃക്കേട്ട പോലെയുള്ള ചുവപ്പു ഭീമന്മാരും ആകാശത്ത് ഉണ്ട്. എന്തുകൊണ്ടാണ് നിറവ്യത്യാസം വരുന്നത് എന്ന് നമുക്കറിയാം. ഒരു നക്ഷത്രത്തിന്റെ ഉപരിതലത്തിലെ ചൂടാണ് അല്ലെങ്കിൽ താപനിലയാണ് അതിന്റെ നിറം നിശ്ചയിക്കുന്നത്. താപം മാറാൻ കാരണം നക്ഷത്രങ്ങളുടെ ജ്വലന നിരക്കാണ്. വളരെ  മാസ് കൂടിയ നക്ഷത്രങ്ങൾ അതിവേഗം ജ്വലിക്കും. വളരെ കൂടുതൽ ഊർജ്ജം പുറത്തുവിടും. പ്രധാനമായിട്ടും അവ നീലയോട് ചേർന്ന നിറമായിരിക്കും പുറത്ത് വിടുക. അതിനാൽ നീല നിറമുള്ള നക്ഷത്രങ്ങളെല്ലാം അതിശോഭയുള്ള നക്ഷത്രങ്ങളാണ്. അതുപോലെ വെള്ള നക്ഷത്രങ്ങൾക്ക് ഏതാണ്ട് ഇരുപതിനായിരം ഡിഗ്രിയിൽ താഴെ ഉപരിതല താപനില ആയിരിക്കും. സൂര്യനെ പോലെയുള്ള മഞ്ഞ നക്ഷത്രങ്ങൾ 5000 മുതൽ 7000 വരെ ഡിഗ്രി താപനിലയുള്ള നക്ഷത്രങ്ങൾ ആണ്. ചുവപ്പു ഭീമന്മാരായി കാണുന്ന നക്ഷത്രങ്ങൾ നശിക്കാറായവയാണ് കൂടുതലും. നക്ഷത്രങ്ങളെല്ലാം തന്നെ അവയുടെ അന്ത്യദശയിൽ ചുവപ്പു ഭീമന്മാരായി വീർത്തു വരും. ഒടുവിൽ അവ പൊട്ടിത്തെറിച്ചോ മറ്റേതെങ്കിലും വിധേനയോ നശിച്ചു പോകുകയും ചെയ്യും. അങ്ങനെ നശിക്കുന്നതിനു മുമ്പുള്ള അവസ്ഥയാണ് ചുവപ്പുഭീമൻ. തിരുവാതിരയും തൃക്കേട്ടയുമൊക്കെ ആ വിഭാഗത്തിൽപ്പെട്ട നക്ഷത്രങ്ങളാണ്. അവയ്ക്ക് താപനില കുറവായിരിക്കും, 4000 ഡിഗ്രിയിൽ ചുവടെ ആയിരിക്കും ചൂട്. താപനിലയും ഭാരവും അനുസരിച്ച് നക്ഷത്രങ്ങളുടെ ശോഭാ വ്യതിയാനം മനസ്സിലാക്കാൻ കഴിയും. ഇത് കൂടാതെ നക്ഷത്രങ്ങളുടെ ശോഭ തീരുമാനിക്കുന്നതിൽ അവയുടെ വലിപ്പവും പ്രധാനമാണ്. നേരത്തെ പറഞ്ഞതുപോലെ തിരുവാതിര നക്ഷത്രം ചുവപ്പ് ഭീമനാണ്. സൂര്യൻറെ അനേകലക്ഷം ഇരട്ടി വലിപ്പമുണ്ട് അതിന്. പക്ഷേ അതിനൊത്ത മാസില്ല. അവ അങ്ങനെ വീർത്തിരിക്കുകയാണ്. അതിനാൽ ഉപരിതല വിസ്തൃതി വളരെ കൂടുതലായിരിക്കും. ഉപരിതല വിസ്തൃതി കൂടുതൽ ആയത് കാരണം അവിടുന്ന് പുറത്തേക്ക് വരുന്ന മൊത്തം ഊർജത്തിന്റെ അളവ് കൂടുതലായിരിക്കും. അതുകൊണ്ട് അവ കൂടുതൽ ശോഭയോടെ കാണപ്പെടും. നക്ഷത്രങ്ങളുടെ ശോഭ നിർണയിക്കുന്നതിൽ ഇതിലൊക്കെ പ്രധാനം ദൂരമാണ്. വളരെ ദൂരെ കാണുന്ന നക്ഷത്രങ്ങൾ മങ്ങി കാണപ്പെടും. അടുത്തുള്ള നക്ഷത്രങ്ങൾ ശോഭയോടെ കാണപ്പെടും. ഉദാഹരണത്തിന് സിറിയസ്. നമ്മൾ ആകാശത്തു കാണുന്ന ഏറ്റവും ശോഭയുള്ള നക്ഷത്രമാണ് സിറിയസ്. 

പക്ഷേ സിറിയസിൽ നിന്ന് പ്രകാശം ഭൂമിയിൽ എത്താൻ 8.6 വർഷം മതി. 8.6 പ്രകാശവർഷം അകലെയാണ് ആ നക്ഷത്രം. അതേസമയത്ത് റീഗൽ നക്ഷത്രം ഏതാണ്ട് 830 പ്രകാശവർഷം അകലെയാണ്. സിറിയസിനേക്കാൾ ഏതാണ്ട് 100 ഇരട്ടിയി ദൂരം വരുമത്. അതുകൊണ്ട് അതിന്റെ പ്രകാശം അത് സിറിയസിന്റെ അതേ അകലത്തിൽ ആയിരുന്നെങ്കിൽ എത്ര ആയിരിക്കുമോ  അതിന്റെ പതിനായിരത്തിൽ ഒരു അംശം മാത്രമേ  നമ്മൾ കാണൂ. ദൂരം കൂടുന്നതിനനുസരിച്ച് വളരെ വേഗത്തിൽ പ്രകാശം കുറയും. ദൂരത്തിന്റെ സ്ക്വയർ അനുസരിച്ച് പ്രകാശം കുറയും. അതുകൊണ്ട് ദൂരത്തുള്ള നക്ഷത്രങ്ങൾ മങ്ങിയായിരിക്കും കാണുക. 

     നക്ഷത്രങ്ങളെ കൂടാതെ നമ്മൾ ആകാശത്ത് കാണുന്ന വേറെ വസ്തുക്കളിൽ പ്രധാനമായിട്ടും ഗ്രഹങ്ങൾ ആണുള്ളത്. നമുക്കറിയാം സൂര്യനെ ചുറ്റുന്ന എട്ടു ഗ്രഹങ്ങളാണുള്ളത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ- ഇതുകൂടാതെ ശുക്രനു ശേഷം ഭൂമിയും ഉണ്ട്. അങ്ങനെ 8 ഗ്രഹങ്ങളിൽ ഒടുവിലത്തെ രണ്ടെണ്ണം നമുക്ക് കാണാൻ കഴിയില്ല. യുറാനസും നെപ്ട്യൂണും. ആദ്യത്തെ നാലെണ്ണം ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ ഈ നാല് ഗ്രഹങ്ങൾ Terrestrial planets അല്ലെങ്കിൽ ഭൗമ ഗ്രഹങ്ങൾ എന്നാണ് അറിയപ്പെടുന്നത്. അതിന് കാരണം, അവയുടെ ഉപരിതലത്തിൽ പാറയുണ്ട്. അവയുടെ വായു മണ്ഡലത്തിൽ വാതകങ്ങളുടെ അളവ് താരതമ്യേന കുറവാണ്. അങ്ങനെ ഉറച്ച പാറയുള്ള  ഭൂമിയെ പോലെയുള്ള ഗ്രഹങ്ങൾ എന്ന അർത്ഥത്തിലാണ് ഭൗമ ഗ്രഹങ്ങൾ എന്ന് അവയെ വിളിക്കുക. രണ്ടെണ്ണം ഭൂമിക്കും സൂര്യനും ഇടയ്ക്ക് ആയതുകൊണ്ട് സൂര്യൻറെ വളരെ അടുത്തായിരിക്കും അവ. നമുക്ക് കാണാൻ കഴിയുക ഒന്നുകിൽ സന്ധ്യയ്ക്ക് അല്ലെങ്കിൽ രാവിലെയാണ്. ബുധൻ സൂര്യൻ അസ്തമിച്ചു കഴിഞ്ഞ് ഒന്നരമണിക്കൂർ വരെ ചില കാലത്ത് കാണാൻ പറ്റും. ചില കാലത്ത് രാവിലെ ആയിരിക്കും കാണാൻ പറ്റുക അതും ഏതാണ്ട് ഒന്നരമണിക്കൂർ തന്നെ.ശുക്രനെ ഏതാണ്ട് മൂന്ന് മണിക്കൂർ വരെ നമുക്ക് കാണാൻ കഴിയും. സൂര്യാസ്തമയത്തിനു ശേഷമോ അല്ലെങ്കിൽ ഉദയത്തിനു മുമ്പോ. വ്യാഴം, യുറാനസ്, നെപ്ട്യൂൺ, എന്നിവ വാതക ഗോളങ്ങളാണ്. വളരെ ഭീമാകാരങ്ങളാണവ. ഭൂമിയുടെ 1300 ഇരട്ടിയുണ്ട് വ്യാഴം.അതുപോലെ ശനി ഭൂമിയുടെ ആയിരം ഇരട്ടി ഉണ്ട്. വ്യാഴം നഗ്നദൃഷ്ടികൊണ്ട് നമുക്ക് വളരെ ഭംഗിയായിട്ട്  നല്ല തിളക്കത്തോടെ കാണാൻ കഴിയും. ടെലസ്കോപ്പിലൂടെ നോക്കുകയാണെങ്കിൽ അതിലെ വാതക ചുഴികൾ സൃഷ്ടിച്ച ഒരു ചുവന്ന പൊട്ട് കാണാം. അതേപോലെതന്നെ വാതകത്തിന്റെ ചുഴികളും കൊടുങ്കാറ്റ് പോലെ വീശുന്ന മേഖലകളും എല്ലാം തന്നെ സ്ട്രിപ്പുകൾ ആയിട്ട് നമുക്ക് ടെലസ്കോപ്പിലൂടെ കാണാൻ കഴിയും. മനോഹരമായ കാഴ്ചയാണ് വ്യാഴം. വ്യാഴത്തിന്റെ 4 ഉപഗ്രഹങ്ങളെയും ഒരു സാധാരണ  ടെലസ്കോപ്പ് വഴി നമുക്ക് കാണാൻ കഴിയും. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹങ്ങളിൽ ഒന്നാണ് വ്യാഴം, വ്യാഴത്തേക്കാൾ കൂടുതൽ ശനിക്കാണ്. ശനിയും ഭൂമിയുടെ 1000 ഇരട്ടിയുള്ള ഒരു വലിയ വാതക ഭീമനാണ്. ഹൈഡ്രജനും ഹീലിയവും ഒക്കെയാണ് വാതകങ്ങളിൽ ഏറ്റവും കൂടുതൽ ഉണ്ടാവുക എന്ന് നമുക്കറിയാം. ശനിക്ക് 80ലധികം  ഉപഗ്രഹങ്ങൾ ഉള്ളതായി നമുക്കിന്ന് അറിയാം. ശനിയിലെ ഏറ്റവും മനോഹരമായ  ദൃശ്യം എന്ന് പറയുന്നത് ശനിക്ക് ചുറ്റുമുള്ള വലയങ്ങളാണ്.  യുറാനസിനും നെപ്ട്യൂണിനും ഒക്കെ അതുപോലെതന്നെ വലയം ഉണ്ടെങ്കിലും ശനിയുടെ വലയമാണ് കൂടുതൽ ദൃശ്യമായിട്ടുള്ളത്. 

അങ്ങനെ ആകാശത്ത് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും കാണുന്നുണ്ട്. പക്ഷേ, എങ്ങനെയാണ് നമ്മൾ അവയെ തിരിച്ചറിയുക. 5 ഗ്രഹങ്ങളാണ് നമുക്ക് വെറും കണ്ണുകൊണ്ട് കാണാൻ കഴിയുന്നത്. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി. ഇവയെ  നക്ഷത്രങ്ങളിൽ നിന്ന് എങ്ങനെ തിരിച്ചറിയും. നക്ഷത്രങ്ങളുടെ പ്രത്യേകത അവ മിന്നി മിന്നി കളിക്കും,  ഗ്രഹങ്ങൾ ഒരേ ശോഭയോടെയാണ് നിൽക്കുക എന്നതാണ്. ഇത് അവയെ തിരിച്ചറിയാനുള്ള ഒരു എളുപ്പ മാർഗ്ഗമാണ്. എന്തുകൊണ്ടാണ് നക്ഷത്രങ്ങൾ മിന്നുന്നത് എന്ന് നമുക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. നക്ഷത്രങ്ങൾ വളരെ വളരെ ദൂരത്ത് പ്രകാശവർഷങ്ങൾ അകലെയാണ്. അവയിൽ നിന്ന് വരുന്ന പ്രകാശം ഒരു നേർത്ത ബീമായിട്ടാണ് കണ്ണിലെത്തുക. ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ അന്തരീക്ഷത്തിലെ ചെറിയ വ്യതിയാനങ്ങൾ – സാന്ദ്രതയിലുള്ള വ്യതിയാനം, കാറ്റടിക്കുമ്പോഴൊക്കെ തന്നെ ഉള്ള വ്യതിയാനങ്ങൾ കാരണം അവയുടെ പാതയിൽ നേരിയ വ്യത്യാസം ഉണ്ടാകും. കണ്ണിൽ അവ വീഴുന്ന സ്ഥാനം ചാഞ്ചാടും. ഈ ചാഞ്ചാട്ടത്തിനനുസരിച്ച് നമ്മുടെ കണ്ണും ചാഞ്ചാടും.  കണ്ണുകളുടെ ഈ ചാഞ്ചാട്ടമാണ് നക്ഷത്രങ്ങളുടെ മിന്നൽ ആയിട്ട് നമുക്ക് അനുഭവപ്പെടുക. ശരിക്കും നക്ഷത്രങ്ങളുടെ മിന്നൽ അല്ല , നമ്മുടെ അന്തരീക്ഷത്തിലെ  വ്യതിയാനമാണ് അതിന്റെ മിന്നുന്നതിനു കാരണം എന്ന് അർത്ഥം. അതേസമയത്ത് ഗ്രഹങ്ങളുടെ ഡിസ്ക് , അവ അടുത്തായതുകൊണ്ട് താരതമ്യേന വലുതാണ്. അവയിൽനിന്ന് നമ്മുടെ കണ്ണിൽ എത്തുന്ന പ്രകാശ ബീമിന്റെ വിസ്തൃതിയും കൂടുതലാണ്. അതുകൊണ്ട് അന്തരീക്ഷത്തിൽ ഉണ്ടാകുന്ന വ്യതിയാനം ഈ ബീമിൽ ഉണ്ടാക്കുന്ന മാറ്റം നമ്മുടെ കണ്ണിൽ കാര്യമായി അനുഭവപ്പെടില്ല. അതുകൊണ്ട് ഗ്രഹങ്ങൾ നിന്നു പ്രകാശിക്കുന്നതായിട്ട് നമുക്ക് അനുഭവപ്പെടും. ഇതാണ് നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും തിരിച്ചറിയാനുള്ള എളുപ്പ മാർഗ്ഗമെങ്കിലും ഇത് കൃത്യതയുള്ള ഒരു മാർഗ്ഗമാണെന്ന് പറയാൻ പറ്റില്ല. കാരണം തലയ്ക്കു മുകളിൽ ആയിരിക്കുമ്പോൾ നക്ഷത്രങ്ങളും മിന്നില്ല. അത് ചിലപ്പോൾ ഗ്രഹങ്ങൾ ആയിട്ട് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. അതേപോലെതന്നെ ചക്രവാളത്തിൽ ആയിരിക്കുമ്പോൾ ശനി പോലുള്ള ഗ്രഹങ്ങൾ മിന്നുന്നതായിട്ടും കാണാം. കാരണം കൂടുതൽ ദൂരം അതിന്റെ പ്രകാശം അന്തരീക്ഷത്തിലൂടെ കടന്നുവരേണ്ടി വരുന്നു . അതുകൊണ്ടുതന്നെ കുറച്ചുകൂടി കൃത്യതയുള്ള മാർഗ്ഗം എന്ന് പറയുന്നത് ഗ്രഹങ്ങളുടെ സ്ഥാനചലനം നിരീക്ഷിക്കുകയാണ്. നക്ഷത്ര മണ്ഡലത്തിലൂടെ ഗ്രഹങ്ങളുടെ സ്ഥാനം മാറിക്കൊണ്ടിരിക്കും. ബുധൻ, ശുക്രൻ  പോലുള്ള ഗ്രഹങ്ങളുടെ സ്ഥാനം വളരെ വേഗം മാറും. അതുപോലെ ശനി, വ്യാഴം എന്നിവയുടെ സ്ഥാനം വളരെ പതുക്കെ മാത്രമേ മാറുകയുള്ളൂ. ശനിക്ക് 30 ഡിഗ്രിയുള്ള ഒരു രാശി കടന്ന് അടുത്ത രാശിയിലേക്ക് എത്താൻ രണ്ടര കൊല്ലം വേണം. അതുകൊണ്ട് ഗ്രഹങ്ങളുടെ സ്ഥാനത്തിലുള്ള മാറ്റം നിരീക്ഷിക്കാൻ എളുപ്പം ബുധൻ, ശുക്രൻ, ചൊവ്വ എന്നീ ഗ്രഹങ്ങളുടെ കാര്യത്തിലാണ്. വ്യാഴത്തിന്റെയും ശനിയുടെയും കാര്യത്തിൽ അത് അത്ര എളുപ്പമുള്ള കാര്യമല്ല.

MVI 4897 

ഭൂമി സ്വന്തം അക്ഷത്തിൽ കറങ്ങുന്നത് കൊണ്ടാണ് നക്ഷത്രങ്ങൾ കിഴക്കു നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്നതായി നമ്മൾ കാണുന്നത് എന്ന് നേരത്തെ സൂചിപ്പിച്ചു. ഭൂമി സ്വന്തം അക്ഷത്തിൽ ഒന്ന് കറങ്ങാൻ എടുക്കുന്ന സമയമാണ് ഒരു ദിവസം എന്ന് നമ്മൾ സ്കൂളിൽ പഠിക്കുന്നുണ്ട്. പക്ഷേ ദിവസങ്ങൾ യഥാർത്ഥത്തിൽ രണ്ടുതരം ഉണ്ട്. നക്ഷത്രങ്ങളെ അപേക്ഷിച്ച് ആണ് നമ്മൾ ദിവസം കണക്കാക്കുന്നതെങ്കിൽ അതിനെ Siderial day അല്ലെങ്കിൽ നക്ഷത്ര ദിനം എന്ന് പറയും. ഇത് എങ്ങനെ കാണും ? നമ്മൾ രാത്രിയിൽ ഒരു നക്ഷത്രത്തെ തലയ്ക്കു മുകളിൽ കാണുന്നു എന്ന് വിചാരിക്കുക. ആ നക്ഷത്രം പടിഞ്ഞാറോട്ടു നീങ്ങി നീങ്ങിപ്പോയി പിറ്റേദിവസം വീണ്ടും നമ്മുടെ തലയ്ക്ക് മുകളിൽ എത്താൻ 23 മണിക്കൂറും 56 മിനിട്ടും എടുക്കും. ഇതാണ് നക്ഷത്ര ദിനം എന്ന് പറയുന്നത്. ഭൂമിക്ക് അക്ഷത്തിൽ 360 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണിത്. ജ്യോതിശാസ്ത്രത്തിൽ പല ഗണനകൾക്കും നക്ഷത്ര ദിനമാണ് എടുക്കുക. എന്നാൽ സൂര്യൻ നമ്മുടെ തലയ്ക്കു മുകളിൽ കാണുന്ന സമയം മുതൽ വീണ്ടും  തലയ്ക്ക് മുകളിൽ വരുന്ന സമയം വരെയുള്ള ദിവസത്തിന്റെ നീളം  24 മണിക്കൂർ വരും. അതായത് 4 മിനിറ്റ് കൂടുതൽ വേണം നക്ഷത്ര ദിനത്തേക്കാൾ, ഇതിന് കാരണം  ഭൂമി സൂര്യനെ ചുറ്റുന്നതാണ് , ഒരു ദിവസം ഏതാണ്ട് ഒരു ഡിഗ്രി വെച്ച്. ഭൂമി 360 ഡിഗ്രി കറങ്ങിയാൽ പോരാ, 361 ഡിഗ്രി കറങ്ങിയാൽ മാത്രമേ സൂര്യന്റെ നേർക്ക് നമ്മൾ എത്തുകയുള്ളൂ. 361 ഡിഗ്രി കറങ്ങാൻ , അതായത് ഉച്ചമുതൽ ഉച്ചവരെ, അല്ലെങ്കിൽ പാതിര മുതൽ പാതിര വരെ, ഏതായാലും വേണ്ട സമയം 24 മണിക്കൂറാണ്. അതിനെയാണ് നമ്മൾ സൗരദിനം എന്ന് പറയുന്നത്. 

ഭൂമിയുടെ അക്ഷം 23.5 ഡിഗ്രി  ചെരിഞ്ഞിട്ടാണ് എന്ന് നമ്മൾ സ്കൂളിൽ ഒക്കെ പഠിക്കുന്നുണ്ട്. എന്തുമായാണ് ഈ ചെരിവ്. ഭൂമി സ്വയം കറങ്ങുന്നത് കൂടാതെ സൂര്യനെയും ചുറ്റുന്നുണ്ട് എന്ന് നമുക്ക് അറിയാം. സൂര്യനെ ചുറ്റുന്നതിന് സൂര്യനിൽ കൂടിയുള്ള ഒരു അക്ഷം ഉണ്ട്. അതാണ് പരിക്രമണ അക്ഷം.ആ അക്ഷവുമായിട്ടാണ് ഭൂമി സ്വയം കറങ്ങുന്ന അക്ഷം അല്ലെങ്കിൽ ഭ്രമണാക്ഷം 23.5 ഡിഗ്രി ചെരിഞ്ഞു നിൽക്കുന്നത്. ഇതിൻറെ ഫലം എന്താണെന്ന് നോക്കാം. ചില കാലത്ത് സൂര്യൻ ഭൂമിയുടെ വടക്കേ അര്‍ധ ഗോളത്തിൽ ആയിരിക്കും പ്രകാശം കുത്തനെ പതിപ്പിക്കുക. ഭൂമി സൂര്യനെ ചുറ്റി വരുമ്പോൾ ഭൂമിയുടെ അക്ഷത്തിന്റെ ചെരിവ് അതേപടി നിൽക്കുന്നതുകൊണ്ട് ഭൂമിയിൽ സൂര്യപ്രകാശം കുത്തനെ വീഴുന്ന ഭാഗം ക്രമേണ നീങ്ങി നീങ്ങി വരും. അത് പതിയെ ഭൂമിയുടെ തെക്കേ ആർധ ഗോളത്തിലേക്ക് കടക്കും. അങ്ങനെ ഭൂമിയിൽ നിൽക്കുന്ന ഒരാൾക്ക് സൂര്യൻ വടക്കു നിന്ന് തെക്കോട്ടും തെക്ക് നിന്ന് വടക്കോട്ടും , ദിവസേന ഏകദേശം കാൽ ഡിഗ്രി വീതം (എപ്പോഴും ഒരേ വേഗതയിൽ അല്ല) സ്ഥാനം മാറുന്നതായിട്ട് തോന്നും. ഇത് കണ്ടെത്താൻ വളരെ എളുപ്പമാണ്. രാവിലെ സൂര്യോദയം നോക്കിയാൽ മതി. രാവിലെ സൂര്യൻ ഉദിക്കുന്നത് എവിടെയാണെന്ന് ഒരു കുഴലിൽ കൂടെ നോക്കുക. ഒരു നാലുദിവസം കഴിഞ്ഞതിനു ശേഷം സൂര്യൻറെ ഉദയസ്ഥാനം ആ കുഴലിൽക്കൂടെ നോക്കുന്നെങ്കിൽ പഴയ സ്ഥാനത്ത് ആയിരിക്കില്ല , ഏതാണ്ട് ഒരു ഡിഗ്രിയോളം മാറി ആയിരിക്കും കാണപെട്ടുക. അങ്ങനെ നാല് നാല് ദിവസം കൂടി നോക്കുമ്പോൾ സൂര്യന്റെ ഉദയസ്ഥാനം  തെക്ക് നിന്ന് വടക്കോട്ടും വടക്കു നിന്ന് തെക്കോട്ടും ഒരു വർഷം കൊണ്ട് മാറുന്നതായിട്ട് കാണാം. (സൂര്യൻറെ ഉദയം മാത്രമല്ല അസ്തമയവും അതുപോലെതന്നെ മാറിക്കൊണ്ടിരിക്കും. രാവിലെ നോക്കാൻ കഴിയില്ലെങ്കിൽ വൈകുന്നേരം നോക്കിയാലും മതി. )  

ഇതിനെയാണ് സാധാരണ നമ്മൾ അയന ചലനം (Solsticial motion) എന്ന് പറയുക. സൂര്യൻ വടക്കോട്ട് നീങ്ങുന്നതിന് ഉത്തരായനമെന്നും തെക്കോട്ടുള്ളതിന് ദക്ഷിണായനമെന്നും പറയും. ഡിസംബർ 22ന് സൂര്യൻ ഭൂമിയുടെ മധ്യത്തിൽ നിന്ന് 23.5 ഡിഗ്രി മാറി ദക്ഷിണായനാന്ത രേഖയിൽ ആയിരിക്കും ഉണ്ടാവുക. ദക്ഷിണായന രേഖയിൽ സൂര്യൻ നിൽക്കുന്ന ആ ദിവസം ഏറ്റവും ദീർഘം കൂടിയ രാത്രിയായിരിക്കും വടക്കേ അർദ്ധ ഗോളത്തിലുള്ള നമ്മൾക്ക്.തെക്കേ അർധഗോളത്തിലുള്ള ആളുകൾക്ക് ഏറ്റവും നീളം കൂടിയ പകലുമായിരിക്കും. ക്രമേണ സൂര്യൻറെ സ്ഥാനം വടക്കോട്ട് നീങ്ങി നീങ്ങി വരും. അങ്ങനെ സൂര്യൻ വടക്കോട്ട് സഞ്ചരിക്കുന്നതിനെയാണ് ഉത്തരായനം എന്ന് നമ്മൾ പറയുക. സൂര്യൻറെ ഏറ്റവും തെക്കുള്ള സ്ഥാനത്തുനിന്ന് വടക്കോട്ട് യാത്ര തിരിച്ചാൽ ഉത്തരായനമായി. അടുത്ത മൂന്നുമാസം സൂര്യൻ ഉള്ളത് തെക്കേ അർധ ഗോളത്തിൽ തന്നെയാണ്. അതുകഴിഞ്ഞാൽ സൂര്യൻ മാർച്ച് 21ന് മധ്യരേഖയ്ക്കു മേൽ എത്തുകയും വടക്കേ അർദ്ധഗോളത്തിലേക്ക് കടക്കുകയും ചെയ്യും. സൂര്യൻ വടക്കേ അർധഗോളത്തിൽ കടന്ന് വീണ്ടും 23.5 ഡിഗ്രി വടക്കു മാറിയുള്ള ഉത്തരായനാന്ത രേഖയിൽ എത്തും. ആറുമാസം കൊണ്ടാണ് ഈ തെക്കുനിന്ന് വടക്കോട്ടുള്ള സഞ്ചാരം. ഇതാണ് ഉത്തരായനം. അതുകഴിഞ്ഞ് തിരിച്ച് തെക്കോട്ടുള്ള യാത്ര ആരംഭിക്കും. അതാണ് ദക്ഷിണായനം.

 സെപ്റ്റംബർ 21 നാണ് മധ്യരേഖ കടന്ന് ദക്ഷിണ അധഗോളത്തിലേക്ക് കടക്കുക. സൂര്യൻ ഉത്തരായന രേഖയിൽ എത്തുന്നതിന് തൊട്ടുമുമ്പും എത്തിക്കഴിഞ്ഞുമുള്ള ഏതാണ്ട്  മൂന്നുമാസത്തോളം കാലം വടക്കേ അർദ്ധഗോളത്തിൽ ഏറ്റവും ചൂടുകൂടിയ കാലമാണ്. അതാണ് നമ്മുടെ വേനൽക്കാലം (Summer). വടക്കേ അര്‍ദ്ധ ഗോളത്തിൽ വേനൽക്കാലം ആണെങ്കിലും ഈ കാലത്ത് കേരളത്തിൽ ധാരാളം മഴ പെയ്യുന്നതുകൊണ്ട് നമുക്ക് ചൂട് അനുഭവപ്പെടില്ല. വർഷപാതം നമുക്ക് ഏറ്റവും കൂടുതലുള്ള കാലമാണത്. അതുകഴിഞ്ഞ് മിതശീതോഷ്ണമുള്ള ഒരു കാലഘട്ടത്തിലൂടെ ആയിരിക്കും അടുത്ത മൂന്നുമാസം കടന്നുപോവുക. വേനൽക്കാലം കഴിഞ്ഞാൽ ശരത്കാലം (Autumn ) ആണ്. അതുകഴിഞ്ഞാൽ സൂര്യൻ തെക്കേ അർദ്ധഗോളത്തിൽ കടന്ന് തെക്കേ അറ്റത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആ കാലത്ത് വടക്കേ അർദ്ധഗോളത്തിൽ ഉള്ളവർക്ക് വളരെ തണുപ്പ് ആയിരിക്കും. ആ ഒരു മൂന്ന് മാസക്കാലം ശീതകാലമായിട്ട് (Winter) ആണ് അനുഭവപ്പെടുക.  അതുകഴിഞ്ഞ് വീണ്ടും ഭൂമധ്യരേഖയിലേക്ക് അടുക്കുന്നതിനുള്ള മുമ്പും പിമ്പുമുള്ള ഒരു മൂന്നു മാസക്കാലം വസന്തകാലം (Spring) ആയിരിക്കും. അങ്ങനെ നമ്മുടെ ഋതുക്കൾ മാറിമാറി വരുന്നത് സൂര്യന്റെ ചലനം അനുസരിച്ചാണ്. 

സൂര്യൻ തെക്കോട്ടും വടക്കോട്ടും സഞ്ചരിക്കുന്നതായി കാണപ്പെടുന്നതു കൂടാതെ ഭൂമി സൂര്യനെ ചുറ്റുന്നതുകൊണ്ട് മറ്റൊരു വിധത്തിലും ആകാശത്ത് സൂര്യൻറെ സ്ഥാനം മാറി വരും. ഇത് നമ്മൾ നേരത്തെ സൂചിപ്പിച്ചതാണ്. ഇതും വളരെ എളുപ്പത്തിൽ നമുക്ക് നിരീക്ഷിക്കാൻ കഴിയും.എല്ലാദിവസവും രാവിലെ സൂര്യോദയത്തിന് മുമ്പ് കിഴക്കേ ആകാശത്ത് നോക്കി , സൂര്യന് ഏകദേശം ഒരു മണിക്കൂർ മുമ്പേ ഉദിച്ചുവരുന്ന ഒരു നക്ഷത്രത്തെ കണ്ടു എന്നിരിക്കട്ടെ. നാളെ ആ നക്ഷത്രം സൂര്യനേക്കാൾ ഒരു മണിക്കൂർ അല്ല , ഒരു മണിക്കൂറും നാലു മിനിറ്റും മുന്നേ ഉദിച്ചു വരും. എന്നു പറഞ്ഞാൽ ഉദയം 4 മിനിറ്റ് നേരത്തേ  ആവും. അതിൻറെ അടുത്തദിവസം നക്ഷത്രം എട്ട് മിനിറ്റ് നേരത്തേ  ഉദിക്കും. ഇങ്ങനെ എല്ലാദിവസവും നക്ഷത്രം 4 മിനിറ്റ് വീതം സൗര ദിനവുമായി നോക്കുമ്പോൾ നേരത്തേ  ഉദിച്ചു വരുന്നതായി കാണാം. ശരിക്കും നക്ഷത്രം നേരത്തേ  ഉദിക്കുന്നതല്ല , സൂര്യൻ വൈകി ഉദിക്കുന്നതാണ്. നക്ഷത്രങ്ങളെ അപേക്ഷിച്ച് സൂര്യൻ 4 മിനിറ്റ് വീതം വൈകി ഓരോ ദിവസവും ഉദിക്കുന്നു. അല്ലെങ്കിൽ സൂര്യൻ ഒരു ഡിഗ്രി വീതം പടിഞ്ഞാറ് നിന്ന് കിഴക്കോട്ടേക്ക് നീങ്ങി നീങ്ങി പോകുന്നു. ഇതിന് കാരണം ഭൂമി സൂര്യനെ ചുറ്റുന്നതാണ്.  സൂര്യൻ ഭൂമിയെ ചുറ്റുന്നതായിട്ടാണ് നമ്മൾ കാണുക. ആകാശത്ത് സൂര്യൻ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്ന ഈയൊരു പഥത്തെ/വൃത്തത്തെ നമ്മൾ ക്രാന്തിപഥം/ക്രാന്തിവൃത്തം (Ecliptic) എന്ന് വിളിക്കും. ഈ ക്രാന്തിപഥത്തെ അതിൻറെ ഇരുവശത്തും 18 ഡിഗ്രി വീതിയിൽ ഒരു നാട പോലെ സങ്കൽപ്പിച്ചാൽ ഭൂമിക്ക് ചുറ്റും ആകാശത്ത് നക്ഷത്രങ്ങളുള്ള ഒരു മേഖല, ഒരു നാട നമുക്ക് സങ്കല്പിക്കാം. ഈ നാടയെ 30 ഡിഗ്രി വീതമുള്ള 12 ഭാഗങ്ങളായി ഭാഗിക്കാം. 

അതിനെ 12 രാശികൾ എന്ന് പറയും. ഈ 12 രാശികളും ചേർന്ന ഒരു രാശി ചക്രമാണ് നേരത്തേ  പറഞ്ഞ നാട. ഈ രാശികൾക്കൊക്കെ പേരുകൾ നൽകാൻ കഴിയും. ഉദാഹരണത്തിന് ഒരു രാശിയിൽ കുറെ നക്ഷത്രങ്ങൾ  ഒരു കിടക്കുന്ന ചെമ്മരിയാടിന്റെ രൂപത്തിൽ കാണുന്നതിനെ മേഷം  അല്ലെങ്കിൽ മേടം എന്നു വിളിച്ചു. അതാണ് മേടം രാശി .30 ഡിഗ്രി വരുന്ന മേടം രാശി. സൂര്യൻ മേടം രാശിയിൽ പ്രവേശിച്ചാൽ അത് മേടമാസമാകും. ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി വച്ചാണ് സൂര്യൻ  സഞ്ചരിക്കുക. അങ്ങനെ ഒരു മാസക്കാലം സൂര്യൻ മേടത്തിൽ ഉണ്ടാകും. അതുകഴിഞ്ഞാൽ അടുത്ത രാശി ഋഷഭമാണ് .കാള എന്ന് അർത്ഥം. ഒരു കാളയുടെ രൂപത്തിൽ കുറെയധികം നക്ഷത്രങ്ങൾ. ഇങ്ങനെ ഭൂമിക്ക് ചുറ്റും 12 രാശികൾ ഉള്ള ഒരു നാട. അതാണ് രാശിചക്രം.

 അതിൽ 12 രാശികളും. രാശിയുടെ പ്രാധാന്യമൊക്കെ പിന്നീട് നമ്മൾ പഠിക്കുന്നതാണ്. ഈ രാശിചക്രത്തിലൂടെ സൂര്യൻ മാത്രമല്ല മറ്റ് ഗ്രഹങ്ങളും സഞ്ചരിക്കുന്നതായിട്ട് നമുക്ക് അനുഭവപ്പെടും. കാരണം 5 ഗ്രഹങ്ങൾ നമുക്ക് കാണാൻ കഴിയുന്നവയുണ്ട്, അവ അഞ്ചും സൂര്യനെ ചുറ്റുന്നവയാണ്, അതുകൊണ്ട് രാശിചക്രത്തിലൂടെ അവയും സഞ്ചരിക്കുന്നതായിട്ട് നമുക്ക് കാണാൻ കഴിയും.

ആദ്യമായിട്ട് ഈ ശാസ്ത്രം വികസിപ്പിച്ചത് അല്ലെങ്കിൽ ഈ നിരീക്ഷണങ്ങൾ ഗൗരവമായി നടത്തിയത് ബാബിലോണിയക്കാരാണ്. ഇപ്പോഴത്തെ ഇറാഖ് ആണ് ബാബിലോണിയ. പ്രാചീന ബാബിലോണിയക്കാർ ആകാശത്തിൽ സൂര്യൻ പോകുന്ന വഴി നിരീക്ഷിക്കുകയും ആ ഭാഗത്തുള്ള നക്ഷത്രങ്ങൾ ചേർത്ത് 12 രാശികൾ സങ്കൽപ്പിക്കുകയും ചെയ്തു. അവയെയാണ് സൗര രാശികൾ എന്ന് വിളിക്കുന്നത്. ഏകദേശം ബിസി ഏഴാം നൂറ്റാണ്ടോടുകൂടി ഈ രാശികളും രാശികളിലെ ഗ്രഹങ്ങളുടെ സ്ഥാനവും ഒക്കെ നിർണയിക്കുന്ന  രീതി അവർ ഉറപ്പിക്കുകയും അതുകൊണ്ട് എങ്ങനെയാണ് കാലം ഗണിക്കാൻ കഴിയുക എന്ന് കണ്ടെത്തുകയും ചെയ്തു. ഉദാഹരണത്തിന് ഒരു കുട്ടി ജനിക്കുന്ന സമയത്ത് ഈ 12 രാശികളിൽ എവിടെയൊക്കെ ഏതൊക്കെ ഗ്രഹങ്ങൾ നിൽക്കുന്നു എന്ന് അടയാളപ്പെടുത്താൻ കഴിയും. ഈ അടയാളപ്പെടുത്തുന്നതാണ് ഗ്രഹനില എന്ന പേരിൽ അറിയപ്പെടുന്നത്.  കുട്ടി ജനിക്കുമ്പോൾ ഉള്ള ഗ്രഹനിലയും പിന്നീട് എപ്പോഴെങ്കിലും  ഉള്ള ഗ്രഹനിലയും അറിയാമെങ്കിൽ അവ താരതമ്യപ്പെടുത്തിക്കൊണ്ട് ആ കുട്ടിക്ക് എത്ര പ്രായമായി എന്ന് നമുക്ക് ഗണിച്ച് എടുക്കാൻ കഴിയും. മനുഷ്യൻറെ പ്രായം മാത്രമല്ല ഏത് സംഭവത്തിന്റെ പ്രായവും ഗ്രഹനില വച്ച് ഗണിച്ച് എടുക്കാൻ കഴിയും. ഇതാണ് ഗ്രഹനില നിർണയിക്കുന്നതിന്റെ ഏറ്റവും വലിയ പ്രയോജനം. 

സൂര്യപഥത്തിലെ  12 രാശികളെ കുറിച്ചാണ് നമ്മൾ പറഞ്ഞത്. അവയെയാണ് സൗര രാശികൾ എന്ന് വിളിക്കുന്നത്. ഇവ കൂടാതെ ആകാശം നിറയെ നക്ഷത്രങ്ങൾ ഉണ്ട്. സൗര രാശിക്ക് പുറമേയുള്ള നക്ഷത്രങ്ങളെയും സൗരേതര രാശികളായിട്ട് (Constellations) വിഭജിച്ചിട്ടുണ്ട്. ഇപ്പോൾ ഏകദേശം 76 സൗരേതരരാശികളാണ് ഉള്ളത്. സൗര രാശികൾ ഉൾപ്പെടെ 88 രാശികളാണ് ആകാശത്ത് കണക്കാക്കുന്നത്. ഓരോ രാശിയും ഓരോ ചിത്രമാണ്. അതിൽ മൃഗങ്ങളുണ്ട് പക്ഷികളുണ്ട് മനുഷ്യരുണ്ട് പലപല രൂപങ്ങളുണ്ട്. 

നക്ഷത്രങ്ങൾക്ക് പേര് നൽകാനുള്ള ശ്രമം പണ്ടുമുതലേ ഉണ്ടായിട്ടുണ്ട്. ഗ്രീക്കുകാരാണ് ആകാശത്തെ, പ്രത്യേകിച്ച് സൗരേതര രാശികളിൽ പെടാത്ത നക്ഷത്രങ്ങളെക്കുറിച്ച് നന്നായിപഠിച്ചത്. അവയ്ക്ക് പേര് നൽകുന്നതിലും അവർ പ്രത്യേകിച്ച് ശ്രദ്ധ നൽകിയിരുന്നു. ശേഷം അറബികളാണ് നക്ഷത്രങ്ങൾക്ക് ഏറ്റവും കൂടുതൽ പേര് നൽകിയിട്ടുള്ളത്. നല്ല ശോഭയുള്ള നക്ഷത്രങ്ങൾക്ക് മാത്രമേ സ്വന്തമായിട്ട് പേരുകളുള്ളൂ. റീഗൽ, തിരുവാതിര, കനോപ്പസ് തുടങ്ങിയ പേരുകളൊക്കെ അത്തരം നക്ഷത്രങ്ങൾക്ക് ഉള്ളതാണ്. എന്നാൽ എല്ലാ നക്ഷത്രങ്ങൾക്കും ഇതുപോലെ സ്വന്തം പേര് നൽകുക എളുപ്പമല്ല. കാരണം ഏഴായിരത്തോളം നക്ഷത്രങ്ങളെ മനുഷ്യന് ഒരു രാത്രികൊണ്ട് കാണാൻ കഴിയും, മങ്ങിയതാണെങ്കിലും. അവയ്ക്ക് പേര് നൽകുന്ന രീതി പിന്നീട് ബെയർ എന്ന വാനനിരീക്ഷകനാണ് ഉണ്ടാക്കിയെടുത്തത്. ബെയർ കാറ്റലോഗ് എന്ന പേരിൽ നക്ഷത്രങ്ങളുടെ ഒരു വലിയ പട്ടികയുണ്ട്. ലോകത്ത് ആദ്യമായിട്ട് നക്ഷത്രങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കിയത് ഗ്രീക്കുകാരനായ ഹിപ്പാർക്കസ് ആയിരുന്നു , ബിസി 135 ൽ. അദ്ദേഹം ഏകദേശം 850 നക്ഷത്രങ്ങളെയാണ് , അവയുടെ ശോഭയുടെ അടിസ്ഥാനത്തിൽ പട്ടികപ്പെടുത്തിയിട്ടുള്ളത്. ബെയർ കൂടുതൽ നക്ഷത്രങ്ങളെ തിരിച്ചറിയുക മാത്രമല്ല അവയ്ക്ക് പേര് കൊടുക്കുന്ന രീതി കൂടി വികസിപ്പിച്ചെടുത്തു. ഒരു നക്ഷത്ര ഗണത്തിൽ പെടുന്ന നക്ഷത്രങ്ങൾക്ക് ആ നക്ഷത്ര ഗണത്തിൽ ഏറ്റവും ശോഭയുള്ള നക്ഷത്രത്തിന് ആൽഫ , അടുത്തതിന് ബീറ്റ, പിന്നീട് ഗാമ എന്നിങ്ങനെ ഗ്രീക്ക് അക്ഷരമാല ക്രമത്തിൽ പേര് നൽകുന്ന ഒരു രീതി ഉണ്ടാക്കിയെടുത്തു.

 ഉദാഹരണത്തിന് വേട്ടക്കാരൻ (Orion) എന്ന നക്ഷത്ര ഗണത്തിൽ ഏറ്റവും ശോഭയുള്ളതായിട്ട് അദ്ദേഹം കണ്ട തിരുവാതിര നക്ഷത്രത്തിന് ആൽഫ ഓറിയോണിസ് എന്ന് പേര് നൽകി. റീഗൽ രണ്ടാം സ്ഥാനത്താണ് . അതിന് ബീറ്റാ ഓറിയോണിസ് എന്ന് പേര് നൽകി. തൊട്ടടുത്ത ശോഭ ഉള്ളതിനെ ഗാമ ഓറിയോണിസ് , ഡെൽറ്റ ഓറിയോണിസ് ഇങ്ങനെ ക്രമത്തിൽ ഓരോ നക്ഷത്ര ഗണത്തിലെയും നക്ഷത്രങ്ങൾക്ക് പേര് നൽകി. നമുക്ക് നേരിട്ട് കാണാവുന്ന നക്ഷത്രങ്ങളെയെല്ലാം ബെയർകാറ്റലോഗ് അനുസരിച്ച് പട്ടികപ്പെടുത്താൻ കഴിയും. 

 പക്ഷേ ടെലിസ്കോപ്പുകൾ പ്രചാരത്തിൽ വന്നതോടുകൂടി നമുക്ക് വെറും കണ്ണുകൊണ്ട് കാണാൻ കഴിയാത്ത നക്ഷത്രങ്ങളെയും കാണാമെന്നായി. അങ്ങനെ നമുക്ക് പട്ടികപ്പെടുത്തേണ്ടിവരുന്ന നക്ഷത്രങ്ങളുടെ എണ്ണം  പതിനായിരങ്ങളും ലക്ഷങ്ങളുമായി വികസിച്ചു. അവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടുള്ള വലിയ നക്ഷത്ര പട്ടികകളും മാപ്പുകളും നിലവിൽ വന്നിട്ടുണ്ട്. അവ  മാപ്പുകൾ ആയിട്ടും ചിലപ്പോൾ പട്ടികകൾ ആയിട്ടുമാണ് അടയാളപ്പെടുത്താറുള്ളത്. ഇത്തരം നിരവധി മാപ്പുകൾ ഇന്ന് ലഭ്യമാണ്. ഇവയൊക്കെ വാനനിരീക്ഷകർക്ക് വളരെയധികം പ്രയോജനപ്പെടുന്നു. 

ഏറ്റവും കൂടുതൽ നക്ഷത്രങ്ങളെ മുമ്പ് അടയാളപ്പെടുത്തിയത് ഹെൻ റി ഡ്രിപ്പർ കാറ്റലോഗ് എന്നറിയപ്പെടുന്ന ഒരു കാറ്റലോഗ്ഗിലാണ്. നക്ഷത്ര നിരീക്ഷണം നടത്തുന്നവർക്ക് വളരെയധികം ഉപകരിക്കുന്ന ഒന്നാണത്. നക്ഷത്ര നിരീക്ഷണം നടത്താൻ നമ്മൾ ഉപയോഗിക്കുന്ന രീതി ഇക്കാണ് : നക്ഷത്ര സ്ഥാനം അടയാളപ്പെടുത്തിയ മാപ്പുകൾ തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച് വടക്കോട്ട് തലവച്ച് കിടക്കുക . വടക്കോട്ട് തലവച്ച് കിടക്കുമ്പോൾ ഈ മാപ്പിൽ അടയാളപ്പെടുത്തിയ അതേ ക്രമത്തിൽ ആകാശത്ത് അവ വിതരണം ചെയ്യപ്പെട്ടിരിക്കുന്നതായി കാണാൻ കഴിയും. അതുകൊണ്ട് നക്ഷത്രങ്ങളെ തിരിച്ചറിയുക വളരെ എളുപ്പമായിരിക്കും. എന്തായാലും അടുത്ത മാസങ്ങളിൽ ആകാശം തെളിഞ്ഞു വരുമെന്നും നമുക്ക് നക്ഷത്ര നിരീക്ഷണത്തിനുള്ള സാധ്യത ഉണ്ടാവും എന്നും പ്രതീക്ഷിച്ചുകൊണ്ട് നമുക്ക് തൽക്കാലം ഇവിടെ നിർത്താം.

2 Comments.

Leave a Reply

Your email address will not be published. Required fields are marked *