നാലഞ്ചായിരം കൊല്ലം മുൻപുള്ള മനുഷ്യന്റെ അവസ്ഥ ഒന്ന് ഓർത്തു നോക്കൂ… സഞ്ചരിക്കാൻ റോഡില്ല, സമയം നോക്കാൻ വാച്ചില്ല, കാലാവസ്ഥ മുൻകൂട്ടിയറിയാൻ കലണ്ടറും ഇല്ല ഈ പ്രശ്നങ്ങളെല്ലാം അന്നവർ പരിഹരിച്ചത് ആകാശത്തിന്റെ സഹായത്തോടെയാണെന്ന് നാം കണ്ടു. നക്ഷത്രം സമയം പറഞ്ഞു തരും. ജന്മ നക്ഷത്രങ്ങളിലെ സൂര്യന്റെ സ്ഥാനം (ഞാറ്റുവേല) ഋതുക്കൾ മാറി വരുന്നതു കാണിച്ചു തരും. സഞ്ചരിക്കാൻ റോഡില്ലെങ്കിൽ ദിക്കു നോക്കി സഞ്ചരിക്കാം അതിനും നക്ഷത്രം സഹായിക്കും.
പക്ഷെ, അപ്പോഴും ഒരു പ്രശ്നം ബാക്കി നിന്നു. ഒരാളുടെ പ്രായം എങ്ങനെ കണക്കാക്കും? ഉദാഹരണത്തിന്, ഒരു കുഞ്ഞ് ജനിക്കുന്നു, അവൻ അല്ലെങ്കിൽ അവൾ വലുതായി വിവാഹം കഴിക്കേണ്ട കാലമാവുന്നു; അയാൾക്ക് എത്ര വയസ്സായി എന്നെങ്ങനെ പറയും. ഷഷ്ഠി പൂർത്തി, മരണം തുടങ്ങിയ പല അവസരങ്ങളിലും ഇതുപോലെ പ്രായം കണക്കാക്കേണ്ടി വരും. ഒരു കൊട്ടാരമോ ക്ഷേത്രമോ പണിതിട്ട് എത്ര കൊല്ലമായി എന്നു കണക്കാക്കേണ്ടതും ആവശ്യമായി വരും.
ഇത്തരം കാലഗണനയൊന്നും ആദ്യകാലത്ത് സാധിച്ചിരുന്നില്ല. കാരണം അന്നാരും വർഷത്തിനു നമ്പർ നൽകിയിരുന്നില്ല. ഇന്നു നമ്മൾ “2001-ാമാണ്ട് ആഗസ്ത് 10-ാം തീയ്യതി എനിക്കൊരു കുഞ്ഞു പിറന്നു” എന്നു പറയും പോലെ അന്നു പറയാൻ കഴിയില്ല. രണ്ടായിരത്തൊന്നാമാണ്ടും ആഗസ്തും അന്നില്ല. നമ്മുടെ അറിവിൽപെട്ടിടത്തോളം, ക്രി.മു. 747-ൽ ഈജിപ്തിലെ നബൊന്നസർ രാജാവിന്റെ കാലത്താണ് വർഷത്തിനു നമ്പർ നൽകി എണ്ണിത്തുടങ്ങിയത്. സർക്കാർ രേഖകൾക്ക് അതോടെ തീയ്യതി നൽകി തുടങ്ങി. എന്നാൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ രീതി നടപ്പിലാവാൻ പിന്നെയും കാലമേറെയെടുത്തു.
വർഷങ്ങൾക്കു നമ്പർ നൽകുന്നതിനുമുമ്പ് പ്രായഗണനാ പ്രശ്നം പരിഹരിച്ചത് ആകാശത്തിന്റെ സഹായത്തോടെയാണ്. അതിന് ക്രാന്തി പഥത്തെയും രാശിചക്രത്തെയും ഗ്രഹചലനത്തെയും സംബന്ധിച്ച പൂർണമായ അറിവ് ആവശ്യമായിരുന്നു.
കലണ്ടറുകളുടെ തുടക്കം
പ്രാചീനകാലത്ത് ലോകത്തെല്ലായിടത്തും കാലഗണനയ്ക്ക് ചാന്ദ്രവർഷമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും ക്രമേണ സൂര്യന്റെ രാശിഗതി മനസ്സിലാക്കിയതോടെയാണ് സൗരവർഷം കണക്കാക്കിത്തുടങ്ങിയതെന്നും പറഞ്ഞല്ലോ. എന്നാൽ ഇപ്രകാരമല്ലാതെ സൗരവർഷ ഗണന നടത്തിയ ഒരു ജനതയാണ് ഈജിപ്തിലേത്. ‘സോതിസ് വർഷം’ എന്നാണതറിയപ്പെടുന്നത്. സിറിയസ് നക്ഷത്രമായിരുന്നു ഈജിപ്തുകാർക്ക് സോതിസ് (Sothis). ഈജിപ്തുകാരുടെ പുണ്യനദിയാണ് നൈൽ. എല്ലാ വർഷവും വളരെ കൃത്യതയോടെ നൈൽ കരകവിഞ്ഞൊഴുകും. അപ്പോൾ അടിയുന്ന ഫലഭൂയിഷ്ഠമായ എക്കൽമണ്ണിലാണവർ കൃഷി ചെയ്യുക. കൃഷി നടത്താൻ പ്രളയം കാത്തിരിക്കുന്ന ഈജിപ്തുകാർ ഒരു കാര്യം ശ്രദ്ധിച്ചു. പ്രളയാരംഭകാലത്ത് സിറിയസ് നക്ഷത്രം സൂര്യന് തൊട്ടുമുമ്പാണ് ഉദിക്കുക. പിന്നെ ഓരോ ദിവസവും ഉദയം നേരത്തെ നേരത്തെയാകും. അടുത്ത വർഷത്തെ പ്രളയാരംഭത്തിൽ സിറിയസ് വീണ്ടും പ്രഭാതത്തിൽ ഉദിച്ചുയരും. നൂറ്റാണ്ടുകൾ നീണ്ട നിരീക്ഷണത്തിലൂടെ അവർ മനസ്സിലാക്കി, ശരാശരി 365 ദിവസം കൊണ്ടാണ് ഈ ആവർത്തനം സംഭവിക്കുന്നതെന്ന്. എന്നാണ് അവർ ഈ കണ്ടെത്തൽ നടത്തിയതെന്ന് കൃത്യമായി അറിയില്ല. എങ്കിലും ബി സി. 1500നു മുമ്പാണെന്നു തീർച്ച. വർഷദൈർഘ്യം 365 ദിവസം വെച്ച് കണക്കാക്കിയിട്ടും കുറേ വർഷം കഴിയുമ്പോൾ കാലാവസ്ഥയുമായി പിശകുന്നു എന്നവർക്കു മനസ്സിലായി. ക്രി.മു. 236ൽ, ടോളമി ഓയർഗറ്റസിന്റെ (Ptolemy Euergetes) ഭരണകാലത്ത്,
ഈജിപ്ഷ്യൻ പുരോഹിതന്മാർ ചേർന്ന് എല്ലാ നാലാം വർഷത്തിനും 366 ദിവസം നൽകാൻ തീരുമാനിച്ചു. ഭാരതീയർക്കും സൗരചക്രത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു എന്ന് വ്യക്തമാണ്. സൂര്യന്റെ അയനചലനങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ച അവർക്ക് കൃത്യമായി അയനാരംഭം പ്രവചിക്കാനും ബലികളും പൂജകളും ആവിഷ്കരിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ, പ്രായോഗികമായി കാലയളവിന്റെ ഒരു മാത്രയായി, സൗരവർഷം ഇവിടെ നിലവിൽ വന്നത് ഏറെ കാലത്തിനു ശേഷമാണ്.
ആകാശത്തിൽ ഒരു ഭീമൻ ക്ലോക്ക് ഉണ്ടെന്ന കണ്ടെത്തലാണ് പ്രായഗണന എളുപ്പമാക്കിത്തീർത്തത്. ജാതകവും ഗ്രഹനിലയും എഴുതുന്ന രീതി ആരംഭിച്ചത് ആ കണ്ടുപിടുത്തത്തോടെയാണ്. ക്രിസ്തുവിന് ആറു നൂറ്റാണ്ടു മുമ്പെഴുതിയ ഗ്രഹനിലക്കുറിപ്പ് കാൽദിയയിൽ (ബാബിലോണിന്റെ തെക്ക്) നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. അതിനു മുമ്പുതന്നെ ആ രീതി അവിടെ വ്യാപകമായിരിക്കണം. ഇന്ത്യയിൽ ഗ്രഹനില കുറിക്കുന്ന രീതി എന്നു മുതൽ ആരംഭിച്ചു എന്നറിയില്ല. ക്രി. പി. ആറാം നൂറ്റാണ്ട് ആയപ്പോഴേക്കും (വരാഹമിഹിരന്റെയും ബ്രഹ്മഗുപ്തന്റെയും കാലത്ത്) അതു വ്യാപകമായിക്കഴിഞ്ഞിരുന്നു എന്നുമാത്രമറിയാം.
പ്രൊഫ.കെ.പാപ്പൂട്ടി രചിച്ച ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും പുസ്തകത്തിൽ നിന്നും…തുടർന്ന് വായിക്കാം.