ചാന്ദ്രപഥവും ജന്മനക്ഷത്രങ്ങളും

ഭാരതീയ ജ്യോതിശാസ്ത്രത്തിൽ (ഗണിത ജ്യോതിഷം, ഗോളശാസ്ത്രം എന്നിവയൊക്കെ അതിന്റെ ഭാഗമാണ്) ചാന്ദ്രപഥമാണ് സർവപ്രധാനം. ചന്ദ്രൻ 27 ദി. 8 മ. കൊണ്ട് (കൃത്യമായി പറഞ്ഞാൽ 27.321661 ദി.) ഭൂമിയെ ഒന്നു ചുറ്റി വരും. ചാന്ദ്രപഥത്തെ 27 തുല്യഭാഗങ്ങളാക്കിയാൽ ഓരോ ഭാഗവും 13° 20′ വീതം വരും. ഇവ ഓരോന്നും ഓരോ നാൾ അഥവാ നക്ഷത്രം എന്നറിയപ്പെടുന്നു. ചാന്ദ്രരാശി, ചാന്ദ്രസൗധം തുടങ്ങിയ പേരുകളും ഉണ്ട്. ചന്ദ്രൻ ഓരോ നാളിലൂടെയും കടന്നുപോകാൻ ശരാശരി 24 മ.18 മി. (ഏകദേശം ഒരു ദിവസം) എടുക്കും. (ചന്ദ്രൻ ഭൂമിയെ ചുറ്റുന്നത് ദീർഘവൃത്ത പഥത്തിലായതുകൊണ്ട് നാളുകളുടെ സമയദൈർഘ്യം ഈ ശരാശരിയിൽ നിന്ന് വ്യത്യസ്തമാണ്.) നാളുകൾക്കു പേരു നൽകുന്നതെങ്ങനെ എന്നു നോക്കാം.

ഒരു നാളിൽ (13° 20′ വരുന്ന ആകാശഭാഗത്തിനുള്ളിൽ) മൂന്നു നക്ഷത്രങ്ങൾ ഒരു മെലിഞ്ഞ ത്രികോണം പോലെ നിൽക്കുന്നു. അവയെ യോജിപ്പിച്ച് ഒരു കുതിരത്തല (അശ്വമുഖം) സങ്കല്പിക്കാമെന്ന് പ്രാചീന വാനനിരീക്ഷകർക്കു തോന്നി. അതുകൊണ്ട് അവർ ആ നാളിനെ അശ്വിനി (മലയാളത്തിൽ അശ്വതി) എന്നു വിളിച്ചു. ചന്ദ്രൻ അശ്വതി നാളിൽ നിൽക്കുന്ന ദിവസം ജനിക്കുന്ന കുഞ്ഞുങ്ങളുടെയെല്ലാം നാൾ അഥവാ ജന്മനക്ഷത്രം അശ്വതി ആണെന്നു പറയും. പിറ്റേ ദിവസം ചന്ദ്രൻ ഭരണി നാളിലാകും ഉണ്ടാവുക. അതും മൂന്ന് നക്ഷത്രങ്ങൾ തന്നെ;തേങ്ങാക്കണ്ണുപോലെ എന്നു പഴമക്കാർ പറയും; ഏതാണ്ടൊരു സമഭുജ ത്രികോണം. ചന്ദ്രൻ ഭരണി നാളിൽ നിൽക്കുന്ന ദിവസം ജനിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം ജന്മനക്ഷത്രം ഭരണിയായിരിക്കും. ഭരണിക്കു കിഴക്കായുള്ള അടുത്ത നാളിൽ ഏഴു നീല സുന്ദര താരങ്ങൾ (ഋഗ്വേദമനുസരിച്ച് ഏഴു സഹോദരികൾ) നിൽക്കുന്നു. അതാണ് കാർത്തിക. അടുത്തത് രോഹിണി, ‘V’ രൂപത്തിൽ (മീൻ പിടിക്കുന്ന ഒറ്റലുപോലെ) ‘V’ യുടെ കിഴക്കേ ഭുജത്തിന്റെ അറ്റത്ത് ചുവന്നു തിളക്കമേറിയ ബ്രഹ്മർഷി (ആൾഡിബറൻ) നിൽക്കുന്നതു കൊണ്ട് രോഹിണിയെ തിരിച്ചറിയാൻ എളുപ്പമാണ്. ചിലർ ആ നക്ഷത്രത്തെ മാത്രമായും രോഹിണി എന്നു വിളിക്കുന്നു. അതൊരു ചുവപ്പു ഭീമനാണ്. 

ചാന്ദ്രപഥ നക്ഷത്രങ്ങൾ 27 എണ്ണമാണ്. മുൻകാലത്ത് അഭിജിത് (വേഗ) നക്ഷത്രത്തെക്കൂടി ഉൾപ്പെടുത്തി 28 എണ്ണം എന്നു കണക്കാക്കിയിരുന്നുവെങ്കിലും പിന്നീട് അതുവേണ്ടെന്നുവച്ചു. 27-ൽ 4 എണ്ണമേ ഒറ്റ നക്ഷത്രങ്ങളായുള്ളു. മറ്റുള്ളവയെല്ലാം ഗണങ്ങളാണ്.

തിരുവാതിര, മകം, ചിത്ര, ചോതി ഇവ ഒറ്റ നക്ഷത്രങ്ങളാണ്. ബാക്കി 23 ഉം രണ്ടോ അതിലധികമോ നക്ഷത്രങ്ങൾ ചേർന്ന ഗണങ്ങളാണ്. ഒരു ജന്മ നക്ഷത്ര ഗണത്തിലെ ഏറ്റവും പ്രധാനപ്പെട്ട നക്ഷത്രത്തെ അതിലെ “യോഗതാര’ എന്നു വിളിക്കും. ആൾഡിബറൻ രോഹിണിയിലെ യോഗതാരയാണ്. അതു ഭൂമിയിൽ നിന്ന് 69 പ്ര.വ. അകലെ കിടക്കുന്നു. രോഹിണിയിലെ മറ്റു നക്ഷത്രങ്ങൾ കൂടുതൽ അകലെയാണ് ഉദാ: V യുടെ താഴെ മൂലയ്ക്കുള്ള “ഹയാഡം പ്രിമസ് നക്ഷത്രം 166 പ്ര.വ. ദുരെയാണ്. രോഹിണിയിലെ നക്ഷത്രങ്ങൾ തമ്മിൽ യഥാർത്ഥത്തിൽ ഒരു ബന്ധവുമില്ല എന്നർത്ഥം. നമുക്കു കാണുമ്പോൾ തോന്നുന്ന ഒരു രൂപം മാത്രമാണത്. 

പുരാണ കഥകൾ പ്രകാരം ദക്ഷന്റെ പുത്രിമാരാണ് അശ്വതി, ഭരണി, കാർത്തിക തുടങ്ങിയ 27 പേരും. (ബ്രഹ്മാവ്, സൃഷ്ടിയിൽ തന്നെ സഹായിക്കാനായി. തന്റെ ചൂണ്ടുവിരലിൽ നിന്നു ജന്മം നൽകിയ ദേവനാണ് ദക്ഷൻ. അദ്ദേഹത്തിന് ഒന്നിലേറെ ഭാര്യമാരും അനേകായിരം മക്കളും ഉണ്ടായി, പെൺമക്കളിൽ ശിവപത്നിയായിരുന്ന സതിയും പെടും.) 27 പേരെയും ദക്ഷൻ ചന്ദ്രന് വിവാഹം കഴിച്ചു കൊടുത്തു എന്നും ചന്ദ്രൻ ഓരോ ദിവസവും ഓരോ ഭാര്യാഗൃഹം സന്ദർശിക്കുന്നു എന്നുമാണ് സങ്കല്പം. അതുകൊണ്ടാണ് നാളുകൾക്ക് ചാന്ദ്രസൗധം എന്നും പേരുള്ളത്.

ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ വാനനിരീക്ഷണം നടത്തുന്നവർക്ക് അശ്വതി മുതലുള്ള ജന്മനക്ഷത്രങ്ങളെ എളുപ്പം തിരിച്ചറിയാനാകും. ജനുവരി ആദ്യം രാത്രി 8 മണിയോടെ കാർത്തിക (അതാണ് പുതിയ നിരീക്ഷകർക്ക് എളുപ്പം കണ്ടെത്താവുന്ന ഗണം) കേരളത്തിലെ നിരീക്ഷകരുടെ കിഴക്കേ ആകാശത്തിൽ, തലയ്ക്കു മുകളിൽ നിന്ന് 30° യോളം മാറി, നിൽക്കുന്നുണ്ടാകും. 10 മണിയോടെ തലയ്ക്കു മീതേ എത്തും. കാർത്തിക (Pleiades) 6-7 നീല നക്ഷത്രങ്ങൾ കൂട്ടം ചേർന്നു നിൽക്കുന്ന മനോഹരമായ ഒരു നക്ഷത്രഗണമാണ്. (7 എണ്ണവും കാണുന്നെങ്കിൽ നിങ്ങളുടെ കണ്ണിന് നല്ല കാഴ്ചശക്തിയുണ്ട് എന്നു മനസ്സിലാക്കാം. ശരിക്കും ഒരു നെബുലയിൽ പിറന്ന നാനൂറിലേറെ നക്ഷത്രങ്ങൾ അടങ്ങിയ ഓപ്പൺ ക്ലസ്റ്റർ വിഭാഗത്തിൽപ്പെടുന്ന ഗണമാണ് കാർത്തിക. മറ്റുള്ളവയെ കാണണമെങ്കിൽ ടെലിസ്കോപ്പ് വേണം) അതിലെ ഏറ്റവും ശോഭ കൂടിയ നക്ഷത്രം ആൽസിയോൺ എന്നു വിളിക്കുന്ന ഈറ്റ ടൗറി (Tauri) ആണ്. കാന്തിമാനം 2.86 

ഫെബ്രുവരി മാസം ആദ്യമാണ് നിങ്ങൾ വാനനിരീക്ഷണം നടത്തുന്നതെങ്കിൽ രാത്രി എട്ടു മണിയോടെ തന്നെ കാർത്തിക മധ്യാകാശത്തുണ്ടാകും. ഓരോ മാസവും 30 വെച്ച് (ദിവസം 1 വെച്ച് നക്ഷത്രഗണങ്ങൾ പടിഞ്ഞാറോട്ടു നീങ്ങും. ഇതിനു കാരണം പിന്നീട് വിശദമാക്കാം. ഓർക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഒരേ ദിവസം രണ്ടു മണിക്കൂർ ഇടവിട്ട് നക്ഷത്രങ്ങളെ നിരീക്ഷിച്ചാൽ അവ 30⁰ വീതം പടിഞ്ഞാറോട്ടു നീങ്ങിയിരിക്കും. ഇതിനു കാരണം ഭൂമിയുടെ സ്വയം ഭ്രമണമാണ്. രണ്ട്, ഓരോ മാസം ഇടവിട്ട്, ഒരേ സമയത്ത് നക്ഷത്രങ്ങളെ നിരീക്ഷിച്ചാൽ അവ 30⁰ വീതം പടിഞ്ഞാറോട്ടു നീങ്ങിയിരിക്കും. ഇതിനു കാരണം സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ പരിക്രമണമാണ്. അതായത് ഭൂമിയുടെ രണ്ടുതരം ചലനങ്ങളെ നാം ആകാശത്ത് ആരോപിക്കുന്നു, അഥവാ നക്ഷത്രങ്ങളുടെ ചലനമായി വ്യാഖ്യാനിക്കുന്നു. 

കാർത്തികയെ കണ്ടെത്തിയാൽ, പിന്നെ രോഹിണിയെ പരിചയപ്പെടാൻ ഒരു പ്രയാസവുമില്ല; കാർത്തികയ്ക്ക് കിഴക്കായി V രൂപത്തിൽ. V യുടെ ഒരറ്റത്ത് ചുവന്നു തിളക്കമാർന്ന ബ്രഹ്മർഷി നക്ഷത്രവും, കാർത്തികയ്ക്ക് പടിഞ്ഞാറു ഭാഗത്ത് (രോഹിണിയിൽ നിന്നു കാർത്തികയിലേക്കുള്ള ദൂരത്തിന്റെ ഏതാണ്ട് ഇരട്ടി അകലേ അശ്വതി മെലിഞ്ഞ ത്രികോണ രൂപത്തിൽ നിൽപ്പുണ്ടാകും, അശ്വതിക്കും കാർത്തികയ്ക്കും ഇടയ്ക്ക്, അല്പം വടക്കുമാറി, ഒരു സമഭുജത്രികോണം പോലെയാണ് ഭരണി. അവ മങ്ങിയ നക്ഷത്രങ്ങളാണ്; കണ്ടെത്താൻ അത്ര എളുപ്പമല്ല. രോഹിണിക്കു ശേഷമുള്ള ജന്മനക്ഷത്രങ്ങളെ നമുക്കു രാശികൾക്കൊപ്പം പരിചയപ്പെടാം. പട്ടിക (1) ൽ അവയുടെ രൂപവും സ്ഥാനവും മറ്റു പ്രത്യേകതകളും കൊടുത്തിരിക്കുന്നതു ശ്രദ്ധിക്കുക. 

ചന്ദ്രന്റെ ദീർഘവൃത്തപഥം കാരണം നാളുകളുടെ നീളത്തിൽ വ്യത്യാസം വരുന്നതുകൊണ്ട്, എല്ലാ നാളുകളും തുടങ്ങുന്നത് ഒരേ സമയത്തല്ല. രാവിലെയും ഉച്ചയ്ക്കുശേഷവും രാത്രിയിലും ഒക്കെയാവാം നാൾ പകർച്ച. ഒരു ദിവസംതന്നെ രണ്ടു നാളുകളും (ഒരു ദിവസംകൊണ്ട്) തീരാത്ത നാളുകളും ഒക്കെ ഉണ്ടാകാം.

ജന്മനക്ഷത്രം എന്ന സങ്കല്പത്തിന്റെ ചരിത്രപ്രാധാന്യം കൂടി അറിയുന്നതു നല്ലതാണ്. അതിന്റെയും ലക്ഷ്യം കാലഗണനതന്നെയായിരുന്നു. പ്രാചീനകാലത്ത് ഭാരതീയർക്ക് ആഴ്ച ഉണ്ടായിരുന്നില്ല. (ആഴ്ച ഒരു സെമിറ്റിക്ക് – പ്രാചീന മെസപ്പൊട്ടേമിയ, ഈജിപ്ത്, ഇസ്രയേൽ ജനവി ഭാഗങ്ങളുടെ – ആശയമാണ്. അതിനു പകരം ചെറിയ കാലയളവുകൾ സൂചിപ്പിക്കാൻ ഇന്ത്യക്കാർ ഉപയോഗിച്ചത് നാൾ ആണ്. ഉദാ:- കാർത്തിക നാളിൽ ഒരു കുഞ്ഞ് ജനിക്കുന്നു എന്നിരി ക്കട്ടെ. ഇന്നു പൂരം ആണെങ്കിൽ കുഞ്ഞു ജനിച്ചിട്ട് 8 ദിവസം (രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം) ആയി എന്നു വേഗം തിട്ടപ്പെടുത്താം. 27 ദിവസം വരെ ഇങ്ങനെ എണ്ണാം. 28-ാം ദിവസം കുഞ്ഞിന്റെ അരയിൽ 28 കെട്ടും, ഒരു ചന്ദ്രമാസം (Sidereal month) കഴിഞ്ഞു. ഇനി വീണ്ടും രോഹിണി, മകീര്യം… എന്നിങ്ങനെ എണ്ണിത്തുടങ്ങാം. 

പിന്നോട്ടെന്നപോലെ മുന്നോട്ടും എണ്ണാം. ഇന്നു രോഹിണി നാളും സുഹൃത്തിന്റെ വിവാഹം ചിത്രയിലും ആണെങ്കിൽ അതിന് ഇനി 9 ദിവസം കൂടി ഉണ്ടെന്നു കണക്കാക്കാം. വെറും 7 ദിവസങ്ങൾ ചേർന്ന ആഴ്ചയേക്കാൾ 27 ദിവസങ്ങൾ ചേർന്ന നാൾ വ്യവസ്ഥ ഉപയോഗിച്ച് കാലം ഗണിക്കാൻ എന്തെളുപ്പമാണ് !

Leave a Reply

Your email address will not be published. Required fields are marked *