രാശിചക്രവും സൗരകലണ്ടറിന്റെ ആവിർഭാവവും

ചന്ദ്രൻ 27.32 ദിവസംകൊണ്ട് ഭൂമിയെ ചുറ്റുമെന്നും ചാന്ദ്രപഥത്തെ 27 തുല്യ ഭാഗങ്ങളാക്കിയതാണ് 27 നാളുകൾ അഥവാ ചാന്ദ്രസൗധങ്ങൾ എന്നും നാം കണ്ടു. ഏതാണ്ടിതേവഴി സൂര്യനും ഭൂമിക്കു ചുറ്റും പോകുന്നതായി പ്രാചീന കാലത്തെ ജ്യോതിഷികൾക്കു തോന്നി. അതായത്, സൂര്യൻ നക്ഷത്ര മണ്ഡലത്തിലൂടെ ഭൂമിക്കു ചുറ്റും പടിഞ്ഞാറുനിന്ന് കിഴക്കോട്ട് മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ഒന്നു ചുറ്റാൻ ഒരു കൊല്ലം വേണം.

യഥാർഥത്തിൽ ഭൂമി സൂര്യനെയാണ് ചുറ്റുന്നത്. ഈ ചലനത്തെ ജ്യോതിഷികൾ സൂര്യനു മേൽ ആരോപിക്കുകയാണ് ചെയ്തത്. അതിനുള്ള കാരണം വ്യക്തമാക്കാം. അതിനുമുമ്പ് ഒരു കാര്യം സൂചിപ്പിക്കട്ടെ. സൂര്യചന്ദ്രൻമാർക്ക് രണ്ടും തരം ചലനമുള്ളതായി നാം കാണുന്നുണ്ട്. ഒന്നു ദിനചലനം. ഭൂമിയുടെ സ്വയം ഭ്രമണം കാരണം സൂര്യചന്ദ്രൻമാർ എല്ലാ ദിവസവും കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും പിറ്റേന്ന് വീണ്ടും കിഴക്കുദിക്കുകയും ചെയ്യും. ഇതു കൂടാതെ ഇവ രണ്ടും എതിർദിശയിലും (പടിഞ്ഞാറു നിന്ന് കിഴക്കോട്ട്) മന്ദഗതിയിൽ സഞ്ചരിക്കുന്നുണ്ട്. ചന്ദ്രൻ 27 ⅓ ദിവസംകൊണ്ട് യഥാർഥത്തിൽ ഭൂമിയെ ചുറ്റുമ്പോൾ സൂര്യൻ ഒരു കൊല്ലംകൊണ്ട് ഒന്നു ചുറ്റുന്നതായി അനുഭവപ്പെടുകമാത്രം ചെയ്യുന്നു. ഈ രണ്ടു തരം ചലനങ്ങളെയും വേർതിരിച്ചു വേണം കാണാൻ.

ഇനി നമുക്ക് സൂര്യന്റെ വാർഷിക ചലനത്തിനു കാരണം അന്വേഷിക്കാം. ആദ്യം, സൗരദിനവും (Solar day) നാക്ഷത്രദിനവും (Sidereal day) തമ്മിലുള്ള വ്യത്യാസം എന്താണെന്നു നോക്കാം.

P1ൽ നിൽക്കുന്ന ആൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. ഭൂമി സൂര്യനെ ചുറ്റുന്നില്ലെങ്കിൽ, ഭൂമി ഒരു കറക്കം പൂർത്തിയാക്കുമ്പോൾ സൂര്യൻ വീണ്ടും അയാളുടെ തലയ്ക്കു മുകളിലെത്തും

ചിത്രം A നോക്കുക. ഭൂമിയിൽ P1 എന്ന സ്ഥാനത്തു നിന്നു നോക്കുന്ന ഒരാൾ സൂര്യനെ തലയ്ക്കു മുകളിൽ കാണുന്നു. അയാൾക്ക് സമയം നട്ടുച്ച. ഭൂമി സ്വയം കറങ്ങുക മാത്രമെ ചെയ്യുന്നുള്ളൂ എന്നു കരുതുക (അതായത് സൂര്യനെ ചുറ്റുന്നില്ല) എങ്കിൽ P2-ൽ എത്തുമ്പോൾ അയാൾ സൂര്യനെ പടിഞ്ഞാറു ചക്രവാളത്തിൽ കാണും. സമയം സന്ധ്യ. P3-യിൽ എത്തുമ്പോൾ അർധരാത്രി. P4-ൽ എത്തുമ്പോൾ സൂര്യനെ കിഴക്കു ചക്രവാളത്തിൽ കണ്ടുതുടങ്ങുന്നു: പ്രഭാതം. P1-ൽ തിരിച്ചെത്തുമ്പോൾ ദിവസം പൂർത്തിയായി. ഇങ്ങനെ ഭൂമിക്ക് ഒന്നു കറങ്ങാൻ വേണ്ട സമയം 23 മണിക്കൂറും 56മിനുട്ടും 4.09 സെക്കന്റും ആണ്.

ഭൂമി ഒരു ദിവസംകൊണ്ട് സൂര്യനു ചുറ്റും 1 ഡിഗ്രി പോകും. തന്മൂലം ഭൂമി സ്വയം ഒരു കറക്കം (360 ഡിഗ്രി) പൂർത്തിയാക്കുമ്പോൾ സൂര്യൻ തലയ്ക്കു മുകളിൽ എത്തില്ല.

എന്നാൽ, യഥാർഥത്തിൽ സംഭവിക്കുന്നത് ഇതല്ല. ഭൂമി സ്വയം ഒന്നു കറങ്ങുന്ന സമയംകൊണ്ട് സൂര്യനെ ചുറ്റി 1 ഡിഗ്രി പോയിട്ടുമുണ്ടാകും (ശരിക്കും ഒരു ഡിഗ്രിയിലും അല്പം കുറവ് 365¼ ദിവസംകൊണ്ട് 360 ഡിഗ്രി കറങ്ങിയാൽ മതിയല്ലോ) P1-ൽ തിരിച്ചെത്തുമ്പോൾ തലയ്ക്കുമുകളിൽ സൂര്യനെത്തിയിട്ടുണ്ടാവില്ല (ചിത്രം B). ഭൂമി സ്വയം 1 ഡിഗ്രി കൂടി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിലെത്തൂ (ചിത്രം C). അതിന് ഏകദേശം 4 മിനുട്ടു കൂടി വേണം. അതുംകൂടി ചേർത്താൽ 24 മണിക്കൂറായി. അതാണ് ഒരു സൗരദിനം (Solar day). അതായത്, ഒരു ദിവസം (സൗരദിനം) എന്നത് ഭൂമിക്ക് 361 ഡിഗ്രി കറങ്ങാൻ വേണ്ട സമയമാണ്.

ഭൂമി 361 ഡിഗ്രി കറങ്ങിയാലേ സൂര്യൻ തലയ്ക്കു മുകളിൽ എത്തൂ.

നക്ഷത്രത്തെ നോക്കിയാണ് ഒരാൾ ദിവസം കണക്കാക്കുന്നതെങ്കിലോ? ഉദാഹരണത്തിന്, ചിത്രം A-യിൽ, P3-യിൽ നിൽക്കുന്ന ഒരാൾ തലയ്ക്കു മുകളിൽ ഒരു നക്ഷത്രത്തെ കാണുന്നുവെന്നിരിക്കട്ടെ. 23 മണിക്കൂറും 56 മിനുട്ടും കഴിയുമ്പോൾ അയാൾ P3 യിൽത്തന്നെ തിരിച്ചെത്തുമല്ലോ (ചിത്രം B). അപ്പോഴും ആ നക്ഷത്രം തലയ്ക്കു മുകളിൽത്തന്നെയുണ്ടാവും. കാരണം നക്ഷത്രത്തിലേക്കുള്ള അനന്ത ദൂരവുമായി താരതമ്യപ്പെടുത്തുമ്പോൾ ഭൂമി ഒരു ദിവസംകൊണ്ടു സഞ്ചരിച്ച ദൂരം തീർത്തും നിസ്സാരമാണ്, നക്ഷത്രം സ്ഥാനം മാറിയതായി തോന്നുകയേയില്ല. ചുരുക്കത്തിൽ നക്ഷത്രത്തെ നോക്കി ദിനദൈർഘ്യം നിശ്ചയിക്കുന്ന ഒരാൾക്ക് 23 മണിക്കൂർ 54 മിനുട്ട് 4.09 സെക്കന്റ് എന്നു കിട്ടും. ഇതിനെയാണ് ഒരു നാക്ഷത്രദിനം (Sidereal day) എന്നു വിളിക്കുന്നത്. ഇന്നു സൂര്യന്റെ ഒപ്പം ഉദിച്ച നക്ഷത്രം നാളെ നാലുമിനുട്ടു നേരത്തെ ഉദിക്കും എന്നാണ് ഇതിനർഥം. എല്ലാ നക്ഷത്രങ്ങളും ഇപ്രകാരം, സൂര്യോദയവുമായി നോക്കുമ്പോൾ, നിത്യേന 4 മിനുട്ടു വീതം നേരത്തെയാകും ഉദിക്കുക. അഥവാ സൂര്യൻ ഓരോ ദിവസവും നക്ഷത്രങ്ങളെ അപേക്ഷിച്ച് നാലു മിനുട്ടു വീതം വൈകിയാവും ഉദിക്കുക. സൂര്യൻ ഒരു ദിവസം 1 ഡിഗ്രി വീതം നക്ഷത്രമണ്ഡലത്തിലൂടെ കിഴക്കോട്ടു നീങ്ങിപ്പോകുന്നു എന്നും പറയാം. ഇതാണ് സൂര്യന്റെ വാർഷിക ചലനമായി അനുഭവപ്പെടുന്നത്.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പ്രാചീന ജ്യോതിഷികൾ സൂര്യനിലാരോപിച്ചു. ഭൂമി A1ൽ നിന്ന് A2ൽ എത്തുമ്പോൾ സൂര്യന്റെ സ്ഥാനം C1 എന്ന നക്ഷത്രഗണത്തിൽ നിന്ന് C2വിലേക്ക് പോയതായി നാം കാണുന്നു. സൂര്യൻ പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ഒരു ദിവസം ഒരു ഡിഗ്രി വെച്ച്, ചലിക്കുന്നതായി അനുഭവപ്പെടുന്നു.

ഇതേകാര്യം നമുക്കു മറ്റൊരു വിധത്തിൽകൂടി മനസ്സിലാക്കാൻ ശ്രമിക്കാം. ചിത്രം നോക്കൂ. മേടമാസത്തിൽ ഭൂമിയുടെ സ്ഥാനമാണ് A1 എന്നിരിക്കട്ടെ. S സൂര്യനും C1 സൂര്യപശ്ചാത്തലത്തിൽ കാണുന്ന നക്ഷത്രഗണവും ആണ്. ഒരു മാസം കഴിയുമ്പോൾ ഭൂമി 30 ഡിഗ്രി സഞ്ചരിച്ച് A2-ൽ എത്തും. സൂര്യന്റെ പശ്ചാത്തല നക്ഷത്രം അപ്പോൾ C2 ആയിരിക്കും. രണ്ടു മാസം കഴിയുമ്പോൾ ഭൂമി A3-ൽ; പശ്ചാത്തല നക്ഷത്രം C3. ഇങ്ങനെ ഭൂമിയുടെ സ്ഥാനമാറ്റം നമുക്കനുഭവപ്പെടുക സൂര്യന്റെ പശ്ചാത്തല നക്ഷത്രം മാറുന്നതിലൂടെയാണ്. അഥവാ, നക്ഷത്രമണ്ഡലത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി നാം കാണുന്നു, ഒരു ദിവസം ഒരു ഡിഗ്രിവെച്ച്, ഒരു മാസംകൊണ്ട് 30 ഡിഗ്രി സൂര്യനുള്ളപ്പോൾ പശ്ചാത്തല നക്ഷത്രത്തെ കാണാൻ കഴിയില്ലല്ലോ, പിന്നെങ്ങനെ സൂര്യന്റെ സഞ്ചാരം തിരിച്ചറിയും? അതിനു രണ്ടു മാർഗ്ഗങ്ങളുണ്ട് ഒന്ന്, പ്രഭാതത്തിൽ ഉണർന്നു നോക്കുക. സൂര്യനുദിക്കുന്നതിനു 1-2 മണിക്കൂർ മുമ്പ് കിഴക്കെ ചക്രവാളത്തിൽ കാണുന്ന നക്ഷത്രഗണം ഏതാണെന്നു നോക്കുക. അതിൽനിന്ന് സൂര്യൻ നിൽക്കുന്ന ഗണം ഏതെന്ന് കണക്കാക്കാം. ഇങ്ങനെ കുറേദിവസം തുടർച്ചയായി നോക്കിയാൽ നക്ഷത്രഗണത്തിന്റെ ഉദയം നേരത്തേയാകുന്നതും കാണാം.

ഭൂമി A1-ൽ ആയിരിക്കുമ്പോൾ സൂര്യന്റെ പരഭാഗത്തുള്ള നക്ഷത്രഗണം C1 നമുക്കു കാണാൻ കഴിയില്ല. എന്നാൽ 6 മാസം കഴിയുമ്പോൾ (ഭൂമി A2-ൽ എത്തുമ്പോൾ) C1 അർധരാത്രിക്കു നമ്മുടെ തലയ്ക്കു മുകളിലെത്തും.

രണ്ടാമത്തെ മാർഗം കുറെക്കൂടി ക്ഷമ ആവശ്യമുള്ളതാണ്. ഇന്ന് സൂര്യപശ്ചാത്തലത്തിലുള്ള നക്ഷത്രഗണം (ഉദാ C1) 6 മാസം കഴിഞ്ഞ്, ഭൂമി A2-ൽ എത്തുമ്പോൾ പാതിരാസമയത്ത് നമ്മുടെ തലയ്ക്കു മീതെ നിൽപുണ്ടാവും എന്നു വ്യക്തം. അങ്ങനെ, ഏതു കാലത്തും സൂര്യ പശ്ചാത്തലത്തിലുള്ള നക്ഷത്രത്തെ 6 മാസം കഴിഞ്ഞാൽ നമുക്ക് അർധരാത്രി ഉച്ചിയിൽ കാണാം. ഒരു വർഷം തുടർച്ചയായി ഓരോ ദിവസവും അർധരാത്രിയിൽ തലക്കുമീതേക്കൂടി കടന്നുപോവുന്ന നക്ഷത്രം (transiting star) ഏതെന്നു നിരീക്ഷിക്കുന്ന ഒരാൾക്ക് ഓരോ ദിവസവും സൂര്യൻ ഏതു നക്ഷത്രസമീപം നിൽക്കുന്നു എന്നു പറയാൻ കഴിയും.

പ്രാചീന ജ്യോതിഷികൾ ശ്രദ്ധയോടും താൽപര്യത്തോടും കൂടി സൂര്യന്റെ പശ്ചാത്തല നക്ഷത്രങ്ങൾ മാറി മാറി വരുന്നതു ശ്രദ്ധിച്ചു. പക്ഷേ, ഭൂമിയുടെ ചലനമാണിതിനു കാരണം എന്നവർക്കു മനസ്സിലായില്ല. സൂര്യൻ തന്നെ നക്ഷത്രമണ്ഡലത്തിലൂടെ പടിഞ്ഞാറുനിന്നു കിഴക്കോട്ടു പതുക്കെ (ഒരു ദിവസം ഒരു ഡിഗ്രി വീതം) സഞ്ചരിക്കുകാണെന്നാണ് അവർ കരുതിയത്. (ഇതിലപ്പുറം അന്ന് ഊഹിക്കുവാൻ കഴിയുമായിരുന്നില്ല. ആയിരത്താണ്ടുകൾക്കു ശേഷം പോലും ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്ന സിദ്ധാന്തം കോപ്പർ നിക്കസ് മുന്നോട്ടു വച്ചപ്പോൾ അതു സ്വീകരിക്കാൻ ഏറെപ്പേരുണ്ടായില്ല എന്നോർക്കണം)

സൂര്യൻ ഭൂമിക്കു ചുറ്റും ഒരുവർഷം കൊണ്ടു പൂർത്തിയാക്കുന്നതായി അനുഭവപ്പെടുന്ന പഥമാണ് ക്രാന്തിവൃത്തം. ഇതു പടിഞ്ഞാറു നിന്ന് കിഴക്കോട്ടാണ് ഇതിനു പറുമേ സൂര്യൻ നിത്യേന കിഴക്കു നിന്നും പടിഞ്ഞാറോട്ടു സഞ്ചരിക്കുന്നതായി കാണുന്നു.

സൂര്യന്റെ (ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക) സഞ്ചാരപഥത്തെ പ്രാചീനർ ക്രാന്തിവൃത്തം (ecliptic) എന്നു വിളിച്ചു. ക്രാന്തിവൃത്തത്തിന് ഇരു വശത്തുമായി ആകാശത്തിൽ 18 ഡിഗ്രി വീതിയുള്ള ഒരു നാട സങ്കല്പിച്ചാൽ അതാണ് രാശി ചക്രം, അതായത് പടിഞ്ഞാറുനിന്ന് കിഴക്കോട്ട്, ഭൂമിക്കു ചുറ്റും, മധ്യാകാശത്തിലൂടെ ഒരു നാട അതിനെ 12 തുല്യ ഭാഗങ്ങളാക്കിയാൽ (30 ഡിഗ്രി വീതം) 12 രാശികൾ കിട്ടും.

ക്രാന്തിവൃത്തത്തിനു ചുറ്റും 18 ഡിഗ്രി വീതിയിൽ സങ്കൽപിക്കാവുന്ന ഒരു നാടയാണ് രാശിചക്രം. രാശിചക്രത്തെ 30 ഡിഗ്രി വീതമുള്ള 12 രാശികളാക്കിയിരിക്കുന്നു.

നാളുകൾക്ക് പേരിട്ട അതേ രീതി തന്നെയാണ് രാശികൾക്കു പേരിടാനും ഉപയോഗിച്ചത്. 30 ഡിഗ്രി വരുന്ന ഒരു രാശിക്കുള്ളിൽ ധാരാളം നക്ഷത്രങ്ങളുണ്ടാകുമല്ലോ അവയെ യോജിപ്പിച്ച് ഒരു വലിയ ചിത്രം വരയ്ക്കാൻ പറ്റും. ഉദാഹരണത്തിന് ഒരു രാശിയിലെ നക്ഷത്രങ്ങളെ കൂട്ടി യോജിപ്പിച്ചാൽ ഒരു ചെമ്മരിയാടിന്റെ രൂപം കിട്ടുമെന്നിരിക്കട്ടെ. ആ രാശിക്ക് സംസ്കൃതത്തിൽ ‘മേഷം’ (ചെമ്മരിയാട്) എന്നു പേരിടുന്നു. ലാറ്റിൻ ഭാഷയിൽ Aries എന്നും ഇംഗ്ലീഷിൽ Ram എന്നും പറയും. രൂപം ഒന്നു തന്നെ. മേഷത്തെയാണ് നമ്മൾ മലയാളികൾ മേടമാക്കിയത്.

രണ്ടാമത്തെ രാശിയുടെ രൂപം കാളയുടേതാണ്. ഋഷഭം (Taurus) മലയാളത്തിൽ ഇടവം മിഥുനം (Gemini) ഇരട്ടകളാണ്. ഗ്രീക്കുകാർക്ക്, ഇരട്ടപിറന്ന കാസ്റ്റർ, പോളക്സ് എന്നീ ദേവന്മാർ. ഭാരതീയർക്ക് അശ്വിനി ദേവന്മാർ – അവരാണത്രെ നമുക്കു ആയുർവേദം നൽകിയത്. (എന്നാൽ വരാഹഹോര അനുസരിച്ച് അത് സ്ത്രീയും പുരുഷനുമാണ്. പുരുഷൻ ഗദയും സ്ത്രീ വീണയും ധരിച്ചിരിക്കുന്നു. കർക്കിടകം ഞണ്ടും (Cancer) ചിങ്ങം സിംഹവും (Leo) കന്നി കന്യകയും (Virgo) തുലാം തുലാസും [ 41 ] (Libra) വൃശ്ചികം തേളും (Scorpio) ആണ്. ധനു ഭാരതീയർക്കു ധനുസ്സ് (വില്ല്) ആണെങ്കിൽ യൂറോപ്പിൽ മനുഷ്യന്റെ മുഖവും കുതിരയുടെ ശരീരവുമുള്ള വില്ലേന്തിയ രൂപം (Sagittarius) ആണ്. ‘സാഗിറ്റ’ വില്ലും സാഗിറ്റാറിയസ് തേളിനെ (വൃശ്ചികത്തെ) അമ്പെയ്യുന്ന വില്ലാളിയുമാണ്. ധനുവിനു ധന്വി എന്നുകൂടി സംസ്കൃതത്തിൽ പേരുവന്നത് ഇതിൽനിന്നാവാം (ധന്വി = വില്ലാളി). മകരം മുതലയാണെന്നും കോലാടാണെന്നമുള്ള സങ്കല്പം ഇന്ത്യയിലുണ്ട്. യൂറോപ്പിൽ അതു കടലാട് (Capricornus) ആണ്. ആടിന്റെ ഉടലും മീനിന്റെ വാലുമാണതിന്. കുംഭം (Acquarius) കുടമേന്തിയ ആൾരൂപമാണ്. മീനം (Pisces) രണ്ടു മീനുകളാണ്.

ഇന്ത്യൻ ജ്യേോതിഷത്തിൽ രാശിചക്രം വരയ്‍ക്കുന്നത് ചതുരത്തിലാണ് മുകളിൽ രണ്ടാമത്തെ കള്ളിയാണ് മേടം രാശി

ഈ രൂപങ്ങളെല്ലാം പ്രാചീന ബാബിലോണിയരുടെ കല്പനയാണെന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. (ബി സി 2900മാണ്ടിനു മുമ്പെ സൂമേറിയക്കാർ സൗരപഥത്തിലെ 12 നക്ഷത്രരൂപങ്ങളേയും മനസ്സിലാക്കിക്കഴിഞ്ഞിരുന്നു. പക്ഷേ, തുല്യ അളവുള്ള (30 ഡിഗ്രി വീതം) 12 രാശികൾ എന്ന ധാരണ പ്രയോഗത്തിലായത് വളരെ കഴിഞ്ഞാണ്) വ്യാപാരികളും സഞ്ചാരികളും [ 42 ] ആയിരുന്ന ബാബിലോണിയരാണ് ഈ ആശയങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെത്തിച്ചതെന്നും ഓരോ രാജ്യക്കാരും ചെറിയ മാറ്റങ്ങളേ അതിൽ വരുത്തിയുള്ളൂ എന്നും തോന്നുന്നു. യൂറോപ്പിലും ഇന്ത്യയിലും രാശികൾക്കു നൽകിയ പേരുകൾ ബാബിലോണിയരുടേതു തന്നെ. അവർക്കു മഴക്കാലം തുടങ്ങുന്ന അക്വാറിയസ് (കുടമേന്തിയ രൂപം) തന്നെയാണ് കൊടും വേനലിൽ വരുന്ന നമ്മുടെ കുംഭവും. ഭാരതത്തിലാണ് ജ്യോതിഷം ഉടലെടുത്തതെന്നും ഇവിടെ നിന്നു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയാണുണ്ടായതെന്നും വാദിക്കുന്നവർ ഇക്കാര്യം മറന്നുകളയുന്നു. എന്നു മാത്രമല്ല, ബാബിലോണിയരുടേതുപോലെ നാലഞ്ച് ആയിരം വർഷം പഴക്കമുള്ള രേഖകളൊന്നും ഇവിടെ നിന്നു കണ്ടെത്തിയിട്ടുമില്ല. രാശിനാമങ്ങൾ മിക്കതും അവരുടെ കാലാവസ്ഥയുമായും പുരാണേതിഹാസങ്ങളുമായും ബന്ധപ്പെട്ടാണ് വന്നതെന്ന് കാണാൻ എളുപ്പമാണ്.

സൂര്യൻ 12 മാസംകൊണ്ട് 12 രാശികളിലൂടെ സഞ്ചരിക്കുന്നു. ഒരു രാശിയിൽ സൂര്യൻ ഒരു മാസക്കാലം ഉണ്ടാകും എന്നർത്ഥം. ആ മാസത്തിന് ആ രാശിയുടെ പേരായിരിക്കും. മേടം രാശിയിൽ സൂര്യനുള്ള കാലം മേടമാസം. മേടം ഒന്നാം തിയ്യതി സൂര്യൻ മീനം രാശിയിൽ നിന്ന് മേടം രാശിയിലേക്ക് കടക്കുന്നു. മേടത്തിന്റെ ആരംഭ ബിന്ദുവെ മേഷാദി എന്നു വിളിക്കും.

സുര്യൻ ഒരു രാശിയിൽനിന്ന് അടുത്ത രാശിയിലേക്കു കടക്കുന്നതിനെ (രാശിപ്പകർച്ചയെ) സംക്രമം, സംക്രാന്തി (ശങ്കരാന്തി) എന്നൊക്കെ വിളിക്കും. മേട സംക്രാന്തി നമുക്കു വിഷുവാണ് (പണ്ട് വിഷു ‘വിഷുവം’ എന്ന ജ്യോതിശ്ശാസ്ത്ര പ്രതിഭാസവുമായി ബന്ധപ്പെട്ടായിരുന്നു. വിഷുവവും അയനവും എന്ന അനുബന്ധം കാണുക) സൂര്യൻ ഇടവത്തിൽ പ്രവേശിക്കുന്നതാണ് ഇടവ സംക്രാന്തി. ഇങ്ങനെ 12 സംക്രാന്തികളുണ്ട്.

മേടം ഒന്നാം തിയ്യതി സുര്യൻ മേടം രാശിയോടൊപ്പം കിഴക്കുദിക്കും. രണ്ടു മണിക്കൂർകൊണ്ട് മേടം രാശി പൂർണമായും ഉദിച്ചുയർന്നു പോകും. (ഒരു രാശി 30 ‍ഡിഗ്രിയും ഭൂമി ഒരു മണിക്കൂർ കൊണ്ട് സ്വയം കറങ്ങുന്നത് 15 ഡിഗ്രിയും ആണെന്നോർക്കുക.) തുടർന്ന് ഇടവം, മിഥുനം എന്നിങ്ങനെ 12 രാശികളും 24 മണിക്കൂർകൊണ്ട് ഉദിച്ച് ഭൂമിക്കു ചുറ്റും സഞ്ചരിക്കും. മേടത്തോടൊപ്പം സഞ്ചരിച്ച് അസ്തമിക്കുന്ന സൂര്യൻ പിറ്റേ ദിവസവും മേടത്തോടൊപ്പം ഉദിക്കും. പക്ഷേ, മേഷാദിയിൽ നിന്ന് ഏകദേശം ഒരു ഡിഗ്രി പിന്നോക്കം (കിഴക്കോട്ട്) പോയിരിക്കും. ഇങ്ങനെ 31 ദിവസം കൊണ്ട് സൂര്യൻ മേടത്തിലെ 30 ഡിഗ്രി പിന്നിട്ട്, ഇടവ സംക്രാന്തി നാൾ, ഇടവത്തിലേക്കു കടക്കും. ഇടവ മാസവും 31 ദിവസമാണ്. മിഥുനവും കർക്കിടവും നീളം കൂടിയ മാസങ്ങളാണ്, 32 ദിവസത്തോളം വരും. വൃശ്ചികം, ധനു, മകരം ഇവയ്‍ക്കു നീളം കുറവാണ്, 29-30 ദിവസം മാത്രം. എല്ലാ രാശികളും 30 ഡിഗ്രി വീതമാണെങ്കിൽ പിന്നെ എന്താണീ വ്യത്യാസത്തിനു കാരണം? സൂര്യനെ ഭൂമി ചുറ്റുന്നത് ദീർഘവൃത്തത്തിലായതുകൊണ്ടാണിതു സംഭവിക്കുന്നത്. മിഥുനം-കർക്കിടക മാസങ്ങളിൽ ഭൂമി സൂര്യനിൽ നിന്ന് ഏറ്റവും അകലെയാണ് സഞ്ചരിക്കുന്നത്. അപ്പോൾ സഞ്ചരിക്കേണ്ട ദൂരം കൂടുതലും സഞ്ചാരവേഗം അല്പം കുറവും ആയിരിക്കും (ചിത്രം കാണുക) ഈ ചലനമാണ് നാം സൂര്യനിൽ ആരോപിക്കുന്നത്. അതുകൊണ്ട് സൂര്യൻ രാശി കടക്കാൻ കൂടുതൽ ദിവസമെടുക്കും. ധനു – മകര മാസങ്ങളിൽ നേരെ തിരിച്ചും സംഭവിക്കും. മലയാള മാസങ്ങളും ഋതുക്കളുമായുള്ള ബന്ധം വളരെ വ്യക്തമാണ്. ആ അർത്ഥത്തിൽ നമ്മുടെ കലണ്ടർ വളരെ ശാസ്‍ത്രീയമാണെന്നു പറയാം. (കാലാകാലങ്ങളിൽ വരുത്തേണ്ട ചില തിരുത്തലുകൾ വരുത്തിയില്ല എന്നൊരു കുഴപ്പമുണ്ട്. അതു പിന്നീടു പറയാം)

പ്രൊഫ.കെ.പാപ്പൂട്ടി എഴുതിയ ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും എന്ന പുസ്തകത്തിൽ നിന്നുംതുടർന്ന് വായിക്കാം

Leave a Reply

Your email address will not be published. Required fields are marked *