കാലവും കലണ്ടറും – വീഡിയോയും കുറിപ്പും

ബാച്ച് 1 നുള്ള കുറിപ്പ്

നമ്മളെല്ലാം ആകാശം നോക്കാറുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും (Planets) ഉല്‍ക്കകളും(Meteors) ധൂമകേതുക്കളും (Comets)മെല്ലാമായി നമ്മളെ വിസ്മയപ്പെടുത്തുന്ന നിരവധി ദൃശ്യങ്ങളുണ്ടവിടെ. എന്നാല്‍  അതിനേക്കാള്‍ അത്ഭുതം സൃഷ്ടിക്കാന്‍ പോന്നതാണ്  അവയുടെ ആകാശത്തെ ചലനങ്ങള്‍ ദിവസേന ശ്രദ്ധിക്കുന്നത്. അത്തരം ചലനങ്ങള്‍ പണ്ട് കാലത്തുള്ളവര്‍ ശ്രദ്ധിച്ചതിന്റെ ഫലമാണ് നമ്മള്‍ ഇന്നുപയോഗിക്കുന്ന കലണ്ടറുകള്‍.

കലണ്ടര്‍ എന്നു പറയുമ്പോള്‍ എന്തൊക്കെയാണ് മനസ്സില്‍ വരിക. വര്‍ഷം, മാസം, ആഴ്ച, തീയതി. അല്പം പഴയ കാലത്തെങ്കില്‍ തിഥി, നക്ഷത്രം, ഞാറ്റുവേല ..ഇവയൊക്കെ അറിയാന്‍ കലണ്ടര്‍ വേണം. ആ കലണ്ടറുകളില്‍ ചെയ്യുന്ന കാലഗണന എങ്ങിനെ ചിട്ടയായ വാന നിരീക്ഷണത്തിലൂടെ സാധ്യമാക്കി എന്നതാണ് ഈ ക്ലാസ്സില്‍ വിവരിക്കാന്‍ പോകുന്നത്.

ഒരു വര്‍ഷം എന്നുവെച്ചാല്‍ എത്രയാണ്?

 മുന്നൂറ്റിയറുപത്തഞ്ചേകാല്‍ ദിവസം. എന്തുകൊണ്ടാണ് ഇങ്ങിനെയൊരുസംഖ്യ വര്‍ഷം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്?

ഭൂമിക്ക് സൂര്യനെ ചുറ്റാന്‍ വേണ്ടി വരുന്ന സമയം, അല്ലേ. പക്ഷേ പണ്ട് കാലത്തുള്ളവര്‍ അതെങ്ങിനെ മനസ്സിലാക്കി? നമ്മള്‍ വര്‍ഷം കടന്നു പോകുന്നതെങ്ങിനെ മനസ്സിലാക്കുന്നത്.  സ്കൂള്‍ തുറക്കുന്നതും അടയ്ക്കുന്നതുമാണ് കുട്ടികളുടെ മനസ്സില്‍. എന്നാല്‍ മുതിര്‍ന്നവരുടെയോ. മഴക്കാലവും മഞ്ഞുകാലവും വേനല്‍ക്കാലവും മാറിവരുന്ന കാലയളവ് അല്ലേ. അങ്ങിനെ ഋതുക്കള്‍(Seasons) മാറിവരുന്ന കാലയളവാണ് ഒരു വര്‍ഷം. മഴവരുന്നതും മഞ്ഞുകാലം ആരംഭിക്കുന്നതുമൊന്നും വളരെ കൃത്യമായ ദിവസമല്ലാത്തതിനാല്‍ വര്‍ഷത്തിന്റെ കാലയളവ് അത് നോക്കി കൃത്യമായി എടുക്കാനാവില്ല. എന്നാല്‍ കുറെക്കലാത്ത ശരാശരിയെടുത്താല്‍ അത് കിട്ടും. അങ്ങിനെ 360-365 ദിവസമാണ് വര്‍ഷം എന്ന കണക്ക് നമ്മുടെ പൂര്‍വ്വികര്‍ മുമ്പേ മനസ്സിലാക്കിയിരുന്നു.

എന്നാല്‍ വാന നിരീക്ഷണത്തിലൂടെയും വര്‍ഷം കടന്നു പോകുന്നത് മനസ്സിലാക്കാം. പകല്‍ സൂര്യനെ  തന്നെ നമുക്ക്  ശ്രദ്ധിക്കാം. സൂര്യന്‍ എല്ലാ ദിവസവും ഒരിടത്താണോ ഉദിക്കുന്നത്. അല്ല. നേരെ കിഴക്കുദിച്ച് പടിഞ്ഞാറസ്തമിക്കുന്നത്  രണ്ടു ദിവസമാണ്. മാര്‍ച്ച 21 ഉം സെപ്തംബര്‍ 22 ഉം. മാര്‍ച്ച് 21 ന് ശേഷം സുര്യന്റെ സ്ഥാനം ആകാശത്ത് ‍ അല്പാല്പമായി വടക്കോട്ട് നീങ്ങും. ജൂണ്‍ 21 ന് പരമാവധി എത്തും. അതായത് നേരെ കിഴക്ക് നിന്ന് 23.5 ഡിഗ്രി വടക്ക് മാറി. പിന്നെ തിരിച്ചുവരും .സെപ്തംബര്‍ 22 ന് ശേഷം കിഴക്ക് നിന്ന് തെക്ക് ഭാഗത്തേക്കാണ് നീക്കം. ഡിസംബര്‍ 21 ന് പരമാവധി. അതായത്  നേര്‍ കിഴക്ക് നിന്ന് 23.5 ഡിഗ്രി തെക്ക് മാറി. സൂര്യന്റെ ഈ ചലനത്തെ അയനചലനം എന്നാണ് പറയുന്നത്.

ഇതിനിടയില്‍ ഭൂമിയില്‍ വരുന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ?  മാര്‍ച്ച് 21ഉം സെപ്തംബര്‍ 22 ഉം സമരാത്ര ദിനങ്ങളാണ്. ഭൂമിയില്‍ എല്ലായിടത്തും രാവും പകലും തുല്യമാണന്ന്. മാര്‍ച്ച് 21 ന് ശേഷം  മുതല്‍ ഉത്തരാര്‍ധഗോളത്തില്‍ പകലിന്റെ ദൈര്‍ഘ്യവും കൂടാന്‍ തുടങ്ങും. ഇതോടൊപ്പം ചൂടും.. ജൂണ്‍ 21 ആകുമ്പോള്‍ പകലിന്റെ ദൈര്‍ഘ്യം ഏറ്റവും കൂടുന്നു. ഇതുപോലെ സെപ്തംബര്‍ 22 ന്‍ ശേഷം രാത്രി കൂടാന്‍ തുടങ്ങും. തണുപ്പ് വരാനും. ഡിസംബര്‍ 21 നാണ് രാത്രിക്ക് ഏറ്റവും ദൈര്‍ഘ്യം. അപ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ മഞ്ഞ് കാലമാണ്. അതായത് സൂര്യന്റെ സ്ഥാനമോ രാത്രിയും പകലും തമ്മില്‍ വരുന്ന വ്യത്യാസമോ നിരീക്ഷിച്ച്  കാലം  കണക്കാക്കാക്കാം. 

ഇതെന്തുകൊണ്ട് സംഭവിക്കുന്നുവെന്നറിയമോ?

ഭൂമി സൂര്യനെ ചുറ്റുന്നപ്രതലത്തിന്  (Plane of Revolution)23.5 ഡിഗ്രി ചരിഞ്ഞാണ് ഭൂമിയുടെ സ്വയംഭ്രമണത്തിന്റെ അച്ചു തണ്ട് (Axis of Rotation)ഉള്ളത്.  അതിനാല്‍ പ്രദക്ഷിണ(Revolution) സമയത്ത് സൂര്യപ്രകാശം എല്ലായ്പോഴും എല്ലായിടത്തും ഒരുപോലെയാവില്ല ലഭിക്കുക. മാര്‍ച്ച് 21 ന് ഭൂമധ്യരേഖക്കു (Equator)നേരെയാകും സൂര്യന്‍. അതായത് സൂര്യപ്രകാശം ഭൂമധ്യരേഖാ പ്രദേശത്ത് കുത്തനെ പതിക്കും. ഇതുപോലെ  ജൂണില്‍ ഉത്തരായനരേഖക്ക് (Tropic of Cancer)നേരെയും ഡിസംബറില്‍ ദക്ഷിണായന രേഖക്കു(Tropic of Capicorn) നേരെയുമാണ് സൂര്യനുണ്ടാവുക.

7000-5000 വര്‍ഷം മുമ്പ് തന്നെ ഇതിനാവശ്യമായ നിര്‍മ്മിതികള്‍ ലോകത്തിന്റെ പലഭാഗത്തും ഉണ്ടാക്കപ്പെട്ടിരുന്നു. ബ്രിട്ടനിലെ സാലിസ്ബറി എന്ന പ്രദേശത്തുള്ള സ്റ്റോണ്‍ഹെഞ്ച്  ഇത്തരത്തിലുള്ള ഒന്നാണ്.

ഈജിപ്തില്‍ നൈല്‍ ‍ നദീ തീരത്തു താമസിച്ചിരുന്നവരാണ്  നക്ഷത്രങ്ങളെ നിരീക്ഷിച്ചുകൊണ്ട് വര്‍ഷം ഗണിക്കാന്‍ തുടങ്ങിയത്. ആകാശത്തെ ഏറ്റവും ശോഭയോടു കൂടി കാണുന്ന നക്ഷത്രമാണ് സിറിയസ്. ആ നക്ഷത്രം പ്രഭാതത്തില്‍ സൂര്യോദയത്തിനു തൊട്ടുമുമ്പായി ഉദിക്കന്ന സമയത്താണ് നൈല്‍ നദിയില്‍ വെള്ളപ്പൊക്ക മുണ്ടാവുന്നതെന്നവര്‍ മനസ്സിലാക്കി. പിന്നീട് വര്‍ഷം കണക്കാക്കാന്‍‍ അതിനെ നിരീക്ഷിക്കാന്‍ തുടങ്ങി.

ഭൂമി സൂര്യനെ ചുറ്റുമ്പോള്‍ ഭൂമിക്കഭിമുഖമായി വരുന്ന നക്ഷത്രങ്ങള്‍ നമ്മള്‍ കാണില്ല. സൂര്യന് എതിര്‍വശത്തുള്ള നക്ഷത്രങ്ങളാവും അര്‍ധരാത്രിയില്‍ തലക്ക് മുകളിലായി കാണുക. ആറുമാസം കഴിയുമ്പോള്‍ ഭൂമി സൂര്യന്റെ മറു വശത്താകും. മുമ്പ് കാണാതിരുന്ന നക്ഷത്രങ്ങളാവും അപ്പോള്‍ അര്‍ധരാത്രി തലക്ക് മുകളില്‍. വീണ്ടും ഭൂമി പഴയ സ്ഥാനത്തെത്തുമ്പോള്‍ ആദ്യം കണ്ട നക്ഷത്രങ്ങള്‍ ‍ അതേ സ്ഥാനത്തുകാണും. അതായത് ഭൂമി സൂര്യനെ ചുറ്റുന്നതിനാലാണ് ഋതുവ്യത്യാസം അനുഭവപ്പെടുന്നത്. നാം കാണുന്ന നക്ഷത്രങ്ങളുടെ സ്ഥാനവും മാറുന്നത് അതേ കാരണത്താലാണ് . അതിനാലാണ് ഋതുവ്യത്യാസം മനസ്സിലാക്കാന്‍ നക്ഷത്രത്തെ നിരീക്ഷിച്ചാല്‍ മതി എന്ന സാഹചര്യമുണ്ടായത്.

സൂര്യന്റെ സ്ഥാനം നക്ഷത്രമണ്ഡലത്തില്‍  എവിടെയെന്ന് എങ്ങിനെയറിയും?  സൂര്യോദയത്തിനു തൊട്ടു മുമ്പും അസ്തമയത്തിനു പിറകേയും ഉള്ള നക്ഷത്രങ്ങളെ നോക്കിയാല്‍ മതിയല്ലോ. ഭൂമധ്യരേഖക്ക്  സമാന്തരമായ ഒരുരേഖആകാശത്ത് സങ്കല്പിച്ചാല്‍ അതാണ് ഖഗോള മധ്യരേഖ(Meridian). ഇതില്‍ സൂര്യനുണ്ടാവുക സമരാത്ര ദിനങ്ങളില്‍ മാത്രം. ആ ബിന്ദുക്കളെ വസന്തവിഷുവം എന്നും ഹേമന്ത വിഷുവം എന്നും പറയും.   ആറുമാസം അതിന്റെ വടക്കും ആറുമാസം തെക്കും.  ആ ബിന്ദുക്കളിലൂടെ 23.5 ഡി ഗ്രി ചരിഞ്ഞുള്ള രേഖ സങ്കല്പിച്ചാല്‍ അതിലെ ബിന്ദുക്കളിലൂടെയാണ് സൂര്യന്റെ സഞ്ചാരം. അതാണ് Ecliptic അഥവാ ക്രാന്തിവൃത്തം. സൂര്യന്‍ മാത്രമല്ല ചന്ദ്രനും  ഗ്രഹങ്ങളും ഇതിനോട് ചേര്‍ന്നാണ് കാമപ്പെടുക എന്നതിനാല്‍  ക്രാന്തിവൃത്തത്തിലെ നക്ഷത്രഗണങ്ങള്‍ പ്രധാനമായി തീര്‍ന്നു. ബാബിലോണിയക്കാര്‍ അതിനെ മുപ്പത് ഡിഗ്രി വീതമുള്ള  12 തുല്യഭാഗങ്ങളായി ഭാഗിച്ചു് അതിലെ നക്ഷത്ര കൂട്ടത്തിന്റെ പേരില്‍ വിളിക്കാന്‍ തുടങ്ങി. അതാണ് രാശികള്‍.

എപ്പോഴാണ് വര്‍ഷം ആരംഭിക്കുക. സൗകര്യ പ്രദമായ ഒരു ദിവസം നമ്മള്‍ക്ക്  സ്വീകരിക്കാനവുന്നതേയുള്ളു. നോക്കാന്‍ കലണ്ടറില്ലാത്ത കാലത്ത് അത് പ്രകൃതിയില്‍ തിരിച്ചറിയാനാവുന്നതും കൃത്യതയുമുള്ളതും മുന്‍കൂട്ടി അറിയാന്‍ ആകുന്നതുമാകണം. മഴക്കാലം തുടങ്ങുന്ന ദിവസം എന്നായാല്‍ പറ്റുമോ. ഇല്ല കാരണം അടുത്ത പ്രാവശ്യം അതേ ദിവസമാകണമെന്നില്ല. ഏതെങ്കിലും സമരാത്ര ദിനം, സൂര്യന്‍ ഏറ്റവും തെക്കെത്തി മടങ്ങുന്ന ദിവസം, അല്ലെങ്കില്‍ വടക്കെത്തി മടങ്ങുന്ന ദിവസം…ഇവയെല്ലാം അനുയോജ്യമാണ്.  ഭാരതം പോലുള്ള  പലപ്രദേശങ്ങളിലും വസന്ത വിഷുവം അതായത്  ചൂടും മഴയുമെല്ലാം തുടങ്ങുന്ന സമരാത്രദിനമാണ് വര്‍ഷാരംഭമായി പരിഗണിച്ചിരുന്നത്. നമ്മുടെ വിഷു അത്തരത്തിലാണ് ആചരിക്കാന്‍ തുടങ്ങിയത്. വിഷു എന്ന വാക്കിന്റയര്‍ത്ഥം തന്നെ വിഷുവം -സമരാത്രദിനം എന്നാണ്.  അതുപോലെ യൂറോപ്യന്‍ മാര്‍ സൂര്യന്റെ തെക്കന്‍ യാത്രകഴിഞ്ഞ് മടക്കം തുടങ്ങുന്ന Winter Solostice ആണ് വര്‍ഷാരംഭമായി ആചരിച്ചത്.

അത് വായിക്കുമ്പോള്‍ ഒരു സംശയം തോന്നും. സമരാത്രദിനം മാര്‍ച്ച് 21 നും വിഷു ഏപ്രില്‍ 15 നുമല്ലേ? അതെന്താ അങ്ങിനെ? വസന്തവിഷുവം നക്ഷത്രത്തെ അടിസ്ഥാനമാക്കിയാണ്  നിര്‍ണ്ണയിച്ചിരുന്നത്.  മേടം നക്ഷത്രഗണം ഉള്ള ഭാഗത്തായിരുന്നു വസന്ത വിഷുവ ബിന്ദു. എന്നാല്‍ ഇപ്പോളവിടെയല്ല. അതെന്തുകൊണ്ടാണ്? ഭൂമിയുടെ രണ്ടുതരം ചലനം നമുക്കറിയാം. സ്വയം ഭ്രമണവും സൂര്യനു ചുറ്റുമുള്ള പ്രക്ഷിണവും. എന്നാല്‍ മൂന്നമതൊരു ചലനമുണ്ട്. പമ്പരം കറങ്ങുമ്പോള്‍ അതിന്റെ തല പതുക്കെ ചുറ്റിവരുന്നതു കണ്ടിട്ടില്ലേ? അതുപോലെ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്  ഏകദേശം 26000 വര്‍ഷം കൊണ്ട് ഒരു തുറ്റല്‍ പൂര്‍ത്തിയാക്കും.  അതായത് 72 വര്‍ഷം കൊണ്ട് 1 ഡിഗ്രി. അതിനാല്‍ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ളവര്‍ഷവും (Sidereal Year) സൂര്യന്റെ അയനചലനത്തെ അടിസ്ഥാനമാക്കിയ വര്‍ഷവും (Tropical Year) തമ്മില്‍ 20.4 മിനിട്ടിന്റെ വ്യത്യാസമുണ്ട്. അപ്പോള്‍ 72 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം സൗരവര്‍ഷം മുമ്പേയാകും. ഈ പ്രതിഭാസത്തെ  പുരസ്സരണം(Precession) എന്നാണ് പറയുക.

BCE 190-120 ല്‍ ജീവിച്ചിരുന്ന ഹിപ്പാര്‍ക്കസ് എന്ന ഗ്രീക്ക് ജ്യോതിശാസ്ത്രജ്ഞനാണ് ഇക്കര്യം ആദ്യം ശ്രദ്ധിച്ചത്. എന്താ, നമ്മള്‍ ഇപ്പോള്‍ ആഘോഷിക്കുന്ന വിഷു ശരിയായ ദിനത്തിലല്ല എന്ന് കേട്ടിട്ട് ദുഖം തോന്നുന്നുണ്ടോ? എല്ലാ ആചാരങ്ങളും അങ്ങിനെയാണ്. അതാര്‍ഭവിച്ച സാഹചര്യവും അറിവും പാടെ മാറിയിട്ടും അത്  അതേപടി പിന്തുടരാറുണ്ട് നമ്മള്‍!

ഇനി നമുക്ക് മാസങ്ങളുടെ കഥ നോക്കാം. ഒരു മാസം എത്ര ദിവസമാണ്? 30-31 ദിവസം. എന്തുകൊണ്ട്?  മാസം-month- moonth ചന്ദ്രന്റെ വൃദ്ധിക്ഷയത്തിനുവേണ്ട (Waxing and Waning)സമയമായാണ്  കണക്കുകൂട്ടി തുടങ്ങിയത്. അതായത് 29.5 ദിവസം.അമാവസി മുതല്‍ അടുത്ത അമാവസി വരെ, അല്ലെങ്കില്‍പൗര്‍ണ്ണമി മുതല്‍ പൗര്‍ണ്ണമിവരെ മിക്ക സംസ്കാരങ്ങളും മാസം കണക്കാക്കി.  അപ്പോള്‍ ഒരുവര്‍ 12 മാസം. അതിനാലാണ് ബാബിലോണിയക്കാര്‍ ക്രാന്തി വൃത്തത്തെ 12 ആയി ഭാഗിച്ചത്. അത് കൂടാതെ 12 ന് മറ്റൊരു സവിശേഷതയുണ്ട്. 2,3,4,6 എന്നീ സംഖ്യകള്‍ ഘടകങ്ങളാണ്. അതിനാല്‍ 12, 60 സംഖ്യകള്‍ പല കണക്കുകൂട്ടലുകളുടെയും ആധാരമായി അവര്‍ സ്വീകരിച്ചു. 

ചന്ദ്രനെ അടിസ്ഥാനമാക്കി മാസം പക്ഷേ വര്‍ഷവുമായി കൃത്യം ചേര്‍ന്നു നില്ക്കുന്നില്ല എന്ന ത് പ്രശ്നമായി. 12 മാസം ചേര്‍ന്നാല്‍ 354- 355 ദിസമേ ആകുന്നുള്ളു. അതിനാല്‍ ഒന്നിടവിട്ടോ മൂന്നമാസം കൂടുമ്പോഴോ വര്‍ഷം ക്രമീകരിക്കാന്‍ അധിക ദിവസമുള്ള വര്‍ഷം ഉപയോഗിച്ചു. പക്ഷേ അതും സൗകര്യപ്രദമായി തോന്നാഞ്ഞതില്‍ കൃഷി പ്രധാനമായ നാടുകളെല്ലാം വര്‍ 365.25 ആയി നിലനിര്‍ത്തി മാസത്തെ ചന്ദ്രനില്‍ നിന്ന് വേര്‍പെടുത്തി 30-31 ദിവസമുള്ള മാസം ഉപയോഗിക്കാന്‍ തുടങ്ങി.എന്നാല്‍ കൃഷിപ്രധാനമല്ലാത്ത, മരുപ്രദേശമായ  അറബിനാടുകള്‍ മറ്റൊരു രീതിയാണ് അവലംബിച്ചത്. അവര്‍ക്ക് കച്ചവടത്തിനായി രാത്രിസഞ്ചാരവും അതിനു വഴികാട്ടുന്ന ചന്ദ്രനും പ്രിയപ്പെട്ടതാണ്. അതിനനുസരിച്ചാണ് അവരുടെ ജീവിതം ചിട്ടപ്പെടുത്തിയിരുന്നത്. അതിനാല്‍ ചാന്ദ്രമാസത്തെ കയ്യൊഴിയാന്‍ അവര്‍ക്കാകില്ലായിരുന്നു.ചന്ദ്രനെ ആദ്യം കാണാനാകുന്ന ദിവസമാണ് അവരുടെ മാസപിറവി.12 ചാന്ദ്രമാസങ്ങള്‍ ചേര്‍ന്ന 354-355 ദിവസമാണ് ഒരു വര്‍ഷം.മുസ്ലീം മതവിശ്വാസികളുടെ ആചാരങ്ങളും ആഘോഷദിവസങ്ങളും അതിനെ അടിസ്ഥാനമാക്കിയാണ്. അതിനാലാണ് റംസാനും ബക്രീദുമെല്ലാം ഓരോവര്‍ഷവും നേരത്തെ വരുന്നത്.

നമ്മള്‍ ഭാരതീയര്‍ മാസം ഗണിച്ചിരുന്നതും ചാന്ദ്ര മാസത്തെ അടിസ്ഥാനമാക്കിയിരുന്നു. എന്നാല്‍ മുമ്പ് പറഞ്ഞ കാരണത്താല്‍ ആ രീതി മാറ്റി സൗരമാസമാക്കി. ഓരോ രാശിയിലും സൂര്യന്‍ നില്ക്കുന്ന കാലയളവാണ്  മാസം. ശകവര്‍ഷത്തില്‍ പൗര്‍ണ്ണമി ദിവസം ചന്ദ്രന്റെ സ്ഥാനം ഏതേ നക്ഷത്രത്തിനടുത്ത് എന്നനുസരിച്ചാണ് ചേര് നല്കിയിരിക്കുന്നത്. അതായത് അശ്വിനം എന്നാല്‍ അശ്വതി നക്ഷത്രത്തിന് സമീപമായി പൂര്‍ണ്ണചന്ദ്രന്‍ വരുന്ന സമയം. കാര്‍ത്തിക എന്നാല്‍ കാര്‍ത്തിക നക്ഷത്രത്തിനടുത്തും. ചാന്ദ്രമാസമായിരുന്നപ്പോള്‍ സ്വീകരിച്ചിരുന്ന രീതിയാണത്. മലയാളമാസങ്ങളുടെ പേര് സൂര്യന്‍ ആ മാസം നില്ക്കുന്ന രാശിയുടെ പേര് തന്നെയാണ്.  മലയാളം കലണ്ടറിലെ മാസത്തിന്റെ ദിവസങ്ങള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ. ധനു 29 ഉം മിഥുനം 32 ഉം ആണ്. അതെന്തുകൊണ്ടാണന്നറിയേണ്ടെ? ഭൂമിസൂര്യനെ ചുറ്റുന്നത് ദീര്‍ഘവൃത്താകൃതിയായ പാതയിലാണല്ലോ. അതിനാല്‍ സൂര്യനോട് ഭൂമി അടുത്തുവരുമ്പോള്‍ ഭൂമിയുടെ വേഗത കൂടും.അകലുമ്പോള്‍ വേഗത കുറയും.(കെപ്ലറുടെ രണ്ടാം ചലന നിയമം). ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്നത് ജനുവരി നാലിനാണ്. അകലെയാകുന്നത്  ജൂലായ് നാലിനും. ഇവരണ്ടും ഉള്‍കൊള്ളുന്ന മലയാളമാസങ്ങളാണല്ലോ ധനുവും മിഥുനവും. ഭമിയില്‍ നിന്ന് നോക്കുമ്പോള്‍ സൂര്യന്റെ ആകാശവേഗത ഈ മാസങ്ങളില്‍ യഥാക്രമം കൂടുകയും കുറയുകയും ചെയ്യുന്നതായാണ് തോന്നുക. അതിനാല്‍ ധനുരാശിയിലെ 30 ഡിഗ്രി മറികടക്കാന്‍ സൂര്യന് 29 ദിവസമേ വേണ്ടു. മിഥുനം മറികടക്കാന്‍ 32 ദിവസവും.

എന്നാല്‍ നമ്മള്‍ ദൈനംദിനകാര്യങ്ങള്‍ക്കാശ്രയിക്കുന്ന ആധുനിക കലണ്ടറിന്  മറ്റൊരു ചരിത്രമാണുള്ളത്. റോമാ സാമ്ര്യാജ്യം ഉപയോഗിച്ചിരുന്ന കലണ്ടറിന്റെ തുടര്‍ച്ചയാണത്. ആധുനികകലണ്ടര്‍ പ്രാചീന റോമക്കാരുപയോഗിച്ചിരുന്നത് പലഘട്ടമായി പരിഷ്കരിച്ചതാണ്. മഞ്ഞ് കാലം വിശ്രമകാലമായതിനാല്‍  അത് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അത് കഴിഞ്ഞ് സൈനിക നീക്കങ്ങള്‍ ആരംഭിക്കുന്ന മാസമാണ് യുദ്ധദേവനായ ചൊവ്വയുടെ പേരില്‍ ആദ്യമാസമായ മാര്‍ഷ്യസ് ആയത്.  ബാക്കി 304 ദിവസം  ചന്ദ്രനെ അടിസ്ഥാനമാക്കിയ 10 മാസങ്ങള്‍ . അമാവസി മുതല്‍ അര്‍ധചന്ദ്രന്‍ വരെയുള്ള 8 ദിവസം കാലിണ്ട്  എന്നറിയപ്പെട്ടു. ഒമ്പതാം ദിവസം മുതല്‍ പൗര്‍ണ്ണമിവരെ  നണ്‍സ്. പിന്നീടുള്ളവ ഐഡ്സും. കാലണ്ട് എന്ന വാക്കില്‍ നിന്നാണ് കലണ്ടര്‍ വന്നത്.  ആദ്യ നാലുമാസം ദേവതകളുടെ പേരും പിന്നീടുള്ളവ അത് എത്രാമത്തെ മാസവും എന്നതിനനുസരിച്ചായിരുന്നു പേര്. പിന്നീട് ജൂലിയസ് സീസര്‍  കലണ്ടര്‍ പരിഷ്കരിച്ച്  മഞ്ഞ് കാലത്തെ കൂടി ഉള്‍ച്ചേര്‍ത്ത് ‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ അടക്കം 12 മാസമാക്കി. ഒരുവര്‍ഷം 365.25 ആയി കണക്കാക്കാന്‍ നാലുവര്‍ഷം കൂടുമ്പോള്‍ ലീപ് ഇയര്‍ എന്ന ആശയവും അപ്പോഴാണ് വന്നത്.  ആദ്യം 355 ഉം 377-378 ദിവസവുമുള്ള വര്‍ഷങ്ങളായിരുന്നു. പിന്നീട് മാസം 31-30 എന്ന നിലയില്‍ പരിഷ്കരിച്ചു. ഏഴാം മാസം ക്വിന്റിലിസ് ജൂലിയസിന്റെ സ്മരണക്ക് ജൂലായ് ആക്കി. തുടര്‍ന്ന് വന്ന അഗസ്റ്റസ് സീസര്‍ സെക്സ്റ്റയില്‍സിനെ ആഗസ്റ്റും ആക്കി മാറ്റി. കൂടാതെ ഈ രണ്ടു ദിവസവും 31 വീതവും. അപ്പോള്‍ കുറവ് വരുത്തിയത് ഫെബ്രുവരിയിലാണ്. അതൊടെ ആ മാസം സാധാരണ 28 ഉം ലീപ് ഇയറില്‍ 29 ഉം ആയി. അതും പിന്നീട് 1582 ല്‍ പരിഷ്കരിച്ചതാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍. വര്‍ഷം 365.2425 ആകും വിധം നൂറ്റാണ്ടുകളെ ലീപ് ഇയറില്‍ നിന്ന് ഒഴിവാക്കിയും എന്നാല്‍ 400-൦ം വര്‍ഷങ്ങളെ ലീപ്ഇയര്‍ ആയി നിലനിര്‍ത്തിയുമാണിത് സാധ്യമാക്കിയത്.  ഗ്രിഗോറിയന്‍ കലണ്ടര്‍ കാലാവസ്ഥയെ അടിസ്ഥാനമാക്കിയ  കാലഗണനക്ക്   മിക്കവാരും  അനുയോജ്യമാണ്. എന്നാല്‍ ഒരു സൂര്യന്റെ അയനചലനമൊഴിച്ച് ഒരു ജ്യോതിശാസ്ത്ര പ്രതിഭാസവുമായി അത് ബന്ധപ്പെട്ടിരിക്കുന്നില്ല.

ആഴ്ചയാണ് അടുത്തത്. മാസം സാമാന്യം ദീര്‍ഘമായ ഇടവേളയായയതിനാല്‍ അതില്‍ താഴെയുള്ള ഒരുയൂണീറ്റ് എന്ന നിലയിലാണ് ആഴ്ചയുടെ പ്രാധാന്യം. സുമേരിയക്കാരാണ്  മാസത്തിന്റെ നാലിലൊന്നിനോട് ഏകദേശം അടുത്തു നില്ക്കുന്ന ഏഴ് ദിനങ്ങളെ ഒരുയൂണീറ്റായി പരിഗണിച്ചുതുടങ്ങിയത്.  ഓരോ ദിവസത്തെയും ആകാശത്തെ ഒരുഗ്രഹവുമായി ബന്ധപ്പെടുത്തി. ഇവിടെ സൂര്യനെയും ചന്ദ്രനെയും നക്ഷത്ര മണ്ഡലത്തിലൂടെ സഞ്ചരിക്കുന്നതെന്നയര്‍ത്തത്തില്‍ ഗ്രഹമായാണ് പരിഗണിച്ചിരുന്നത്. ജൂതന്‍മാരും ഏഴുദിവസമുള്ള ആഴ്ച ആചരിച്ചുതുടങ്ങി. എന്നാല്‍ പേരുകള്‍ ഇതായിരുന്നില്ല. പിന്നീട് ഗ്രീക്കുകാരും ഭാരതീയരുമെല്ലാം ആഴ്ചയും ഗ്രഹങ്ങളെചൊല്ലിയുള്ള പേരും സ്വീകരിച്ചു.ആഴ്ചയില്‍ ഒരു ദിവസം എല്ലായിടത്തും അവധിയാണെങ്കിലും അത് ഒരുപോലെയല്ല.  ചിലയിടങ്ങളില്‍ ഞായറും മറ്റു ചിലയിടങ്ങളില്‍ ശനിയും ഇനിയും ചിലയിടത്ത് വെള്ളിയുമാണ്. ആഴ്ചയുടെ തുടക്കദിവസവും വെവ്വേറെയാണ്. ആഴ്ചകളുടെ ക്രമം ശനിമുതല്‍ ചന്ദ്രന്‍വരെ വേഗതയുടെ ക്രമത്തില്‍ ദിലവസത്തിലെ ഓരോ മമിക്കൂറിനെയും ബന്ധപ്പെടുത്തി അടുത്ത ദിവസം ആരംഭിക്കുന്ന മണിക്കൂര്‍ ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കിയാണ്.

ദിവസം നമുക്കിപ്പോള്‍ 24മണിക്കൂര്‍ ആണ്. എന്നാല്‍ അതിന്റെ കണക്കാക്കലും അത്ര സുഗമമായിരുന്നില്ല. കാരണം രാവിന്റെയും പകലിന്റെയും  ദൈര്‍ഘ്യം എല്ലായ്പോഴും ഒരുപോലെയല്ലാത്തതിനാല്‍  സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെഎല്ലായ്പോഴും ഒരുപോലെയല്ല. നട്ടുച്ച മുതല്‍ എടുത്താല്‍ രാവും പകലും ചേര്‍ന്നസമയും മിക്കവാറു ഒരുപോലെയാകും. എന്നാല്‍ പകലിന്റെ പകുതിവെച്ച് ദിവസം ആരംഭിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്.  നക്ഷത്രത്തെ അടിസ്ഥാനമാക്കിയലോ , സൗരദിനത്തേക്കാള്‍ നാലുമിനിറ്റ് കുറവാണത്. (ഭൂമിയുടെ സ്വയം ഭ്രമണ സമയം 23 മണിക്കൂര്‍ 56 മിനിറ്റാണ്). അതിനാലാണ് അര്‍ധരാത്രി മുതല്‍ ദിവസംതുടങ്ങുന്ന രീതി വന്നത്. 

 ഇപ്പോള്‍ നമ്മള്‍ അക്കങ്ങള്‍ ഉപയോഗിച്ചാണ് ദിവസത്തിന് പേര് നല്കുന്നതെങ്കിലും മുമ്പ് ഭാരതത്തില്‍ അതായിരുന്നില്ല രീതി. ഇപ്പോഴും‍ ആചാരങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്ന തിഥിയും നക്ഷത്രവുമാണത്. 

ചന്ദ്രന്റെ രൂപം ആര്‍ക്കും എളുപ്പം തിരിച്ചറിയാവുന്നതാണ്. എന്നാല്‍ ദിവസത്തിനു ചേരും വിധം അത് എങ്ങിനെ ഉപയോഗപ്പെടുത്തും. അതിന്റെ വൃദ്ധിക്ഷയം പൂര്‍ത്തിയാക്കുന്നത്  29.52 ദിവസം കൊണ്ടാണല്ലോ.അത്രയും ദിവസം കൊണ്ട് ചന്ദ്രന്‍ സൂര്യനെ അപേക്ഷിച്ച് 360 ഡിഗ്രി കറങ്ങി പൂര്‍ത്തിയാക്കും. അതിന്റെ അടുത്ത പൂര്‍ണ്ണസംഖ്യായായ 30 എടുത്തു 360 നെ ഹരിച്ചാല്‍ ഒരു ദിവസം സൂര്യനെ അപേക്ഷിച്ചുണ്ടാകുന്ന മാറ്റം ഏകദേശമായിരിക്കും. അതായത് തിഥി  എന്നാല്‍ സൂര്യനില്‍ നിന്ന് ചന്ദ്രന് ആകാശത്ത് 12 ഡിഗ്രി മാറാന്‍ വേണ്ടി വരുന്ന സയമാണ്. ഇത് ഒരു ദിവസത്തേക്കാള്‍ ശരാശരിയില്‍ അല്പം കുറവാണ്.  എന്നാല്‍ ചന്ദ്രന്റെ വേഗത എല്ലായ്പോഴും ഒരുപോലെ അല്ലാത്തതിനാല്‍ 19 മുതല്‍ 26 മണിക്കൂര്‍വരെ തിഥിയുടെ സമയം മാറാറുണ്ട്. കറുത്ത വാവ് മുതല്‍ ആദ്യ 12 ഡിഗ്രി പ്രതിപഥം, അടുത്ത 12 ഡിഗ്രി ദ്വതീയ, പിന്നെ തൃതീയ എന്നിങ്ങനെ പൗര്‍ണ്ണമിവരെ 15 ഉം പിന്നെ വീണ്ടും കറുത്തപക്ഷത്തില്‍ ഇതേ പോലെ പ്രതിപഥം മുതല്‍ അമാവാസിവരെ 15 ഉം ആണ് തിഥികള്‍. തിഥി ആരംഭിക്കുന്നത്  സൂര്യോദയം മുതലോ ഇന്നത്തെ കണക്കനുസരിച്ചുള്ള ദിവസാരംഭം മുതലോ‍ ആകണമെന്നില്ല.

നക്ഷത്രം അഥവാ നാള്‍ ആണ് അടുത്തത്. സമീപ കാലം വരെ പിറന്നാളും മറ്റും ആചരിച്ചിരുന്നത് നക്ഷത്രം നോക്കിയാണ്. ഇന്നും പലരും അത് പിന്തുടരുന്നുണ്ട്.

ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ വേണ്ട സമയം 27.3 ദിവസമാണ്. അതിനാല്‍ നക്ഷത്രത്തെ ആധാരമാക്കി ചന്ദ്രന്റെ ആകാശ ചലനം ശ്രദ്ധിച്ചാല്‍ അതിന് അത്രയും ദിവസമാണ് വേണ്ടി വരിക. ഇക്കാര്യം പണ്ടുള്ളവര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ ദിവസം കണക്കാക്കാന്‍ ചന്ദ്രന്‍ ഏത് നക്ഷത്രത്തിന് സമീപം എന്ന് തിരിച്ചറിഞ്ഞാല്‍ മതി.  അതിനായി ക്രാന്തിവൃത്തത്തെ 27 ഭാഗമാക്കി ആ ഭാഗത്തെ നക്ഷത്രത്തിന്റെ പേരില്‍ അവിടം വിളിക്കുന്നു. അതായത് അശ്വതി എന്ന ചാന്ദ്ര രാശി കുതിരത്തലപോല തോന്നുന്ന  നക്ഷത്രങ്ങള്‍ ഉള്ള 13 ഡിഗ്രി 20 മിനിറ്റ് ആണ്. ഈ വിധം ഓരോ ചാന്ദ്ര രാശിയെയും പേരിട്ടതാണ് നക്ഷത്രങ്ങള്‍. ചന്ദ്രന്‍ ആ രാശിയില്‍ എത്തുമ്പോള്‍ അന്നത്തെ നക്ഷത്രം അതായി പറയുന്നു. ഒരു ചാന്ദ്ര രാശിയില്‍ സൂര്യന്‍ 13-14 ദിവസമാണ് ഉണ്ടാവുക. ആ കാലയളവാണ്  ഞാറ്റുവേല.

കലണ്ട‍റിന്റെ കാലസങ്കല്‍പങ്ങളെല്ലാം രൂപപ്പെട്ടത്  ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അവയെല്ലാം നമ്മുടെസൗകര്യത്തിനനുസൃതമായി മാറ്റി തീര്‍ത്താണ് നാമിന്ന് ഉപയോഗിക്കുന്നത്.

1 Comment.

Leave a Reply

Your email address will not be published. Required fields are marked *