വാന നിരീക്ഷണവും കാലഗണനയും – വീഡിയോയും കുറിപ്പും

രണ്ടാമധ്യായം – വാനനിരീക്ഷണവും കാലഗണനയും – ടി.കെദേവരാജൻ അവതരിപ്പിക്കുന്നു.

  1. പ്രധാന അവതരണം വീഡിയോ കാണാം
  2. അധ്യായം 2 – സ്ലൈഡുകൾ
  3. സഹായക വീഡിയോ കാണാം

കാലത്തെകുറിച്ചുള്ള ഇന്നത്തെ നമ്മുടെ സങ്കല്‍പം കൃത്യവും ചിട്ടയോടെയുള്ളതുമാണ്. ദിവസം, ആഴ്ച , മാസം, വര്‍ഷം  തുടങ്ങിയ യൂണിറ്റുകള്‍ എന്തെന്നും പരസ്പരം എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇന്ന് നമുക്കറിയാം. എന്നാല്‍ അവ എങ്ങിനെയാണ് കണക്കാക്കാന്‍ തുടങ്ങിയതെന്ന് ആലോചിട്ടുണ്ടോ?

ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുമായി  ബന്ധപ്പെട്ടാണ്  കാലബോധം നമുക്കുണ്ടാകുന്നത്. അതിനാല്‍ പ്രാചീന കാലത്ത്  വാന നിരീക്ഷണത്തിന്റെ ആവശ്യം തന്നെ  കാലഗണനയായിരുന്നു. ചിട്ടയായ വാന നിരീക്ഷണത്തിന് ഏകദേശം 32000 വര്‍ഷമെങ്കിലും പഴക്കമുണ്ട്. ചന്ദ്രന്റെ വൃദ്ധിക്ഷയം അടയാളപ്പെടുത്തിയതാണെന്ന് കരുതുന്ന ഒരു അസ്ഥികഷ്ണം യൂറോപ്പില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതിന് അത്രയും പഴക്കമാണ് കണക്കാക്കിയത്. എന്നാല്‍ പതിനായിരം വര്‍ഷം മുമ്പ്  കൃഷി ആരംഭിച്ചതോടെയാണ് കാലഗണന ആവശ്യമായി വന്നതും അതിനായി ആകാശ പ്രതിഭാസങ്ങളെ അടിസ്ഥാനമാക്കിയതും.

ഇന്ന് ശാസ്ത്രം നല്കിയിരിക്കുന്ന ധാരണയില്‍ നിന്നുകൊണ്ട് പ്രാചീനകാലത്ത് കാലത്തിന്റെ വിവിധ യൂണീറ്റുകള്‍ എങ്ങിനെ കണക്കാക്കി തുടങ്ങി എന്നാണ് ഇവിടെ പറയുന്നത്.

വര്‍ഷം

വര്‍ഷം എന്നാല്‍ ഭൂമിക്ക് സൂര്യനെ പ്രദക്ഷിണം ചെയ്യാനുള്ള കാലയളവാണെന്നാണ്  നമ്മള്‍ പറയുക. പക്ഷേ പണ്ട് കാലത്ത് ആ ഒരു ധാരണ ഇല്ലല്ലോ. വര്‍ഷത്തെപ്പറ്റിയുള്ള ആശയം രൂപപ്പെടുന്നത് ഋതുക്കള്‍ മാറിവരുന്ന കാലയളവ് എന്ന നിലയിലാണ്. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് മൂലം സൂര്യനെ ചുറ്റുന്നതിനിടയില്‍ എല്ലാക്കാലത്തും എല്ലായിടത്തും ഒരേപോലെയല്ല സൂര്യ പ്രകാശം ലഭിക്കുക. മാര്‍ച്ച് 21 ന് ഭൂമധ്യരേഖയിലായിരിക്കും സൂര്യ പ്രകാശം കുത്തനെ പതിക്കുക. എന്നാല്‍ ജൂണ്‍ 21 ന് ഉത്തരായനരേഖ കടന്നു പോകുന്ന പ്രദേശങ്ങളില്‍. ഡിസംബര്‍21 ന് ദക്ഷിണായന രേഖയിലും. ഇതിനനുസരിച്ചാണ് കാലം മാറുന്നത്. 

മഴയും മഞ്ഞുമൊന്നും ആരംഭിക്കുന്നത് കൃത്യദിവസമല്ലാത്തനാല്‍ ‍ ആ വിധം വര്‍ഷം കണക്കാക്കുന്നതില്‍ കൃത്യത കുറയും. 

എന്നാല്‍ മറ്റൊരുവിധത്തില്‍ വര്‍ഷം കണക്കാക്കാം.നേരത്തെ പറഞ്ഞ കാരണത്താല്‍ സൂര്യന്റെ ഉദയവും അസ്തമയവും ഒരേ സ്ഥലത്തായല്ല നാം കാണുക. അതുപോലെ രാവിന്റെയും പകലിന്റെയും ദൈര്‍ഘ്യത്തിനും വ്യത്യാസമുണ്ടാകും. മാര്‍ച്ച് 21 ന്  സൂര്യന്‍ ഭൂമിയില്‍ എല്ലായിടത്തും നേരെ കിഴക്കുദിച്ച് നേരെ പടിഞ്ഞാറസ്തമിക്കും.എന്നാല്‍ ഉച്ചിയിലെത്തുമ്പോഴുള്ള സ്ഥാനം നിരിക്ഷിക്കുന്നത് ഏത് അംക്ഷാംശ രേഖയിലെന്നതിനനുസരിച്ച് മാറും. 12ഡിഗ്രിയിലുള്ളവര്‍ക്ക് സൂര്യന്‍ ഉച്ചിയിലെത്തുമ്പോള്‍ 12 ഡിഗ്രി തെക്കാണ് കാണുക. അതായത് എത്രയാണ് അക്ഷാംശ രേഖ, അത്ര കണ്ട് തെക്ക്. അപ്പോള്‍ ധ്രുവപ്രദേശങ്ങളില്‍ നില്‍ക്കുമ്പോള്‍ സൂര്യന്‍ ചക്രവാളത്തിലൂടെ ചുറ്റുന്നതായാണ് അനുഭവപ്പെടുക. പിന്നീടുള്ള ദിവസങ്ങളില്‍ സൂര്യന്റെ സ്ഥാനം അല്പാല്‍പമായി വടക്കോട്ടു നീങ്ങും. പരമാവധി എത്തുന്ന ജൂണ്‍ 21ന് സൂര്യന്‍ ഉദിക്കുക കിഴക്ക് നിന്ന് 23.5ഡിഗ്രി വടക്ക് മാറിയാവും. ഉച്ചിലെത്തുമ്പോള്‍ ഭൂമധ്യ രേഖയിലുള്ളവര്‍ക്ക് വടക്ക് മാറി 23.5 ഡിഗ്രി. ഉത്തരായനരേഖയിലുള്ളവര്‍ക്ക്  തലക്ക് മുകളിലും. ഉത്തരധ്രുവത്തില്‍ ചക്രവാളത്തില്‍ നിന്ന് 23.5 ഡിഗ്രി ഉയര്‍ന്ന് ചുറ്റും. ദക്ഷിണധ്രുവത്തില്‍ സൂര്യന്‍ കിഴക്ക് നിന്ന് തെക്കോട്ട് നീങ്ങുന്ന ആറുമാസം സൂര്യനെ കാണുകയേ ഇല്ല. അതിനുശേഷം സൂര്യന്റെ മടക്കയാത്രയും തെക്കന്‍ഭാഗത്തുള്ള ഉദയവും. ഡിസംബര്‍ 21 ന് പരമാവധി. ഉത്തരാര്‍ധഗോളത്തില്‍ അവര്‍ എത്ര അക്ഷാംശത്തിലാണോ അത്രയും 23.5 ഡിഗ്രിയോട് ചേര്‍ന്നുള്ള കോണിലാണ് സൂര്യനെ ഉച്ചിയില്‍ കാണുക. സൂര്യ പ്രകാശം കുത്തനെ വീഴുന്ന കാലയളവില്‍ വേനലും കൂടുതല്‍ ചരിഞ്ഞു പതിക്കുന്ന സമയത്ത് മഞ്ഞ് കാലവും.

സൂര്യോദയസ്ഥാനം നോക്കി കാലം നിര്‍ണ്ണയിക്കുന്ന രീതിക്ക്  ഏറെ പഴക്കമുണ്ട്. ഇതിലേക്കായി  കരിങ്കല്‍ പാളികള്‍ നാട്ടിയ ഒരു നിര്‍മ്മിതി ഈജിപ്തിലെ നബ്താ പ്ലായയില്‍ കണ്ടെത്തിയതിന് 7000 വര്‍ഷമാണ് പഴക്കം. ഇംഗ്ലണ്ടിലെ സാലിസ്ബറിയിലെ പ്രശസ്തമായ സ്റ്റോണ്‍ഹെഞ്ചിന് 5000 വര്‍ഷവും.

നക്ഷത്രങ്ങളെ നോക്കി കാലഗണന ആരംഭിക്കുന്നത് ഈജിപ്പതുകാരാണ്. നൈല്‍ നദീതീരത്ത് വെള്ളപൊക്കം ഉണ്ടാകുന്നതിന് തൊട്ടുമുമ്പാണ്  ആകാശത്തില്‍ ഏറ്റവും ശോഭയോടുകൂടി കാണപ്പെടുന്ന നക്ഷത്രമായ സിറിയസ്  സൂര്യോദയത്തിനു തൊട്ടുമുമ്പ് ഉദിക്കുന്നതെന്ന് അവര്‍ മനസ്സിലാക്കി. അതിനെ അടിസ്ഥാനമാക്കിയാണ് അവര്‍ പിന്നീട് കാലഗണന നടത്തിയത്. പിരമിഡിന്റെ നിര്‍മ്മിതിയും സിറിയസിന്റെയും അതിനു തൊട്ടുമുമ്പുദിക്കുന്ന ഒറിയോണ്‍ നക്ഷത്രഗണത്തിലെ നക്ഷത്രങ്ങളെയും ബന്ധപ്പെടുത്തിയാണ്. പിന്നീട്  ഭാരതമുള്‍പ്പടെയുള്ള പല പ്രദേശങ്ങളിലും നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയ കാലഗണന സ്വീകരിച്ചതായി കാണാം.

എന്തുകൊണ്ടാണ് നക്ഷത്രങ്ങളുടെ ഉദയം കാലവുമായി ബന്ധപ്പെട്ടിരിക്കുന്നത്.  സൂര്യന് അഭിമുഖമായുള്ള നക്ഷത്രങ്ങള്‍ സൂര്യപ്രകാശത്താല്‍ നമുക്ക് കാണാന്‍ കഴിയില്ലല്ലോ. അപ്പോള്‍ അര്‍ധരാത്രിക്ക് സൂര്യന്‍ എതിര്‍ഭാഗത്തുള്ളനക്ഷത്രങ്ങളാവും നാം ഉച്ചിയില്‍ കാണുക. ഭൂമി സൂര്യനെ ചുറ്റുന്നതിനനുസൃതമായി നാം കാണുന്ന നക്ഷത്രങ്ങളും മാറിവരും. ഓരോ ദിവസവും നക്ഷത്രങ്ങള്‍ ഉദിക്കുന്നത്  തൊട്ട് തലേ ദിവസത്തേക്കാള്‍ 4 മിനിറ്റ് മുന്നേയാണ്. അപ്പോള്‍ ഒരുമാസം കൊണ്ട് 2 മണിക്കൂര്‍. ഒരുവര്‍ഷം പിന്നിടുമ്പോള്‍ അതേ സമയത്ത്. നക്ഷത്ര മണ്ഡലത്തിലൂടെ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായാണ് നമുക്കനുഭവപ്പെടുക. ഉദയത്തിന് തൊട്ടുമുമ്പുള്ള  , അല്ലെങ്കില്‍ അസ്തമയത്തിനു തൊട്ടുപിന്നേയുള്ള നക്ഷത്രങ്ങളെ നോക്കിനക്ഷത്രമണ്‍ഡലത്തില്‍  ഏത് ഭാഗത്താണ് സൂര്യന്റെ സസ്ഥാനമെന്ന് നിര്‍ണ്ണയിക്കാമല്ലോ. 

ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശത്ത് ഒരു രേഖ സങ്കല്പിച്ചാല്‍ അതാണ് ഖഗോള മധ്യരേഖ.  ഈ ഖഗോള മധ്യരേഖയില്‍ സൂര്യന്റെ സ്ഥാനം വരുന്നത് സമരാത്രദിനങ്ങളില്‍ മാത്രമാവും. ആറുമാസം  സൂര്യന്‍ കാണപ്പെടുക ഖഗോള മധ്യരേഖക്ക് വടക്കും പിന്നീടുള്ള ആറുമാസം തെക്കു ഭാഗത്തുമാവും. അതായത് ഖഗോള മധ്യരേഖയോട് 23.5 ഡിഗ്രി ചരിഞ്ഞ പാതയിലാണ്  സൂര്യന്‍ നക്ഷത്രമണ്ഡലത്തില്‍ സഞ്ചരിക്കുന്നത്.   ഇതിനെയാണ് ക്രാന്തിവൃത്തം (Ecliptic) എന്നു പറയുന്നത്. ക്രാന്തിവൃത്തവും ഖഗോള മധ്യരേഖയും സന്ധിക്കുന്ന രണ്ടു ബിന്ദുക്കളില്‍ സൂര്യന്‍ വരുമ്പോഴാണ് സമരാത്ര ദിനങ്ങള്‍. അതില്‍ സൂര്യന്റെ വടക്കയാത്ര ആരംഭിക്കുന്ന ബിന്ദു വസന്തവിഷുവവും തെക്കന്‍യാത്ര ആരംഭിക്കുന്ന ബിന്ദു ശരത് വിഷുവവും.   ഖഗോള മധ്യരേഖയില്‍നിന്ന് സൂര്യന്‍ പരമാവധി വടക്ക് വരുന്ന ബിന്ദു  Summer Solistice.തെക്കേയറ്റത്ത് വരുന്ന ബിന്ദു Winter Solistice . സൂര്യന്‍ ഈ സ്ഥാനങ്ങളില്‍ വരുന്ന ദിവങ്ങള്‍ വിവിധ സംസ്കാരങ്ങള്‍ വര്‍ഷാരംഭമായി പരിഗണിച്ചു.  മലയാളികള്‍ വിഷു ആരംഭിച്ചു തുടങ്ങിയത് വസന്തവിഷുവത്തിലാണ്. അതാണ് വിഷുവായി തീര്‍ന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ പലരും സൂര്യന്റെ വടക്കന്‍ മടക്കം തുടങ്ങുന്ന വിന്റര്‍ സോളിസ്റ്റൈസ് ആണ് വര്‍ഷാരംഭമാക്കിയത്. നമ്മള്‍ അത് മകര സംക്രാന്തിയായും ആഘോഷിച്ചിരുന്നു.

എന്നാല്‍ നമുക്കറിയാം , വിഷു ഇന്ന് സമരാത്ര ദിനമായ മാര്‍ച്ച 21 ന് അല്ല. ഏപ്രില്‍ 14 നോ 15 നോ ആണ്.  മകര സംക്രാന്തി  ഡിസംബര്‍ 21നുമല്ല. അതിന് കാരണമെന്താണ്. ഇതെല്ലാം നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങിവെച്ച ആചാരങ്ങളാണ്.  ജ്യോതിശാസ്ത്രപരമായ അതിന്റെ പ്രസക്തി ഇന്ന് നഷ്ടമായി. കാരണം അക്കാലത്ത് അറിയാതിരുന്ന ഒരു വ്യത്യാസം , കാലവ്യത്യാസത്തെ അടിസ്ഥാനമായുള്ള വര്‍ഷവും നക്ഷത്രങ്ങളെ അടിസ്ഥാനമാക്കിയുള്ള വര്‍ഷവും തമ്മില്‍ ചെറിയ ഒരു വ്യത്യാസമുണ്ട്.  കാലാവസ്ഥ വര്‍ഷം 20.4 മിനിറ്റ്  വീതം ഓരോ വര്‍ഷവും മുമ്പേ വരും. അതെന്തുകൊണ്ടാണ്?

ഭൂമിയുടെ സ്വയം ഭ്രമണവും സൂര്യന് ചുറ്റുമുള്ള പ്രദക്ഷിണവുമാണ് ഏവര്‍ക്കും പരിചയമുള്ള ഭൂമിയുടെ ചലനങ്ങള്‍. എന്നാല്‍ മൂന്നാമതൊരു ചലനമുണ്ട്. ഭൂമിയുടെ അച്ചുതണ്ടിന്സംഭവിക്കുന്ന  ചുറ്റല്‍ ആണത്. കറങ്ങുന്ന പമ്പരത്തിന് സംഭവിക്കുന്നപോലൊന്ന്. 26000 വര്‍ഷം കൊണ്ട് അട് ഒരു വട്ടം പൂര്‍ത്തിയാക്കും. അപ്പോള്‍ 13000 വര്‍ഷം കഴിയുമ്പോള്‍ ഭൂമിയുടെ അച്ചു തണ്ടിന്റെ ചരിവ് നേരെ എതിര്‍ ദിശയിലാകും. അതിനനുസരിച്ച് കാലം മാറുന്നകാലയളവും വ്യത്യാസപ്പെടും. 72 വര്‍ഷം കൂടുമ്പോള്‍ ഒരു ദിവസം എന്ന കണക്കില്‍. ഏകദേശം 1700 വര്‍ഷം മുമ്പ് വസന്തവിഷുവം  മേടം നക്ഷത്ര രാശി തുടങ്ങുന്ന ബിന്ദുവില്‍ സൂര്യന്‍ വരുന്ന ദിവസമായിരുന്നു. എന്നാലിത് അതിനേക്കാള്‍ 24 ദിവസം മുമ്പേ ആയി . 

വര്‍ഷം, വര്‍ഷാരംഭം ഇവ കണക്കാക്കുന്നതിനെ കുറിച്ച് പറഞ്ഞു. ഇനി നമുക്ക് മാസത്തിന്റെ അടിസ്ഥാനം നോക്കാം. മാസം ചന്ദ്രനുമായി ബന്ധപ്പെട്ടതെന്ന്  പേരില്‍ തന്നെ സൂചനയുണ്ട്.

മാസം

ചന്ദ്രന്റെ വൃദ്ധിക്ഷയത്തിനു വേണ്ട കാലയളവാണ് (  29.5 ദിവസം ) മാസമായി എല്ലാ സംസ്കാരത്തിലും കണക്കാക്കാന്‍ തുടങ്ങിയത്. ചിലര്‍ അമാവസി മുതല്‍, മറ്റു ചിലര്‍ പൗര്‍ണ്ണമി മുതല്‍, വേറെ ചിലര്‍ ചന്ദ്രക്കല ആദ്യമായി ദര്‍ശിക്കുന്നതുമുതല്‍. പല ആചാരങ്ങളും അതിന്റെ യടിസ്ഥാനത്തിലാണ് നിശ്ചയിച്ചിരുന്നത്. വര്‍ഷത്തേക്കാള്‍ മുമ്പേ മാസം കണക്കാക്കി തുടങ്ങിയിരുന്നു എന്നും സൂചനകളുണ്ട്.  ഒരുവര്‍ഷം അപ്പോള്‍ 12 മാസങ്ങള്‍ എന്ന്  സുമേരിയക്കാര്‍ കണക്കാക്കിയിരുന്നു. 12 എന്ന സംഖ്യ 2,3,4,6 എന്നിങ്ങനെ വിവിധ സംഖ്യകള്‍ ആയി ഭാഗിക്കാമെന്നതുകൂടിയായപ്പോള്‍ 12 നും 60 നും   അവര്‍ ദൈവികത കല്‍പിച്ചു. എന്നാല്‍  വര്‍ഷം 365 ദിവസമെന്നും മാസം 29.52   കൃത്യമായി കണക്കാക്കിയപ്പോള്‍ 12 മാസം ഒരു വര്‍ഷം ശരിയാകാതായി. അതിനാല്‍ ചിലര്‍  ഇടവര്‍ഷങ്ങില്‍ ഒരു മാസം അധികമായി എടുത്ത് കാലവുമായി കലണ്ടറിനെ ബന്ധിപ്പിച്ചു. ‍ എന്നാല്‍ കലണ്ടറില്‍ വര്‍ഷവും മാസവും ബന്ധപ്പെടുത്താനായി മാസം 29, 30 എന്നത് മാറ്റി 30, 31 ദിവസങ്ങളാക്കി വര്‍ഷവുമായി പൊരുത്തപ്പെടുത്തി. എന്നമരുപ്രദേശമായതിനാല്‍  അറബികള്‍  യാത്രക്ക് സഹായിക്കുന്ന ചന്ദ്രനുമായി ബന്ധപ്പെടുത്തിയാണ് ആചാരങ്ങളെല്ലാം ഉണ്ടായിരുന്നത്. കൃഷി പ്രധാനമല്ലാത്തതിനാല്‍ കാലാവസ്ഥയിലെ മാറ്റം ദൈനംദിനജീവിതത്തില്‍ അത്ര പ്രസക്തവുമല്ല. അതിനാല്‍ അവരുടെ കലണ്ടര്‍ മാസം 29.-30 ദിവസം െന്ന നില തുടര്‍ന്നു. വര്‍ം 12 ചാന്ദ്രമാസം ചേര്‍ന്ന 354-355 ദിവസമായി. അതിനാലാണ് റംസാനും ബക്രീദുമെല്ലാം ഓരോ വര്‍ഷവും 11 ദിവസം നേരത്തെ വരുന്നത്.

സൂമേരിയക്കാരാണ്  സൂര്യ ചന്ദ്രന്‍മാരുടെയും ഗ്രഹങ്ങളുടെയും സഞ്ചാരപാതയായ ക്രാന്തിവൃത്തത്തെ 30 ഡിഗ്രി വീതമുള്ള 12 തുല്യഭാഗങ്ങളായി ഭാഗിച്ച്  അതിലെ പ്രധാന നക്ഷത്ര കൂട്ടങ്ങളുടെ രൂപത്തെ അടിസ്ഥാനമാക്കി പേരുവിളിച്ചു തടുങ്ങിയത്. അതാണ് രാശികള്‍. ഗ്രീക്കുകാര്‍ മുഖേന അത് ഇന്ത്യയിലും പ്രചാരമായി. മേടം മുതല്‍ മീനം വരെയുള്ള ഈ 12 രാശിയെ അടിസ്ഥാനമാക്കിയാണ് മലയാളമാസങ്ങള്‍ ഉള്ളത്. ഓരോ മാസത്തിലെയും ദിവസം നിശ്ചയിച്ചിരിക്കുന്നത്  ഈ മുപ്പത് ഡിഗ്രി താണ്ടാന്‍ സൂര്യന്‍ എത്രദിവസം എടുക്കുന്നു എന്ന് നോക്കിയാണ്. മിക്കവാറും മാസങ്ങള്‍ 30, 31 ആണ്. എന്നാല്‍ ധനു 29 ഉം മിഥുനം 32 ഉം ആണ്.  അതിന്റെ കാരണം ഇപ്പോള്‍ നമുക്കറിയാം. ഭൂമി സൂര്യനെ ചുറ്റുന്നത് ദീര്‍ഘവൃത്താകൃതിയായ പാതയിലാണ്. അതിന്റെ ഒരു ഫോക്കസിലാണ് സൂര്യനുള്ളത്. അപ്പോള്‍ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം എല്ലായ്പോഴും ഒന്നല്ല. കെപ്ളററുടെ ഗ്രഹചലന നിയമം അനുസരിച്ച്  ഭൂമി സൂര്യനോടടുക്കുമ്പോള്‍ വേഗത കൂടും അകലെയാവുമ്പോള്‍ വേഗത കുറയും. ഭമി സൂര്യനോട് എറ്റവും അടുത്തു വരുന്നത് ജനുവരി 4 നാണ്. അതിനാല്‍ അതുള്‍കൊള്ളുന്ന ധനുമാസത്തില്‍ സൂര്യന്‍ വേഗതയില്‍ സഞ്ചിക്കുന്നതായാണ് നമുക്ക് അനുഭവപ്പെടുക. അതായത് 30 ഡിഗ്രി മറികടക്കാന്‍ സാധാരണയില്‍ കുറഞ്ഞ സമയം മതി. അതേ സമയം ഏറ്റവും ആകലെ വരുന്ന മിഥുനമാസത്തില്‍ സാധാരണയില്‍ കവിഞ്ഞ സമയം വേണം.

എന്നാല്‍ നമ്മള്‍ ദൈനംദിനകാര്യങ്ങള്‍ക്കാശ്രയിക്കുന്ന ആധുനിക കലണ്ടറിന്  മറ്റൊരു ചരിത്രമാണുള്ളത്. റോമാ സാമ്ര്യാജ്യം ഉപയോഗിച്ചിരുന്ന കലണ്ടറിന്റെ തുടര്‍ച്ചയാണത്. ആധുനികകലണ്ടര്‍ പ്രാചീന റോമക്കാരുപയോഗിച്ചിരുന്നത് പലഘട്ടമായി പരിഷ്കരിച്ചതാണ്. മഞ്ഞ് കാലം വിശ്രമകാലമായതിനാല്‍  അത് കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. അത് കഴിഞ്ഞ് സൈനിക നീക്കങ്ങള്‍ ആരംഭിക്കുന്ന മാസമാണ് യുദ്ധദേവനായ ചൊവ്വയുടെ പേരില്‍ ആദ്യമാസമായ മാര്‍ഷ്യസ് ആയത്.  ബാക്കി 304 ദിവസം  ചന്ദ്രനെ അടിസ്ഥാനമാക്കിയ 10 മാസങ്ങള്‍ . അമാവസി മുതല്‍ അര്‍ധചന്ദ്രന്‍ വരെയുള്ള 8 ദിവസം കാലിണ്ട്  എന്നറിയപ്പെട്ടു. ഒമ്പതാം ദിവസം മുതല്‍ പൗര്‍ണ്ണമിവരെ  നണ്‍സ്. പിന്നീടുള്ളവ ഐഡ്സും. കാലണ്ട് എന്ന വാക്കില്‍ നിന്നാണ് കലണ്ടര്‍ വന്നത്.  ആദ്യ നാലുമാസം ദേവതകളുടെ പേരും പിന്നീടുള്ളവ അത് എത്രാമത്തെ മാസവും എന്നതിനനുസരിച്ചായിരുന്നു പേര്. പിന്നീട് ജൂലിയസ് സീസര്‍  കലണ്ടര്‍ പരിഷ്കരിച്ച്  മഞ്ഞ് കാലത്തെ കൂടി ഉള്‍ച്ചേര്‍ത്ത് ‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ അടക്കം 12 മാസമാക്കി. ഒരുവര്‍ഷം 365.25 ആയി കണക്കാക്കാന്‍ നാലുവര്‍ഷം കൂടുമ്പോള്‍ ലീപ് ഇയര്‍ എന്ന ആശയവും അപ്പോഴാണ് വന്നത്.  ആദ്യം 355 ഉം 377-378 ദിവസവുമുള്ള വര്‍ഷങ്ങളായിരുന്നു. പിന്നീട് മാസം 31-30 എന്ന നിലയില്‍ പരിഷ്കരിച്ചു. ഏഴാം മാസം ക്വിന്റിലിസ് ജൂലിയസിന്റെ സ്മരണക്ക് ജൂലായ് ആക്കി. തുടര്‍ന്ന് വന്ന അഗസ്റ്റസ് സീസര്‍ സെക്സ്റ്റയില്‍സിനെ ആഗസ്റ്റും ആക്കി മാറ്റി. കൂടാതെ ഈ രണ്ടു ദിവസവും 31 വീതവും. അപ്പോള്‍ കുറവ് വരുത്തിയത് ഫെബ്രുവരിയിലാണ്. അതൊടെ ആ മാസം സാധാരണ 28 ഉം ലീപ് ഇയറില്‍ 29 ഉം ആയി. അതും പിന്നീട് 1582 ല്‍ പരിഷ്കരിച്ചതാണ് ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടര്‍. വര്‍ഷം 365.2425 ആകും വിധം നൂറ്റാണ്ടുകളെ ലീപ് ഇയറില്‍ നിന്ന് ഒഴിവാക്കിയും എന്നാല്‍ 400-൦ം വര്‍ഷങ്ങളെ ലീപ്ഇയര്‍ ആയി നിലനിര്‍ത്തിയുമാണിത് സാധ്യമാക്കിയത്. 

ഗ്രിഗോറിയന്‍ കലണ്ടര്‍ കാലാവസ്ഥയെ അടിസ്ഥാനമാക്കിയ  കാലഗണനക്ക്   മിക്കവാരും  അനുയോജ്യമാണ്. എന്നാല്‍ ഒരു സൂര്യന്റെ അയനചലനമൊഴിച്ച് ഒരു ജ്യോതിശാസ്ത്ര പ്രതിഭാസവുമായി അത് ബന്ധപ്പെട്ടിരിക്കുന്നില്ല.

ആഴ്ച

ആഴ്ചയാണ് അടുത്തത്. മാസം സാമാന്യം ദീര്‍ഘമായ ഇടവേളയായയതിനാല്‍ അതില്‍ താഴെയുള്ള ഒരുയൂണീറ്റ് എന്ന നിലയിലാണ് ആഴ്ചയുടെ പ്രാധാന്യം. സുമേറിയക്കാരാണ്  മാസത്തിന്റെ നാലിലൊന്നിനോട് ഏകദേശം അടുത്തു നില്ക്കുന്ന ഏഴ് ദിനങ്ങളെ ഒരുയൂണീറ്റായി പരിഗണിച്ചുതുടങ്ങിയത്.  ഓരോ ദിവസത്തെയും ആകാശത്തെ ഒരുഗ്രഹവുമായി ബന്ധപ്പെടുത്തി. ഇവിടെ സൂര്യനെയും ചന്ദ്രനെയും നക്ഷത്ര മണ്ഡലത്തിലൂടെ സഞ്ചരിക്കുന്നതെന്നയര്‍ത്തത്തില്‍ ഗ്രഹമായാണ് പരിഗണിച്ചിരുന്നത്. ജൂതന്‍മാരും ഏഴുദിവസമുള്ള ആഴ്ച ആചരിച്ചുതുടങ്ങി. എന്നാല്‍ പേരുകള്‍ ഇതായിരുന്നില്ല. പിന്നീട് ഗ്രീക്കുകാരും ഭാരതീയരുമെല്ലാം ആഴ്ചയും ഗ്രഹങ്ങളെചൊല്ലിയുള്ള പേരും സ്വീകരിച്ചു.ആഴ്ചയില്‍ ഒരു ദിവസം എല്ലായിടത്തും അവധിയാണെങ്കിലും അത് ഒരുപോലെയല്ല.  ചിലയിടങ്ങളില്‍ ഞായറും മറ്റു ചിലയിടങ്ങളില്‍ ശനിയും ഇനിയും ചിലയിടത്ത് വെള്ളിയുമാണ്. ആഴ്ചയുടെ തുടക്കദിവസവും വെവ്വേറെയാണ്. ആഴ്ചകളുടെ ക്രമം ശനിമുതല്‍ ചന്ദ്രന്‍വരെ വേഗതയുടെ ക്രമത്തില്‍ ദിലവസത്തിലെ ഓരോ മണിക്കൂറിനെയും ബന്ധപ്പെടുത്തി അടുത്ത ദിവസം ആരംഭിക്കുന്ന മണിക്കൂര്‍ ഏത് ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കിയാണ്.

ദിവസം

ദിവസം നമുക്കിപ്പോള്‍ 24മണിക്കൂര്‍ ആണ്. എന്നാല്‍ അതിന്റെ കണക്കാക്കലും അത്ര സുഗമമായിരുന്നില്ല. കാരണം രാവിന്റെയും പകലിന്റെയും  ദൈര്‍ഘ്യം എല്ലായ്പോഴും ഒരുപോലെയല്ലാത്തതിനാല്‍  സൂര്യോദയം മുതല്‍ അടുത്ത സൂര്യോദയം വരെഎല്ലായ്പോഴും ഒരുപോലെയല്ല. നട്ടുച്ച മുതല്‍ എടുത്താല്‍ രാവും പകലും ചേര്‍ന്നസമയും മിക്കവാറു ഒരുപോലെയാകും. എന്നാല്‍ പകലിന്റെ പകുതിവെച്ച് ദിവസം ആരംഭിക്കുന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണ്.  നക്ഷത്രത്തെ അടിസ്ഥാനമാക്കിയലോ , സൗരദിനത്തേക്കാള്‍ നാലുമിനിറ്റ് കുറവാണത്. (ഭൂമിയുടെ സ്വയം ഭ്രമണ സമയം 23 മണിക്കൂര്‍ 56 മിനിറ്റാണ്). അതിനാലാണ് അര്‍ധരാത്രി മുതല്‍ ദിവസംതുടങ്ങുന്ന രീതി വന്നത്. 

 ഇപ്പോള്‍ നമ്മള്‍ അക്കങ്ങള്‍ ഉപയോഗിച്ചാണ് ദിവസത്തിന് പേര് നല്കുന്നതെങ്കിലും മുമ്പ് ഭാരതത്തില്‍ അതായിരുന്നില്ല രീതി. ഇപ്പോഴും‍ ആചാരങ്ങള്‍ക്കെല്ലാം ഉപയോഗിക്കുന്ന തിഥിയും നക്ഷത്രവുമാണത്. 

ചന്ദ്രന്റെ രൂപം ആര്‍ക്കും എളുപ്പം തിരിച്ചറിയാവുന്നതാണ്. എന്നാല്‍ ദിവസത്തിനു ചേരും വിധം അത് എങ്ങിനെ ഉപയോഗപ്പെടുത്തും. അതിന്റെ വൃദ്ധിക്ഷയം പൂര്‍ത്തിയാക്കുന്നത്  29.52 ദിവസം കൊണ്ടാണല്ലോ.അത്രയും ദിവസം കൊണ്ട് ചന്ദ്രന്‍ സൂര്യനെ അപേക്ഷിച്ച് 360 ഡിഗ്രി കറങ്ങി പൂര്‍ത്തിയാക്കും. അതിന്റെ അടുത്ത പൂര്‍ണ്ണസംഖ്യായായ 30 എടുത്തു 360 നെ ഹരിച്ചാല്‍ ഒരു ദിവസം സൂര്യനെ അപേക്ഷിച്ചുണ്ടാകുന്ന മാറ്റം ഏകദേശമായിരിക്കും. അതായത് തിഥി  എന്നാല്‍ സൂര്യനില്‍ നിന്ന് ചന്ദ്രന് ആകാശത്ത് 12 ഡിഗ്രി മാറാന്‍ വേണ്ടി വരുന്ന സയമാണ്. ഇത് ഒരു ദിവസത്തേക്കാള്‍ ശരാശരിയില്‍ അല്പം കുറവാണ്.  എന്നാല്‍ ചന്ദ്രന്റെ വേഗത എല്ലായ്പോഴും ഒരുപോലെ അല്ലാത്തതിനാല്‍ 19 മുതല്‍ 26 മണിക്കൂര്‍വരെ തിഥിയുടെ സമയം മാറാറുണ്ട്. കറുത്ത വാവ് മുതല്‍ ആദ്യ 12 ഡിഗ്രി പ്രതിപഥം, അടുത്ത 12 ഡിഗ്രി ദ്വതീയ, പിന്നെ തൃതീയ എന്നിങ്ങനെ പൗര്‍ണ്ണമിവരെ 15 ഉം പിന്നെ വീണ്ടും കറുത്തപക്ഷത്തില്‍ ഇതേ പോലെ പ്രതിപഥം മുതല്‍ അമാവാസിവരെ 15 ഉം ആണ് തിഥികള്‍.തിഥി ആരംഭിക്കുന്നത്  സൂര്യോദയം മുതലോ ഇന്നത്തെ കണക്കനുസരിച്ചുള്ള ദിവസാരംഭം മുതലോ‍ ആകണമെന്നില്ല.

നക്ഷത്രം അഥവാ നാള്‍ ആണ് അടുത്തത്. സമീപ കാലം വരെ പിറന്നാളും മറ്റും ആചരിച്ചിരുന്നത് നക്ഷത്രം നോക്കിയാണ്. ഇന്നും പലരും അത് പിന്തുടരുന്നുണ്ട്.

ചന്ദ്രന്‍ ഭൂമിയെ ചുറ്റാന്‍ വേണ്ട സമയം 27.3 ദിവസമാണ്. അതിനാല്‍ നക്ഷത്രത്തെ ആധാരമാക്കി ചന്ദ്രന്റെ ആകാശ ചലനം ശ്രദ്ധിച്ചാല്‍ അതിന് അത്രയും ദിവസമാണ് വേണ്ടി വരിക. ഇക്കാര്യം പണ്ടുള്ളവര്‍ മനസ്സിലാക്കിയിരുന്നു. അതിനാല്‍ ദിവസം കണക്കാക്കാന്‍ ചന്ദ്രന്‍ ഏത് നക്ഷത്രത്തിന് സമീപം എന്ന് തിരിച്ചറിഞ്ഞാല്‍ മതി.  അതിനായി ക്രാന്തിവൃത്തത്തെ 27 ഭാഗമാക്കി ആ ഭാഗത്തെ നക്ഷത്രത്തിന്റെ പേരില്‍ അവിടം വിളിക്കുന്നു. അതായത് അശ്വതി എന്ന ചാന്ദ്ര രാശി കുതിരത്തലപോല തോന്നുന്ന  നക്ഷത്രങ്ങള്‍ ഉള്ള 13 ഡിഗ്രി 20 മിനിറ്റ് ആണ്. ഈ വിധം ഓരോ ചാന്ദ്ര രാശിയെയും പേരിട്ടതാണ് നക്ഷത്രങ്ങള്‍. ചന്ദ്രന്‍ ആ രാശിയില്‍ എത്തുമ്പോള്‍ അന്നത്തെ നക്ഷത്രം അതായി പറയുന്നു. ഒരു ചാന്ദ്ര രാശിയില്‍ സൂര്യന്‍ 13-14 ദിവസമാണ് ഉണ്ടാവുക. ആ കാലയളവാണ്  ഞാറ്റുവേല.

കലണ്ട‍റിന്റെ കാലസങ്കല്‍പങ്ങളെല്ലാം രൂപപ്പെട്ടത്  ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ അവയെല്ലാം നമ്മുടെ സൗകര്യത്തിനനുസൃതമായി മാറ്റി തീര്‍ത്താണ് നാമിന്ന് ഉപയോഗിക്കുന്നത്.

6 Comments.

Leave a Reply to Sathianathank Cancel reply

Your email address will not be published. Required fields are marked *