ജീവന്റെ വൃക്ഷം

മൂന്നു വെബ്സൈറ്റുകൾ പരിചയപ്പെടാം

ഭൂമിയിലെ ജീവനെ മൊത്തം എടുത്താൽ, അതിന്റെ പരിണാമ ചരിത്രത്തെ വലിയൊരു മരമായി കണക്കാക്കാം. അനേകം ശാഖകൾ ഉള്ള ഒരു മരം. ഓരോ ശാഖയും ഓരോ വർഗ്ഗത്തിലേക്കു പോകുന്നു. ഇന്നുള്ള ജീവികൾ ഈ ശാഖയുടെ തുമ്പിൽ ഉള്ളവയാണ്. ശാഖയുടെ തുമ്പിൽ നിന്നും പിറകോട്ടുപോയാൽ രണ്ടു ശാഖകൾ കൂട്ടിമുട്ടുന്ന സ്ഥാനത്ത് എത്തും. ഇതാണ് ഇന്നുള്ള രണ്ടു ജീവികളുടെ പൊതു പൂർവ്വിക/ൻ. എന്നുവച്ചാൽ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു ജീവിയിൽ നിന്നുമല്ല മറ്റുള്ള ഏതെങ്കിലും ജീവികൾ പരിണമിച്ചുവന്നത്. ഇന്നുള്ള രണ്ടു ജീവികൾക്ക് പൊതുവായ ഒരു പൂർവ്വിക/ൻ ഉണ്ട് എന്നതാണ് ശരി. ഇന്നുള്ള കുരങ്ങന്മാരും മനുഷ്യരും സഹോദരീസഹോദരന്മാരാണ്. അവർക്ക് പൊതുവായ പൂർവ്വികനാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് ജീവവൃക്ഷക്കെക്കുറിച്ച് ലൂക്കയിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

1.ജീവന്റെ വൃക്ഷം – ഇന്ററാക്ടീവ് വെബ്സൈറ്റ്

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കാണിക്കുന്ന ഒരു ജീവവൃക്ഷം പരിചയപ്പെടാം. 

ഈ ചിത്രം നോക്കൂ…ഓരോ ഇലയും ഓരോ സ്പീഷിസിനെ സൂചിപ്പിക്കുന്നു. കോടിക്കണക്കിന് വർഷങ്ങൾക്കൊണ്ട്  പൊതുപൂർവ്വികരിൽ നിന്ന് വൈവിധ്യമാർന്ന ജീവിവർഗ്ഗങ്ങൾ എങ്ങനെ പരിണമിച്ചുവെന്ന് ശാഖകൾ കാണിക്കുന്നു. ഈ ഇന്ററാക്ടീവ് ജീവ വൃക്ഷത്തിൽ  വലുതാക്കി വലുതാക്കി  2,235,076 സ്പീഷീസുകളെ കണ്ടെത്താനാകും..  അവതമ്മിലുള്ള തമ്മിലുള്ള ബന്ധം മനസ്സിലാക്കാനാകും.  105,405 ചിത്രങ്ങൾ ജീവവൃക്ഷത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.  വെബ്സൈറ്റ് സന്ദർശിക്കൂ… (https://www.onezoom.org/) ജീവവൃക്ഷത്തിലൂടെ Zoom ചെയ്ത് സഞ്ചരിക്കൂ…..

ചിത്രത്തിൽ A, B, C എന്ന മൂന്നു വർഗ്ഗങ്ങളെ കാണിച്ചിരിക്കുന്നു. ഒരു ജീവിവർഗ്ഗം മറ്റൊന്നാകുമ്പോൾ പരിണാമപാതയിൽ പുതിയ ഒരു ശാഖ ഉണ്ടാകുന്നു. ചിത്രത്തിൽ കാണിച്ചതുപോലെ വിവിധ രീതികളിൽ ശാഖകൾ വരയ്ക്കാം. രണ്ടു പാതകൾ കൂട്ടിമുട്ടുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്ന ജീവികളാണ് പൊതുപൂർവ്വികർ. എല്ലാ ജീവികളും എപ്പോഴും പരിണമിക്കുന്നതിനാൽ പൊതുപൂർവ്വികർ എവിടെപ്പോയി എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. അവർ പരിണമിച്ചുപോയി. അവരെ കാണാൻ സമയത്തിൽ പുറകോട്ടു സഞ്ചരിക്കേണ്ടിവരും.

2.ഏതു രണ്ടു ജീവികൾക്കും ഒരു പൊതുപൂർവ്വികനെ കണ്ടെത്താം

ഏതു രണ്ടു ജീവികൾക്കും ഒരു പൊതുപൂർവ്വികനെ കണ്ടെത്താം. ഉദാഹരണത്തിന് മനുഷ്യനും ചിമ്പാൻസിക്കും അല്ലെങ്കിൽ മനുഷ്യനും ഈച്ചയ്ക്കും പൊതുവായ പൂർവ്വികൻ ഉണ്ടായിരുന്നു. മനുഷ്യന്റെയും ചിമ്പാൻസിയുടെയും പൂർവ്വികരായ ആൾക്കുരങ്ങുകൾ 70 ലക്ഷം വർഷങ്ങൾ മുൻപായിരുന്നു ജീവിച്ചിരുന്നതെങ്കിൽ ഈച്ചയുമായുള്ള പൂർവ്വികർ 79 കോടി വർഷങ്ങൾക്കു മുൻപായിരുന്നു ജീവിച്ചിരുന്നത്. ഇവ സ്പോഞ്ചുകൾ (Sponges) പോലെയുള്ള ബഹുകോശജീവികളാ യിരുന്നു. അവയിൽനിന്നും വിരകളും (Nematodes) കീടങ്ങളും പിന്നീട് ഈച്ചകളും ഉണ്ടായി. അതുപോലെ മറ്റൊരു ശാഖയിൽ മത്സ്യങ്ങളും ഉരഗങ്ങളും സസ്തനികളും ഉണ്ടായി. അതിൽ ഒരു ശാഖയിലാണ് മനുഷ്യനും ഉണ്ടായത്. എന്നുവച്ചാൽ മനുഷ്യന്റെയും ഈച്ചയുടെയും പൂർവ്വികർ ഒരു ‘ഈച്ചമനുഷ്യൻ’ അല്ലായിരുന്നു, മറിച്ച് സ്പോഞ്ചുകൾ പോലെയുള്ള ബഹുകോശജീവികളായിരുന്നു. അതുപോലെ, ഒരു ഉദാഹരണത്തിന്, തവളയുടെയും കുരങ്ങന്റെയും പൊതുപൂർവ്വികൻ ഒരു തവളക്കുരങ്ങൻ’ ആയിരിക്കില്ല. രണ്ടു ജീവികളുടെ പൊതുപൂർവ്വികർ എപ്പോൾ ജീവിച്ചിരുന്നു എന്ന് കണ്ടുപിടിക്കാൻ http://timetree.org/ എന്ന വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്. 

ഉദാഹരണത്തിന് നെൽച്ചെടിയും മനുഷ്യനുമായുള്ള പൊതുപൂർവ്വികർ ജീവിച്ചിരുന്നത് എന്നാണെന്ന് ഈ വെബ്സൈറ്റിൽ നിന്ന് കണ്ടുപിടിച്ചു നോക്കൂ. ഒരു വർഗ്ഗത്തിൽനിന്നും മറ്റൊന്ന് ഉണ്ടാകുമ്പോൾ പരിണാമപാത ശാഖ പോലെ വേർപിരിയുന്നു. ഇത് കരയിലെ ജീവികളുടെ അതിലളിതമായ ഫൈലോജനിറ്റിക്ക് ഡയഗ്രമാണ്. ഇതിലെ ഓരോ ശാഖയിലും നൂറുകണക്കിന് ശാഖകളും അത്രതന്നെ ഉപശാഖകളും ഉണ്ട്. അവയൊന്നും ഇവിടെ കാണിച്ചിട്ടില്ല.

ഒരു മരത്തിന്റെ ശാഖകൾ പോലെയുള്ള ജീവിവർഗ്ഗ ങ്ങളുടെ ബന്ധത്തെ ജീവന്റെ മരം (Tree of life), ഫൈലോജെനിറ്റിക് ഡയഗ്രം (Phylogenetic diagram) അല്ലെങ്കിൽ ക്ലാഡോഗ്രം (Cladogram) എന്നാണ് വിളിക്കുന്നത്. ജീവികളുടെ ആകൃതിയും സവിശേഷതകളും നോക്കി അവയുടെ ബന്ധത്തെ കാണിക്കുന്ന ക്ലാഡോഗം ഉണ്ടാക്കാമെന്നു കാണിച്ചത് ജർമ്മൻകാരനായ വില്ലി ഹെന്നിംഗ് ആയിരുന്നു. എന്നാൽ അത്തരം ഡയഗ്രത്തിന് അത്ര കൃത്യത ഉണ്ടാകില്ല. ഉദാഹരണത്തിന് ആകാരവും മറ്റും നോക്കിയാൽ കടലിലെ സ്രാവും ഡോൾഫിനും അടുത്ത ബന്ധുക്കളാകാം. എന്നാൽ സത്യത്തിൽ അവ വളരെ വളരെ അകന്ന ബന്ധുക്കളാണ്. ഒന്ന് മത്സ്യവും മറ്റൊന്ന് സസ്തനിയും. ഡോൾഫിന് സ്രാവുമായുള്ള ബന്ധത്തേക്കാൾ വളരെ അടുത്ത ബന്ധമാണ് മനുഷ്യനുമായുള്ളത്.

3.ഫൈലോജനിറ്റിക് ഡയഗ്രം

ജനിതകശാസ്ത്രം ഉപയോഗിച്ച് കൂടുതൽ കൃത്യമായ  വൃക്ഷത്തിന്റെ ഡയഗ്രം നമുക്ക് ലഭ്യമാണ്. ഡിഎൻഎ സീക്വൻസിങ് ഉപയോഗിച്ച് ലഭിച്ച ബാക്റ്റീരിയ, ആർക്കിയ, യൂകാരിയോട്ടിക് ജീവികൾ എന്നിവ ഉൾപ്പെടുന്ന 191 ജീവിവർഗ്ഗങ്ങളുടെ ഫൈലോഞ്ജനിറ്റിക് ഡയഗ്രമാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. 

വിവിധ ജീവികളുടെ ജീനുകൾ പരിശോധിച്ചുണ്ടാക്കിയ ഡയഗ്രം. ജീവികളുടെ ചരിത്രം ഒരു പൊതുപൂർവ്വികനിലേക്ക് നീളുന്നത് ഇതിൽ കാണുവാൻ സാധിക്കും.

ഒരു പൊതു പൂർവ്വികനിൽനിന്നും (ലൂക്ക എന്ന ഏകകോശജീവികളിൽനിന്നും ഈ ജീവികളെല്ലാം ഉത്ഭവിച്ചുവെന്നാണ് ഈ ഡയഗ്രം കാണിക്കുന്നത്. ഇവിടെ കാണിച്ച ഫൈലോജെനിറ്റിക് ഡയഗ്രത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ https://itol.embl.de/ എന്ന വെബ്സൈറ്റ് കാണുക.


കുറിപ്പിന് കടപ്പാട് : ദിലീപ് മാമ്പള്ളിൽ എഴുതിയ പരിണാമം തന്മാത്രകളിൽ നിന്നും ജീവികളിലേക്ക് എന്ന പുസ്തകം

2 Comments.

Leave a Reply

Your email address will not be published. Required fields are marked *