പരിണാമവും നഷ്ടപ്പെട്ട കണ്ണിയും

മനുഷ്യന്റെ ഉല്‍പ്പത്തി
പ്രൊഫ.എം.ശിവശങ്കരന്‍
വില: 225 രൂപ

പ്രസിദ്ധീകരണം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത്


പുരാനരവംശ ശാസ്‌ത്രത്തെ ഗൗരവമായി സമീപിക്കുന്ന മലയാളി വായനക്കാരന്‌ ഒഴിച്ചുകൂടാനാവാത്ത പാഠപുസ്‌തകമാണ്‌ പ്രൊഫ. എം ശിവശങ്കരന്‍ രചിച്ച `മനുഷ്യന്റെ ഉല്‍പ്പത്തി’. മനുഷ്യപരിണാമത്തെ വിശദീകരിക്കുന്ന പല ഗ്രന്ഥങ്ങളും മലയാളത്തിലുണ്ടായിട്ടുണ്ടെങ്കിലും ഇത്രയും സമഗ്രമായും ആധികാരികമായും മനുഷ്യപരിണാമഘട്ടങ്ങളെ വിശകലനം ചെയ്യുന്ന മറ്റൊരു മലയാള ഗ്രന്ഥമില്ല. ആധുനിക ശാസ്‌ത്ര പാഠപുസ്‌തകങ്ങളുടെ പാരമ്പര്യ ശൈലിയില്‍, പുതിയ വിവരങ്ങളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ വേണ്ട കൂട്ടിച്ചേര്‍ക്കലുകളും പൊളിച്ചെഴുത്തുകളും നടത്തിക്കൊണ്ട്‌ പൂര്‍ണമായും നവീകരിച്ച മൂന്നാം പതിപ്പാണ്‌ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നത്‌.

പ്രമുഖ ജീവശാസ്‌ത്രജ്ഞനായ പ്രൊഫ. റിച്ചാര്‍ഡ്‌ ഡോക്കിന്‍സ്‌ അഭിപ്രായപ്പെട്ടിരിക്കുന്നത്‌ ഫോസില്‍ തെളിവുകളൊന്നും അവലംബിക്കാതെതന്നെ ആധുനികശാസ്‌ത്ര സങ്കേതങ്ങളുപയോഗിച്ച്‌ സ്ഥിരീകരിക്കപ്പെട്ടതാണ്‌ പരിണാമസിദ്ധാന്തം എന്നാണ്‌. എന്നിട്ടും ഫോസില്‍ ലഭ്യതയിലെ ചില `വിടവുകള്‍’ ചൂണ്ടിക്കാട്ടി `നഷ്‌ടപ്പെട്ട കണ്ണി’യെ കണ്ടെത്താത്തതുകൊണ്ട്‌ പരിണാമസിദ്ധാന്തത്തെ പാടെ തിരസ്‌കരിക്കുന്നവരാണ്‌ സൃഷ്‌ടിവാദികള്‍. ഇവിടെയാണ്‌ `നഷ്‌ടപ്പെട്ട കണ്ണി’ എന്ന ആശയം തന്നെ കാലഹരണപ്പെട്ടതായി മാറി എന്നു വിശദീകരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പ്രസക്തി. പരിണാമത്തെ അംഗീകരിക്കുന്നവരില്‍ പോലും നിലനില്‍ക്കുന്ന പലതെറ്റിദ്ധാരണകളെയും തിരുത്തുവാനും ഗ്രന്ഥകാരന്‌ കഴിയുന്നുണ്ട്‌. `മനുഷ്യപൂര്‍വ്വികന്‍’ ഒരു നേര്‍രേഖയിലൂടെ പുരോഗമനപരമായ പരിണാമ മാറ്റങ്ങള്‍ വഴി ആധുനിക മനുഷ്യനില്‍ എത്തുകയല്ല ഉണ്ടായത്‌. ഒരു സ്‌പീഷീസ്‌ പുതിയൊരു അനുകൂല വികിരണത്തിന്‌ വിധേയമാകുന്നു എന്ന സാമാന്യ തത്വം തന്നെയാണ്‌ മനുഷ്യപരിണാമത്തിലും സംഭവിച്ചത്‌! ഈ പ്രസ്‌താവനയെ വിശദീകരിക്കുവാനാണ്‌ പുസ്‌തകത്തിന്റെ കൂടുതല്‍ താളുകളും ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.

മനുഷ്യ പൂര്‍വികനെ തേടിയുള്ള പുരാനരവംശശാസ്‌ത്രജ്ഞരുടെ നിരന്തരയജ്ഞത്തിന്റെ ഇതുവരെയുള്ള ചിത്രമാണ്‌ ഒന്നാമധ്യായത്തില്‍ സംക്ഷിപ്‌തമായി വിവരിക്കുന്നത്‌. പിന്നീട്‌ രണ്ടുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആള്‍ക്കുരങ്ങുകളുടെയും മനുഷ്യരുടെയും പരിണാമശാഖകള്‍ വേര്‍പിരിഞ്ഞതെങ്ങനെ എന്നു വിശദീകരിക്കുന്നു. മരത്തില്‍ നിന്ന്‌ താഴെയിറങ്ങിയപ്പോള്‍ സ്വീകരിച്ച രണ്ടു കാലുകളിലെ സഞ്ചാരരീതിയും തല്‍ഫലമായി സ്വതന്ത്രമാക്കപ്പെട്ട കൈകളുടെ വിവിധോപയോഗങ്ങളുമാണ്‌ മനുഷ്യനെ മനുഷ്യനാക്കിയ അടിസ്ഥാനപരമായ അനുകൂലനങ്ങള്‍ എന്നാണ്‌ ഉല്‍പ്പത്തി എന്ന അധ്യായത്തിന്റെ രത്‌നച്ചുരുക്കം. തുടര്‍ന്ന്‌ സമീപകാലത്ത്‌ കണ്ടുപിടിക്കപ്പെട്ട ആര്‍ഡിപിത്തേക്കസ്‌ ഫോസിലുകള്‍ മനുഷ്യ പരിണാമത്തെക്കുറിച്ചുള്ള ഒട്ടേറെ ധാരണകള്‍ തിരുത്തിയതെങ്ങനെ എന്ന്‌ വിശദമാക്കുന്നു. ആസ്‌ത്രലോ പിത്തേ സീനുകളിലെയും ഹോമോ എനജനുസ്സില്‍ ഉള്‍പ്പെട്ട വിവിധ സ്‌പീഷിസുകളെ പഠന വിധേയമാക്കുകയാണ്‌ തുടര്‍ന്നുള്ള അധ്യായങ്ങളില്‍. അതിനുശേഷം ശിലായുധങ്ങളുടെ ചരിത്രം, ഭാഷയുടെ ഉല്‍പ്പത്തി എന്നീ വിഷയങ്ങളെ പരാമര്‍ശിക്കുന്നു. മനുഷ്യവര്‍ഗം ആഫ്രിക്കയില്‍ നിന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കെത്തിയതെങ്ങിനെ എന്നാണ്‌ അടുത്ത അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌. താപീയ ദീപ്‌തിയുടെ അടിസ്ഥാനത്തിലുള്ള കാലഗണനയും മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ.യുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ വംശാവലിയും നമ്മുടെ പൊതു പൂര്‍വ്വികന്‍ രണ്ടു ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു എന്ന്‌ തെളിയിക്കുന്നു. ആധുനിക മനുഷ്യന്റെ ആദ്യ ദശയിലുള്ള ഫോസിലുകളുടെ പ്രത്യേകതകള്‍ വിശകലനം ചെയ്യുകയും മസ്‌തിഷ്‌ക വികാസവും സാംസ്‌കാരിക വിസ്‌ഫോടനവും തമ്മിലുള്ള ബന്ധം ചര്‍ച്ച ചെയ്യുകയുമാണ്‌ `ആധുനിക മനുഷ്യന്‍’ എന്ന അധ്യായത്തില്‍. മനുഷ്യ പരിണാമത്തിന്റെ ഭാവിയാണ്‌ അവസാനമായി സൂചിപ്പിക്കുന്നത്‌. താരതമ്യേന പ്രായം കുറഞ്ഞതും പരിണാമത്തെത്തന്നെ നിയന്ത്രിക്കാന്‍ കഴിവു നേടിയതുമായ മനുഷ്യവര്‍ഗ്ഗം `സ്വയം കൃതാനര്‍ത്ഥം’ മൂലം കുറ്റിയറ്റു പോകുമോ എന്ന പ്രസക്തമായ ചോദ്യത്തോടെയാണ്‌ ഗ്രന്ഥാവസാനം.

Leave a Reply

Your email address will not be published. Required fields are marked *